ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്തിനായിരിക്കുമെന്നാണ്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം 153(3)(എ) മുതൽ (4 എ) വരെയുള്ള വകുപ്പുകളിലെ നിബന്ധനകൾക്കനുസരിച്ചാണ് അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിക്കുന്നത്. അവ എപ്രകാരമാണെന്നു നോക്കാം.
ആദ്യമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ എത്രയെണ്ണത്തിലാണ് പട്ടിക ജാതിക്കാർക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടി അദ്ധ്യക്ഷ സ്ഥാനം സംവരണം ചെയ്യേണ്ടതെന്ന് സർക്കാർ നിശ്ചയിച്ചു ഉത്തരവ് പുറപ്പെടുവിക്കും. പട്ടികജാതി പട്ടിക വർഗ്ഗക്കാരുടെ കാര്യത്തിൽ സംസ്ഥാനത്തെ ജനസംഖ്യയിലെ ആ വിഭാഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും ആ വിഭാഗങ്ങളുടെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ആകെയുള്ള പ്രസിഡൻറ് സ്ഥാനങ്ങളുടെ 50 % സ്ത്രീകൾക്കായി നീക്കിവെക്കുകായും ചെയ്യും (ഭിന്ന സംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത പൂർണ സംഖ്യ).
ഇതിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓരോ ജില്ലയിലും എത്രയെണ്ണം ഗ്രാമ പഞ്ചായത്തുകളിലാണ് പട്ടിക ജാതിക്കാർക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടി അദ്ധ്യക്ഷ സ്ഥാനം സംവരണം ചെയ്യുന്നതെന്ന് നിശ്ചയിച്ചു വിജ്ഞാപനം ഇറക്കും. ഗ്രാമ പഞ്ചായത്തുകളുടെ കാര്യത്തിൽ ഓരോ ജില്ലയിലേയും സംവരണ സ്ഥാനങ്ങൾ ജില്ലയിയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് വീതിച്ചു നൽകേണ്ടതാണെന്ന് വകുപ്പ് 153-4(എ) യിൽ പറയുന്നുണ്ട്. (ബഹുമാനപെട്ട കേരള ഹൈ കോടതിയുടെ 25.09.2010 ലെ WP (സി) 27624/ 2010 (G) നമ്പർ വിധിന്യായം കൂടികാണുക).
ഇപ്രകാരം സംവരണ സ്ഥാനങ്ങളുടെ എണ്ണം തീരുമാനിച്ചു കഴിഞ്ഞാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പട്ടിക ജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ സ്ത്രീകളുടെയോ ജനസംഖ്യ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തിൽ നിന്നു തുടങ്ങി ആവർത്തനക്രമത്തിൽ സംവരണ പഞ്ചായത്തുകൾ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. സ്ത്രീകൾക്കായി സംവരണം ചെയ്യാൻ അർഹതയുള്ള പഞ്ചായത്തും പട്ടികജാതിയിലോ പട്ടിക വർഗ്ഗത്തിലോ സംവരണം ചെയ്യേണ്ട പഞ്ചായത്തും ഒന്നുതന്നെയാണെങ്കിൽ ആ പഞ്ചായത്തിന്റെ സംവരണം അതാതു സംഗതി പോലെ പട്ടിക ജാതിക്കോ പട്ടിക വർഗത്തിനോ നൽകും. പകരം സ്ത്രീ സംവരണത്തിനായി ജനസംഖ്യ ശതമാനത്തിൽ തൊട്ടടുത്ത പഞ്ചായത്ത് എടുക്കും. നന്ദകുമാർ സി. www.lsgadministration.com
👍
ReplyDelete