Sunday, 4 October 2020

JOINING TIME - Rules

കെ.എസ്‌,ആർ.ഭാഗം ഒന്ന് അദ്ധ്യായം പത്തിലാണ് പ്രവേശന കാലത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. പ്രവേശന കാലം അനുവദിക്കുന്നത് ചുവടെ പറയുന്ന മൂന്ന് സാഹചര്യങ്ങളിലാണ്.

  1. ഒരു തസ്തികയിൽ ജോലി നോക്കി വരവെ പുതിയൊരു തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ; 
  2. ആർജിത അവധിയിൽ നിന്നും തിരികെ വരുമ്പോൾ പുതിയ പോസ്റ്റിൽ പ്രവേശിക്കേണ്ടി വന്നാൽ;
  3. ആർജിത അവധി ഒഴികെയുള്ള അവധിയിൽ നിന്നും തിരികെ വരുമ്പോൾ മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ  പുതിയ പോസ്റ്റിൽ പ്രവേശിക്കേണ്ടി വന്നാൽ;

പ്രവേശന കാലം സംബന്ധിച്ച പ്രധാന നിബന്ധനകൾ ചുവടെ ചേർക്കുന്നു.

  • ദൂരം എട്ട് കിലോമീറ്ററിൽ കുറവുള്ള സ്ഥലത്തേക്കാണ് സ്ഥലം മാറ്റമെങ്കിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ  ഒരു ദിവസം എടുക്കാം. ഈ ഒരു ദിവസത്തിൽ ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളും ഉൾപ്പെടും.  സ്ഥലം മാറ്റം അതേ ഓഫീസിലാണെങ്കിൽ പ്രവേശനകാലം ലഭിക്കുകയില്ല;
  • പ്രവേശന കാലത്തെ തുടർന്ന് പൊതു അവധികൾ വരികയാണെങ്കിൽ ആ അവധികളും കൂടി പ്രവേശന കാലമായി കരുതും;
  • ലീവിൽ നിൽക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവേശനകാലം, ലീവ് അനുവദിച്ച അധികാരിയുടെ അനുവാദമുണ്ടെങ്കിൽ, ലീവിനോട് സഫിക്സ് ചെയ്തിട്ടുള്ള അവധി കഴിഞ്ഞതിനു ശേഷം മുതൽ കണക്കാക്കിയാൽ മതി;
  • പ്രവേശനകാലം 30 ദിവസത്തിൽ കവിയാൻ പാടില്ല;
  • പ്രവേശനകാലം 6 ദിവസത്തെ തയ്യാറെടുപ്പു കാലവും യാത്രയ്ക്ക് അനുവദിച്ചിട്ടുള്ള സമയവും ഉൾപ്പെട്ടതാണ്;
  • തയ്യാറെടുപ്പ് കാലം കണക്കാക്കുമ്പോൾ ഞായറാഴ്ച ഒഴിവാക്കണം.മറ്റെല്ലാ അവധി/ പ്രവർത്തി ദിവസങ്ങളും ഉൾപ്പെടുത്തും;
  • സാധാരണ യാത്ര സമയം ഇനി പറയുന്ന രീതിയിലാണ് കണക്കാക്കുന്നത്;       എ) ട്രെയിൻ യാത്ര - 500 കിലോമീറ്ററിന് ഒരു ദിവസം (അതിൽ കൂടുതലുള്ള  യാത്രയ്ക്ക് യഥാർത്ഥ യാത്രാ സമയം). ബി) ബസ്സ് യാത്ര -150 കിലോമീറ്ററിന് ഒരു ദിവസം (അതിൽ കൂടുതലുള്ള യാത്രയ്ക്ക് യഥാർത്ഥ യാത്രാ സമയം) (റയിൽവേ   സ്റ്റേഷനിലേക്കും റയിൽവേ സ്റ്റേഷനിൽ നിന്നും ഉള്ള എട്ട് കിലോമീറ്ററിൽ കുറവുള്ള റോഡ് യാത്രകൾ യാത്രാ സമയത്തിൽ ഉൾപെടുത്തുകയില്ല.) സി) വിമാന യാത്ര - യഥാർത്ഥ യാത്രാ സമയം (മേൽ പറഞ്ഞ എല്ലാ യാത്രകളിലും ഒരു ദിവസത്തിൽ കുറഞ്ഞ യാത്രാ സമയം ഒരു ദിവസമായി കണക്കാക്കും);
  • യാത്രാ സമയം കണക്കാക്കുമ്പോൾ ഞായറാഴ്ച ഒഴിവാക്കണം. മറ്റെല്ലാ അവധി/പ്രവർത്തി ദിവസങ്ങളും ഉൾപ്പെടുത്തും;
  • സ്ഥലം മാറ്റം അനുവദിക്കുന്ന അധികാരിക്ക് പ്രത്യേക സാഹചര്യങ്ങളിൽ പ്രവേശനകാലം കുറയ്ക്കാൻ അധികാരമുണ്ട്;
  • വിമാന യാത്രയുടെ സംഗതിയിൽ ഒഴികെ പഴയ സ്ഥലത്തും പുതിയ സ്ഥലത്തും റെയിൽ ബന്ധം ഉണ്ടെങ്കിൽ ട്രെയിൻ യാത്രയെ അനുവദിക്കൂ.  മുറ്റു യാത്രകളിൽ സാധാരണ യാത്ര മാർഗ്‌ഗം അവലംബിക്കണം;
  • ട്രാൻസിറ്റിൽ നിൽക്കുന്ന ഒരാളെ മറ്റൊരു പുതിയ സ്ഥലത്തേക്ക് മാറ്റിയാൽ പുതിയ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച തീയതി മുതൽ അധിക യാത്ര സമയം ലഭിക്കും. ഇതേ വ്യവസ്ഥതന്നെയാണ്  ട്രാൻസിറ്റിൽ നിൽക്കുന്ന ആളുടെ സ്ഥലംമാറ്റം ക്യാൻസൽ ചെയ്താലും. തിരികെ പഴയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള സമയം പ്രവേശന കാലമായി പരിഗണിക്കും;            
  • ട്രാൻസിറ്റിൽ നിൽക്കുമ്പോൾ ലീവെടുത്താൽ ലീവ് കണക്കാക്കുന്നത് സ്ഥലം മാറ്റത്തെ തുടർന്ന് റിലീവ് ചെയ്ത ദിവസം മുതലാണ്. ലീവ് കഴിയുമ്പോൾ പ്രവേശന കാലം കണക്കാക്കി തുടങ്ങും;
  • ആർജിത അവധിയിൽ തുടരുന്ന ഒരാളെ സ്ഥലംമാറ്റിയാൽ അയാൾ ആർജിത അവധി കഴിഞ്ഞ ശേഷം പ്രവേശനകാലവും എടുത്തിട്ട് പുതിയ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. ഉദാഹരണമായി 30 ദിവസത്തെ ആർജിത അവധിയിൽ നിൽക്കുന്ന ആളെ സ്ഥലംമാറ്റിയെന്നു വിചാരിക്കുക. അയാൾക്ക് അർഹതപ്പെട്ട പ്രവേശനകാലം 8 ദിവസവുമാണെന്ന് കരുതുക. അയാൾ 38 ദിവസം കഴിഞ്ഞ് പുതിയ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. ഇയാൾ മുപ്പത്തിരണ്ടാം ദിവസം പുതിയസ്റ്റേഷനിൽ പ്രവേശിച്ചാൽ ബാക്കിയുള്ള 6 ദിവസം, പുതിയ ഓഫീസ് മേധാവിത്തന്നെ, പഴയ ഓഫീസിലായിരുന്നപ്പോൾ എടുത്ത ആർജിത അവധിയിൽ കുറവ് വരുത്തി ഉത്തരവ് നൽകണം;
  • സർക്കാരിന് ഏതു സംഗതിയിലും പ്രവേശന കാലം നീട്ടിനൽകാം;
  • പ്രവേശന കാലം ഡ്യൂട്ടി ആയിട്ടാണ് പരിഗണിക്കുന്നത്. പ്രവേശന കാലത്തെ ശമ്പളവും (ജോയിനിംഗ് ടൈം പേ) അലവൻസുകളും പഴയ  ഓഫീസിലേതു പോലെ  ലഭിക്കും. പക്ഷെ പ്രവേശനകാലത്ത് കൺവേയൻസ് അലവൻസോ സ്ഥിര യാത്ര ബത്തകളോ ലഭിക്കുകയില്ല. നഷ്‍ടപരിഹാര ബത്തകൾ  അതുപോലെ കിട്ടും;
  • സ്ഥലം മാറ്റം അപേക്ഷയെ തുടർന്നാണെങ്കിൽ യാത്രാ സമയം മാത്രമേ പ്രവേശന കാലത്തിൽ ലഭിക്കുകയുള്ളൂ;
  • പ്രവേശന കാലം കഴിഞ്ഞുള്ള ഓവർ സ്റ്റേയൽ അർഹതപ്പെട്ട അവധി അനുവദിച്ച് ക്രമവൽക്കരിക്കാം;
  • പ്രവേശന കാലം കഴിഞ്ഞിട്ടും മനപ്പൂർവം ജോലിയിൽ പ്രവേശിക്കാതിരിക്കുന്നത് പെരുമാറ്റദൂഷ്യമായി കണക്കാക്കും;
  • ട്രെയിനിങ് സ്ഥലത്തേക്കും തിരികെയും ഉള്ള യാത്രാ സമയങ്ങൾ കൂടി ട്രെയിനിങ് കാലമായി കണക്കാക്കും;
  • അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം ലഭിക്കുന്നവർക്ക് അർഹതപ്പെട്ട യാത്ര സമയം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ പൊതു സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം ജീവനക്കാരൻ സമർപ്പിക്കുന്ന ഓപ്ഷന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്ഥലം മാറ്റത്തിന് പ്രവേശന കാലം ലഭിക്കും.(നന്ദകുമാർ സി,www.lsgadministration.com).

1 comment:

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...