കെ എസ് ആര്‍ ഭാഗം-1 ചട്ടം 86A,88,91,91A, Appendix XIIA, XIIB, XIIC എന്നിവയിലാണ് ശൂന്യ വേതന അവധികളെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്.
റൂള്‍ 88 ലെ ശൂന്യ വേതന അവധി
ഒരു ജീവനക്കാരന് എടുക്കാന്‍ മറ്റ് അവധികൾ ഒന്നും ഇല്ലാതിരിക്കുകയോ മറ്റ് അവധികൾ കണക്കിൽ ഉണ്ടെങ്കിലും അയാൾ രേഖാമൂലം ശൂന്യവേതന അവധിക്ക് ആവശ്യപ്പെടുമ്പോഴോ ആണ് റൂള്‍ 88 അനുസരിച്ചുള്ള ശൂന്യ വേതന അവധി അനുവദിക്കുന്നത്.ഇതനുസരിച്ച് മൂന്ന് വര്‍ഷത്തിൽ താഴെ മാത്രം സർവീസുള്ള സ്ഥിരമല്ലാത്ത ജീവനക്കാർക്ക് മൂന്ന് മാസത്തിൽ കൂടാത്ത കാലം വരെ തുടര്‍ച്ചയായി ശൂന്യ വേതന അവധി ലഭിക്കും.തുടര്‍ച്ചയായി അതിൽ കൂടുതൽ കാലം അയാൾ ശൂന്യവേതന അവധിയില്‍ തുടര്‍ന്നാൽ അയാളെ സര്‍വ്വീസിൽ നിന്നും റിമൂവ് ചെയ്യും.
ഒരു വര്‍ഷം സര്‍വ്വീസുള്ള ജീവനക്കാർക്ക് അര്‍ബുദം,മാനസികരോഗം ക്ഷയം,കുഷ്ടം എന്നീ രോഗങ്ങൾക്ക് 18 മാസം വരെ അനുവദിക്കുന്ന ശൂന്യ വേതന അവധിയേയും സസ്പെന്ഷൻ കാലയളവ് ക്രമവത്കരിക്കുന്നതിന് എടുക്കുന്ന ശൂന്യ വേതന അവധിയേയും സര്‍വ്വീസിൽ നിന്നും റിമൂവ് ചെയ്യുന്ന നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നേരത്തെ പറഞ്ഞ അസുഖങ്ങളെ തുടര്‍ന്ന് ശൂന്യ വേതന അവധിയിൽ തുടരുന്ന ജീവനക്കാർക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി എക്സ് ഗ്രേഷ്യഅലവന്‍സ് അനുവദിക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ
സ്ഥിരമല്ലാത്ത ജീവനക്കാർക്കും (റൂൾ 86 A) സ്ഥിരം ജീവനക്കാർക്കും തുടര്‍ച്ചയായി
മൂന്ന് മാസത്തിൽ കൂടുതൽ ശൂന്യ വേതന അവധി ലഭിക്കും.നാല് മാസം വരെയുള്ള ഈ ശൂന്യവേതന അവധി അനുവദിക്കുന്നത് ഓഫീസ്
മേധാവിയാണ്.എന്നാൽ 180 ദിവസം വരെയുള്ള അവധി വകുപ്പ് അധ്യക്ഷനാണ് അനുവദിക്കേണ്ടത്.ഈ അവധി കാലയളവ് 180 ദിവസത്തിൽ കൂടുകയാണെങ്കിൽ അവധി
അനുവദിക്കേണ്ടത് സർക്കാർ ആണ്.സസ്പെൻഷൻ കാലയളവ് ക്രമവത്കരിക്കുന്നതിനാണ് നാല് മാസത്തില്‍
കൂടുതൽ ശൂന്യവേതന അവധി എടുക്കുന്നതെങ്കിൽ അപ്രകാരം അവധി അനുവദിക്കുന്നതിന് ഓഫീസ് മേധാവിക്ക് കഴിയും.
ശൂന്യവേതന അവധി അനുവദിക്കുന്നത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെങ്കിൽ ആ കാലയളവ് ഇൻക്രിമെന്റിന് പരിഗണിക്കുമെന്നതിനാൽ ,മെഡിക്കൽ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ശൂന്യവേതന അവധി അനുവദിക്കുന്നതെങ്കിൽ, അവധി അനുവദിച്ചിട്ടുള്ളത് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന് സേവന പുസ്തകത്തിൽ രേഖപ്പെടുത്തണം.സേവന പുസ്തകത്തിൽ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് ഒട്ടിച്ചുവയ്ക്കുകയും വേണം.ശൂന്യവേതന അവധിയിൽ തുടര്‍ന്നതുകൊണ്ട് നിരീക്ഷണകാലം നീണ്ടാൽ അതനുസരിച്ച് സീനിയോറിറ്റി കുറയും.
റൂള്‍ 91 ലെ
ശൂന്യവേതന അവധി
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ജീവനകാര്‍ക്കും രണ്ട് വര്‍ഷമോ അതിൽ കൂടുതലോ സേവനകാലയളവുള്ള മറ്റ് ജീവനകാര്‍ക്കും ജോലിയിൽ മെച്ചം ലഭിക്കുന്നതിനായി ഉയര്‍ന്ന യോഗ്യത നേടാൻ എടുക്കുന്ന ശൂന്യ വേതന അവധിയെ കുറിച്ചാണ് റൂൾ 91 പറയുന്നത്.
റൂള്‍ 91 A ലെ
ശൂന്യവേതന അവധി
റൂള്‍ 91 A യില്‍ പറയുന്നത് അഞ്ച് വര്‍ഷമോ അതിൽ കൂടുതലോ സേവനകാലയളവുള്ള അദ്ധ്യാപകർ,എന്‍ജിനീയര്‍മാര്‍,ഡോക്ടര്‍മാർ എന്നിവര്‍ക്ക് പബ്ലിക് സർവീസിന്റെ പ്രയോജനം മുൻനിർത്തി അവരുടെ സേവന മേഖലയിലെ വിഷയങ്ങളിൽ പി.ജി കോഴ്സുകള്‍ക്ക് പോകുന്നതിന് അനുവദിക്കുന്ന ശൂന്യവേതന അവധിയെ കുറിച്ചാണ്.
അനുബന്ധം XII
A, XII B, XII C എന്നിവയിലെ ശൂന്യവേതന അവധികള്‍
ഇന്ത്യയ്ക്ക് അകത്തോ പുറത്തോ മെച്ചപ്പെട്ട ജോലി സ്വീകരിക്കുന്നതിനുള്ള അവധിയാണ് XII A യിലെ ശൂന്യ വേതന അവധി. അകലെയുള്ള ഇണയോടൊപ്പം ചേരുന്നതിന് അനുവദിക്കുന്ന ശൂന്യ വേതന അവധിയാണ് അനുബന്ധം XII C അനുസരിച്ചുള്ള അവധി.വകുപ്പ് അദ്ധ്യക്ഷനാണ് ഈ അവധികൾ അനുവദിക്കുന്നത്.സാധാരണയായി ഒരുപ്രാവശ്യം അഞ്ച് വർഷത്തേക്ക് വരെ മാത്രമാണ് ഈ അവധികൾ അനുവദിക്കുന്നത്.പലപ്പോഴായി അത് സേവന കാലയളവിൽ 20 വര്‍ഷംവരെ ദീര്‍ഘിപ്പിക്കാം.പക്ഷെ വിരമിക്കുന്നതിനു ഒരു വർഷം മുൻപ് തിരികെ സർവീസിൽ പ്രവേശിച്ചിരിക്കണം.റൂള്‍ 88,91 എന്നിവ അനുസരിച്ചുള്ള അവധിക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് പഠനത്തിനായി അനുവദിക്കുന്ന അവധിയാണ് അനുബന്ധം XII B അനുസരിച്ചുള്ള അവധി.ഇത് സര്‍ക്കാരാണ് അനുവദിക്കുന്നത്.അവധി കാലയളവ് കഴിഞ്ഞാല്‍ ഉടൻ തിരികെ ജോലിയി ൽ പ്രവേശിച്ചിരിക്കണം.
നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിക്കാതെ XII A, XII B, XII C എന്നിവയിലെ അവധിയില്‍ പോകുന്നവരുടെ പാസ്റ്റ് സര്‍വ്വീസ് നഷ്ടപ്പെടും. അവർ തിരികെ വരുമ്പോൾ പുതിയതായി ജോലിയിൽ പ്രവേശിച്ചതായി കരുതും.നിരീക്ഷണകാലം പുതിയതായി ആരംഭിക്കണം.
നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച ശേഷം XII A, XII B, XII C എന്നീ അവധികളില്‍ പോകുന്നവർക്ക് അവർ അവധിയില്‍ തുടരുന്ന കാലത്തേക്ക് ഒരുവിധ ആനുകൂല്യങ്ങളും ലഭിക്കുകയില്ല.അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലും സേവന പുസ്തകത്തിലും അവധി ഏതൊക്കെ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുകയില്ലെന്ന് രേഖപ്പെടുത്തേണ്ടതാണ്.
വിവിധതരത്തിലുള്ള ശൂന്യ വേതന അവധികൾ ഏതൊക്കെ സർവീസ് അനുകൂല്യങ്ങൾക്ക് പരിഗണിക്കും /പരിഗണിക്കുകയില്ല എന്ന് വ്യക്തമാക്കിയിട്ടുള്ള സർക്കുലറിന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു. കാണുക.
കുറിപ്പ്: സ്ഥല പരിമിതി മൂലം എല്ലാ നിബന്ധനകളും ഉൾക്കൊള്ളിക്കാൻ സാധിച്ചിട്ടില്ല.കൂടുതൽ വിശദാംശങ്ങൾക്ക് ബന്ധപ്പെട്ട ചട്ടങ്ങളും ഉത്തരവുകളും നോക്കുക.