Thursday, 27 August 2020

INCREMENT - conditions

                 കെ. എസ്. ആര്‍. ഭാഗം ഒന്ന് - ചട്ടം - 31, 32, 33 എന്നിവയിലാണ് ഇന്‍ക്രിമെന്‍റിനെ കുറിച്ച് പ്രധാനമായും പ്രതിപാദിച്ചിട്ടുള്ളത്. ഒരു നിശ്ചിത സ്കെയിലിലെ ഒരു സ്റ്റേജായ തുക അടിസ്ഥാന ശബളം വാങ്ങിക്കൊണ്ടിരിക്കുന്ന ഒരു ജീവനക്കാരന്‍റെ അടിസ്ഥാന ശബളം അതേ സ്കെയിലിലെ തന്നെ തൊട്ടടുത്ത സ്റ്റേജിലേക്ക്, ഒരു വര്‍ഷം തികയുമ്പോൾ, വർദ്ധിപ്പിക്കുന്നതിനെയാണ് വാര്‍ഷിക ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് എന്ന് പറയുന്നത്.

    ഒരാൾ പുതിയതായി സർവീസിൽ പ്രവേശിച്ചാൽ ഒരു നിശ്ചിത കാലം നിരീക്ഷണത്തിൽ ആയിരിക്കും. പ്രസ്തുത നിരീക്ഷണകാലം രണ്ടു വര്‍ഷത്തെ ഡ്യൂട്ടിയാണെങ്കില്‍, പുതിയതായി സര്‍വ്വീസിൽ പ്രവേശിച്ച ജീവനക്കാരന്, ഡ്യൂട്ടി ഒരു വര്‍ഷം തികയുന്ന മാസത്തിന്‍റെ ആദ്യ ദിവസം പ്രാബല്യത്തില്‍ ആദ്യത്തെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ്  ലഭിക്കും. എന്നാല്‍ രണ്ടാമത്തെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തിയാക്കിയ തീയതി മുതലേ ലഭിക്കുകയുള്ളൂ.  മൂന്നാമത്തെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ്  മുതലുള്ള ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ്, മാസത്തെ ആദ്യ ദിവസം പ്രാബല്യത്തിൽ ലഭിക്കും. രണ്ടാമത്തെ ഇൻക്രിമെന്റിന്റെ തീയതി ദീര്‍ഘിച്ചിട്ടുണ്ടെങ്കിൽ അപ്രകാരം ദീർഘിപ്പിച്ചത് ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിനെ ബാധിക്കുന്ന അവധി മൂലമാണെങ്കിൽ മൂന്നാമത്തെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് മുതലുള്ള ഇൻക്രിമെന്റുകൾ അതനുസരിച്ച് നീണ്ടുപോകുന്നതാണ്. ഒരു വര്‍ഷത്തെ ഡ്യൂട്ടി നിരീക്ഷണകാലമായുള്ള ജീവനക്കാർക്ക് നിരീക്ഷണകാലം തൃപ്തികരമായി പൂര്‍ത്തിയാകുന്ന ദിവസം മുതലേ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റുൾ ലഭിക്കുകയുള്ളൂ. ഇവർക്ക് രണ്ടാമത്തെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ്  മുതലുള്ള ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ്, മാസത്തെ ആദ്യ ദിവസം പ്രാബല്യത്തിൽ ലഭിക്കും.

         നിരീക്ഷണ കാലയളവുക തൃപ്തികരമായി പൂര്‍ത്തീകരിച്ചതായുള്ള അധികാരിയുടെ ഉത്തരവ് ലഭിച്ച ശേഷം മാത്രമേ ആദ്യം പറഞ്ഞ കേസില്‍ രണ്ടാമത്തേത് മുതലുള്ള ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റുകളും രണ്ടാമത് പറഞ്ഞ കേസിൽ ആദ്യ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റും അതിനെ തുടര്‍ന്നുള്ള ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റുകളും അനുവദിക്കാവൂ.  നിരീക്ഷണ കാലയളവിനുള്ളിൽ ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്‍റ്    ടെസ്റ്റുകളോ യോഗ്യതാ പരീക്ഷകളോ പാസ്സായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ള തസ്തികകളിൽ ആ യോഗ്യത നേടിയ ദിവസം മുതലേ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിന് അർഹത ഉണ്ടാകൂ. യോഗ്യത നേടിയശേഷം (ടെസ്റ്റ് പാസായ ശേഷം), ആ ഉദ്യോഗസ്ഥൻ യഥാസമയം ടെസ്റ്റ് പാസായി എന്ന നിഗമനത്തില്‍  തടഞ്ഞുവച്ച ഇൻക്രിമെന്റുകൾ നോഷണലായി നിശ്ചയിച്ചുനല്‍കും.

  മെഡിക്കൽ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലല്ലാതെ റൂൾ 88 അനുസരിച്ച് എടുക്കുന്ന ശൂന്യവേതന അവധിറൂള്‍ 91 അനുസരിച്ച് എടുക്കുന്ന ശൂന്യവേതന അവധിഅനുബന്ധം XII A, XII B, XII C എന്നിവ പ്രകാരം എടുക്കുന്ന ശൂന്യവേതന അവധികൾ, എന്നിവ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിനെ ബാധിക്കുന്ന അവധികളാണ്. അവധിയായോ ഡ്യൂട്ടിയായോ പരിഗണിച്ചിട്ടുള്ള സസ്പെൻഷൻ കാലയളവ് ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിന് പരിഗണിക്കും. ശൂന്യവേതന അവധികളായി പരിഗണിക്കപ്പെട്ടിട്ടുള്ള സസ്പെൻഷൻ കാലയളവ്, ക്രമവത്കരിക്കപ്പെടാത്ത സസ്പെൻഷൻ കാലയളവ് എന്നിവ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിന് പരിഗണിക്കപ്പെടുകയില്ല. ഡയസ് ഡയസ്‌നോൺ ഇൻക്രിമെന്റിനെ ബാധിക്കുകയില്ല. 

     01.10.1994 ന് ശേഷമുള്ള താല്‍ക്കാലിക സര്‍വ്വീസുകളും ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിന് പരിഗണിക്കുകയില്ല. അനുവദിക്കപ്പെട്ട അവധിക്കുശേഷം ശൂന്യവേതന അവധിയായി പരിഗണിച്ചിട്ടുള്ള അവധി കാലയളവ്, ശൂന്യവേതന അവധിയായി പരിഗണിച്ചിട്ടുള്ള പ്രവേശന കാലത്തിലെ ഓവർ സ്റ്റേയൽ, താഴ്ന്ന തസ്തികയിലുള്ള കാലയളവ് എന്നിവയും ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിന് പരിഗണിക്കപ്പെടുകയില്ല. ഉയര്‍ന്ന പോസ്റ്റിലെ സേവന കാലയളവ്, പരിശീലന കാലയളവ്, കുറച്ച് കാലത്തെ പ്രൊമോഷന് ശേഷം റിവർട്ട്  ചെയ്യപ്പെട്ടാൽ പ്രൊമോഷനില്‍ ഇരുന്ന കാലയളവ്, ഒഴിവില്ലാ എന്ന കാരണത്താൽ സര്‍വ്വീസിൽ നിന്നും പുറത്താക്കപ്പെട്ടയാള്‍ക്ക് പിന്നീട് അതേ സ്കെയിലിൽ പുതിയ നിയമനം ലഭിച്ചാല്‍ പഴയ സേവന കാലയളവ് എന്നിവ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് പരിഗണിക്കും.

               അച്ചടക്ക നടപടിയുടെ ഭാഗമായി ഇൻക്രിമെന്റുകൾ താൽകാലികമായോ സ്ഥിരമായോ തടയപ്പെട്ടാൽ ഇൻക്രിമെന്റ് ലഭിക്കുന്നതിന് അതനുസരിച്ച് തടസം വരും. ഇൻക്രിമെന്റ് ഒരു നിശ്ചിത കാലത്തേക്ക് താത്കാലികമായി തടഞ്ഞാൽ ആ വർഷങ്ങളിൽ ലഭിക്കേണ്ട ഇൻക്രിമെന്റുകൾ ലഭിക്കുകയില്ല. തടഞ്ഞുവച്ചിട്ടുള്ള കാലാവധി കഴിയുമ്പോൾ തടഞ്ഞുവച്ച ഇൻക്രിമെന്റുകൾ കൂടി അന്നു മുതൽ ലഭിക്കും. എന്നാൽ ഇൻക്രിമെന്റ് സ്ഥിരമായാണ് തടയുന്നതെങ്കിൽ ആ ഇൻക്രിമെന്റുകൾ എന്നന്നേക്കുമായി നഷ്ടപ്പെടും.

    സ്കെയിലിന്‍റെ പരമാവധി എത്തിയിട്ടുള്ളവർക്ക് സ്റ്റാഗ്നേഷൻ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റായി നാലുവര്‍ഷം വരെ ഓരോ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റും നാല് വര്‍ഷത്തിന് ശേഷം രണ്ട് വര്‍ഷത്തേയ്ക്ക് ഒരു ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റും ലഭിക്കും. അതിനുശേഷം ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് ലഭിക്കുകയില്ല. അടിസ്ഥാന ശബളം 120000 /- രൂപ ലഭിക്കുന്നവര്‍ക്കും പിന്നീട് ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റിന് അര്‍ഹതയില്ല. പാർട്ട് ടൈം കണ്ടിജൻസി ജീവനക്കാർക്കും വാർഷിക ഇൻക്രിമെന്റുകൾ ലഭിക്കും. അവർക്കുള്ള സ്റ്റാഗ്നേഷൻ ഇൻക്രിമെന്റുകൾ മൂന്നാണ്-രണ്ടെണ്ണം വാർഷിക ഇൻക്രിമെന്റുകളും അവസാനത്തേത് രണ്ടു വർഷത്തേക്ക് ഒന്നും.

                 അന്തര്‍ വകുപ്പ് സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാരൻ പുതിയ വകുപ്പിൽ സേവനത്തില്‍ പ്രവേശിച്ച തീയതി മുതൽ പുതിയ വകുപ്പിൽ നിരീക്ഷണ കാലത്തിലായിരിക്കും. ഈ കാലയളവ് പൂര്‍ത്തീകരിക്കുന്നതിനുള്ളിൽ വരുന്ന പഴയ തസ്തികയിലെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ്, ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് തീയതികളിൽ സാധാരണ പോലെ ലഭിക്കും അടുത്ത ഇൻക്രിമെന്റുകൾ നിരീക്ഷണ കാലം പൂര്‍ത്തീകരിച്ചാൽ മാത്രമേ ലഭിക്കുകയുള്ളൂ. ഉദാഹരണമായി 01.10.2019 ൽ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് ലഭിച്ചുകൊണ്ടിരുന്നയാള്‍ക്ക് 21.05.2020- ൽ അന്തർ വകുപ്പ്സ്ഥലംമാറ്റം ലഭിച്ചു എന്ന് കരുതുക. ടിയാന്‍ പുതിയ വകുപ്പിൽ 20.05.2022 വരെ നീരീക്ഷണത്തില്‍ ആയിരിക്കും എന്നും കരുതുക.01.10.2020 ലെയും 01.10.2021 ലെയും ഇൻക്രിമെന്റുകൾ സാധാരണ പോലെ ലഭിക്കും. അടുത്ത ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് നിരീക്ഷണകാലം പൂര്‍ത്തീകരിച്ചാലെ ലഭിക്കൂ. ഇയാളുടെ നീരീക്ഷണകാലം ഒരു വര്‍ഷമാണെന്ന് കരുതുക എങ്കിൽ അയാൾക്കു 01.10.2020 ലെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് മാത്രമേ ലഭിക്കൂ. അടുത്ത ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് നിരീക്ഷണകാലം പൂര്‍ത്തിയാക്കിയാലെ ലഭിക്കുകയുള്ളൂ.

       01.01.1986 ന് മുമ്പ് സേവനത്തിൽ പ്രവേശിച്ചിട്ടുള്ള SC/ST വിഭാഗത്തിൽപെട്ട ജീവനക്കാരെ പ്രമോഷനും പ്രൊബേഷനും ബാധകമായ ടെസ്റ്റ് യോഗ്യതകളിൽ നിന്നും ഒഴിവാക്കുന്നതിനാൽ അവർക്കു ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. 01.01.1986 മുതൽ സേവനത്തിൽ പ്രവേശിച്ചിട്ടുള്ള അത്തരം വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ടെസ്റ്റ് യോഗ്യതകളിൽ നിന്നും ഒഴിവാക്കിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് പ്രൊബേഷന് ബാധകമായ ടെസ്റ്റ് പാസാകാതെ ഇന്‍‍‍‍‍‍‍‍‍‍‍‍ക്രിമെന്‍റ് ലഭിക്കുകയില്ല. www.lsgadministration.com 

1 comment:

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...