Friday, 28 August 2026

How to Add a Child's Name in the Birth Register in Kerala: Step-by-Step Guide

ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന്, ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ) അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായുള്ള പ്രധാന നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്:

  • കുട്ടിയുടെ പേര് ചേർക്കാൻ കുട്ടിയുടെ പിതാവിനോ മാതാവിനോ രക്ഷാകർത്താവിനോ പ്രായപൂർത്തിയായ സംഗതിയിൽ കുട്ടിക്ക് തന്നെയോ അപേക്ഷിക്കാവുന്നതാണ്. കെ - സ്മാർട്ട് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
  • ഏത് പേര് ചേർക്കണമെന്ന കാര്യത്തിൽ എന്തെങ്കിലും ആക്ഷേപം/തർക്കം കക്ഷികൾ ഉന്നയിച്ചാൽ രജിസ്ട്രാർ (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ - സെക്രട്ടറി) തീരുമാനം എടുക്കേണ്ടതാണ്. രജിസ്ട്രാറുടെ തീരുമാനത്തിൽ ആക്ഷേപമുള്ള പക്ഷം ജനന - മരണ ജില്ലാ രജിസ്ട്രാർക്കും ( ജില്ല രജിസ്ട്രാറുടെ തീരുമാനത്തിൽ ആക്ഷേപമുള്ള പക്ഷം ജനന - മരണ ചീഫ് രജിസ്ട്രാർക്കും  തർക്കമുള്ള കക്ഷികൾക്ക് അപ്പീൽ നൽകാവുന്നതാണ്. അത്തരത്തിലും പരിഹാരമാകാത്ത സാഹചര്യങ്ങളിൽ കക്ഷികൾ ബന്ധപ്പെട്ട കോടതിയിൽ നിന്നും ഹാജരാകുന്ന വിധിന്യായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും  രജിസ്ട്രാർ തുടർനടപടികൾ സ്വീകരിക്കുന്നത്. 
  • ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് 1999 ലെ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളില്‍ 14.07.2021 ലെ ജി.ഒ (പി) 29/2021/തസ്വഭവ പ്രകാരം വരുത്തിയ ഭേദഗതി (SRO No-524/2021, ഗസറ്റ് തീയതി 15.07.2021) അനുസരിച്ച് ചില നിബന്ധനകൾ നിലവിലുണ്ട്. അവ ചുവടെ ചേർക്കുന്നു. 

    • 01.01.2000 ന് മുമ്പുള്ള രജിസ്ട്രേഷനില്‍ 13.07.2026 വരെ പേര് ചേര്‍ക്കാം
    • 01.01.2000 ന് ശേഷമുള്ള രജിസ്ട്രേഷനില്‍ രജിസ്ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷം വരെ പേര് ചേര്‍ക്കാം
    • 01.01.2000 ന് ശേഷമുള്ള രജിസ്ട്രേഷനിൽ 15 വര്‍ഷം കഴിഞ്ഞിട്ടുണ്ടെങ്കില്‍ 13.07.2026 വരെ പേര് ചേര്‍ക്കാം
    • 14.07.2021 ന് ശേഷമുള്ള രജിസ്ട്രേഷനുകളില്‍ രജിസ്ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷം വരെ പേര് ചേര്‍ക്കാം.
  • സ്കൂളില്‍ ചേര്‍ത്തതിന് ശേഷമാണെങ്കില്‍ സ്കൂൾ രേഖയിലേത് പോലെ ജനന രജിസ്റ്ററിൽ പേര് ചേർക്കാം.
  • ജനന രജിസ്റ്ററില്‍ ആദ്യമായി പേര് ചേര്‍ക്കുന്നത് സ്കൂളില്‍ ചേര്‍ന്ന ശേഷമാണെങ്കില്‍ സ്കൂള്‍ രേഖയിലുള്ള പേരിലെ ഇനീഷ്യലിന്റെ വികസിത രൂപം സഹിതം പേര് ചേര്‍ക്കാവുന്നതാണ്.
  • കുട്ടി സ്‌കൂളിൽ പോയിതുടങ്ങിയതാണെങ്കിൽ, പേരും ജനനത്തീയതിയും തെളിയിക്കുന്നതിനായി സ്‌കൂൾ രേഖകളുടെ പകർപ്പോ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ അപേക്ഷയോടൊപ്പം നൽകണം. 
  • ദത്ത് നല്‍കാതെ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ അവർക്ക് തന്നെ അപേക്ഷ സെക്രട്ടറിക്ക് നല്കി ജനനരജിസ്ട്രറില്‍ പേര് ചേര്‍ക്കാവുന്നതാണ്.
  • ജനനം രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ ആണെങ്കിൽ പിഴ കൂടാതെ തന്നെ പേര് ചേർക്കാവുന്നതാണ് 
  • പേര് ആദ്യമായി ചേർക്കുന്നത് ഒരു വർഷത്തിന് ശേഷമാണെങ്കിൽ 5 രൂപ ലേറ്റ് ഫീസ് (പിഴ) അടയ്ക്കേണ്ടി വരും.

Wednesday, 26 August 2026

Commutation of Leave with Retrospective Effect: Rules & Guidelines Under KSR - Converting Sanctioned Leave with Retrospective Effect:

മുൻകാല പ്രാബല്യത്തോടെയുള്ള അവധി മാറ്റം (Commutation of Leave with Retrospective Effect)

ഒരു ഉദ്യോഗസ്ഥന് അവധി അനുവദിച്ച അധികാരിക്ക്, അത് മുൻകാല പ്രാബല്യത്തോടെ അനുവദനീയമായ മറ്റൊരു തരത്തിലുള്ള അവധിയാക്കി മാറ്റാൻ കഴിയും, എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അതൊരവകാശമായി ഉന്നയിക്കാൻ കഴിയില്ല.

എന്നിരുന്നാലും ആർജ്ജിതാവധി (Earned leave) മറ്റൊരു തരത്തിലുള്ള അവധിയാക്കി മാറ്റാൻ പാടുള്ളതല്ല.  എന്നാൽ ഇണയോടൊപ്പം ചേരുന്നതിന് 3 മാസത്തിൽ അധികാരിക്കാതെ എടുത്തിട്ടുള്ള എല്ലാ സാധാരണ അവധികളും അനുബന്ധം - XIIC പ്രകാരമുള്ള LWA ആയി മാറ്റാവുന്നതാണ്.

10.01.2013 നു ശേഷം അനുവദിച്ചിട്ടുള്ള അവധിയുടെ കാര്യത്തിൽ അവധി അനുവദിച്ച തീയതി മുതൽ ഒരു  വർഷം പൂർത്തിയായതിന് ശേഷം അവധി മാറ്റാൻ അനുവദിക്കുന്നതല്ല.

ഒരു തരത്തിലുള്ള അവധി മറ്റൊന്നാക്കി മാറ്റുമ്പോൾ, അവധി ശമ്പളത്തിന്റെ കുടിശ്ശിക പിൻവലിക്കുന്നതിനോ അല്ലെങ്കിൽ അധികമായി വാങ്ങിയ തുക തിരിച്ചുപിടിക്കുന്നതിനോ കഴിയുന്നതാണ്.

(റഫറൻസ്- റൂൾ 76, 89, note under rule 1 of Appendix XII C KSR പാർട്ട് I, ഗവ. സർക്കുലർ നം.9/2015/ഫിൻ  തീയതി: 16.01.2015)

Tuesday, 25 August 2026

Borewell Construction in Kerala: Rules, Setbacks, and Clearance Norms

കേരളത്തിൽ കുഴൽക്കിണർ കുഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങളും ദൂരപരിധികളും:

സ്വകാര്യ ഭൂമിയിൽ കുഴൽക്കിണർ (Tube well / Borewell) നിർമ്മിക്കുന്നതിനുള്ള പ്രധാന നടപടിക്രമങ്ങൾ ചുവടെ പറയുന്നു.

  • ഭൂഗർഭജല വകുപ്പിന്റെ അനുമതി (NOC):
    • അതത് ജില്ലാ ഭൂഗർഭജല വകുപ്പ് (Ground Water Department) ഓഫീസിൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകുക.
    • ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഹൈഡ്രോജിയോളജിക്കൽ പരിശോധന നടത്തിയ ശേഷം സാധ്യതാ റിപ്പോർട്ടും അനുമതിപത്രവും (NOC) നൽകും.
  • തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പെർമിറ്റ്: 
    • ഭൂഗർഭജല വകുപ്പിന്റെ NOC സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് / നഗരസഭ / കോർപ്പറേഷൻ സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കുക. (അംഗീകൃത ബിൽഡിങ് ലൈസൻസി മുഖേന കെ - സ്മാർട്ട് പോർട്ടൽ വഴി) 
    • കേരള പഞ്ചായത്ത്/മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ (KPBR/KMBR- ചട്ടം 75) പ്രകാരമുള്ള അനുമതി വാങ്ങുക.
  • ആവശ്യമായ രേഖകൾ:
    • ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ (ആധാരം, നടപ്പ് സാമ്പത്തിക വർഷത്തെ കരം രസീത്).
    • നിർദ്ദിഷ്ട കിണറിന്റെ സ്ഥാനം വ്യക്തമാക്കുന്ന സൈറ്റ് പ്ലാൻ.
    • ഭൂഗർഭജല വകുപ്പിന്റെ എൻ.ഒ.സി (NOC).
    • അപേക്ഷാ ഫീസ്.-10 രൂപ
    • പെർമിറ്റ് ഫീസ് -20 രൂപ 
  • ദൂരപരിധിയും മാനദണ്ഡങ്ങളും:
    • അയൽ വസ്തുവിന്റെ അതിർത്തിയിൽ നിന്നും സെപ്റ്റിക് ടാങ്ക്, ലീച്ച് പിറ്റ് തുടങ്ങിയ മലിനജല സ്രോതസ്സുകളിൽ നിന്നും കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുശാസിക്കുന്ന നിശ്ചിത അകലം പാലിച്ചിരിക്കണം.
    • കേരളത്തിലെ തദ്ദേശ സ്വയംഭരണ കെട്ടിട നിർമ്മാണ ചട്ടങ്ങൾ (KMBR / KPBR), ഭൂഗർഭജല വകുപ്പ് മാനദണ്ഡങ്ങൾ എന്നിവ പ്രകാരം കുഴൽക്കിണർ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട പ്രധാന ദൂരപരിധികൾ:§ 
    • അയൽ വസ്തുവിന്റെ അതിർത്തിയിൽ നിന്ന്: വസ്തുവിന്റെ മറ്റ് അതിരുകളിൽ നിന്ന് കുറഞ്ഞത് 1.20 മീറ്റർ അകലം പാലിക്കണം.
    • റോഡ് അതിർത്തിയിൽ നിന്ന്: കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം കെട്ടിടങ്ങൾക്ക് ബാധകമായ അതേ റോഡ് സെറ്റ് ബാക്ക് (Setback from street/road) കുഴൽക്കിണറിനും ബാധകമാണ്.
    • സെപ്റ്റിക് ടാങ്ക് / ലീച്ച് പിറ്റ് എന്നിവയിൽ നിന്ന്: സ്വന്തം ഭൂമിയിലോ അയൽ വസ്തുവിലോ ഉള്ള സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ്, ലീച്ച് പിറ്റ്, മാലിന്യക്കുഴികൾ എന്നിവയിൽ നിന്ന് കുറഞ്ഞത് 7.5 മീറ്റർ ചുറ്റളവ് അകലം ഉറപ്പാക്കണം.
    • മറ്റ് കിണറുകൾ / കുഴൽക്കിണറുകളിൽ നിന്നുള്ള അകലം: സമീപത്തെ മറ്റ് കുടിവെള്ള സ്രോതസ്സുകളെയോ പൊതു കുടിവെള്ള പദ്ധതികളെയോ ബാധിക്കാതിരിക്കാൻ ഭൂഗർഭജല വകുപ്പിന്റെ (Ground Water Department) ഹൈഡ്രോജിയോളജിക്കൽ പരിശോധനാ റിപ്പോർട്ടിൽ നിഷ്കർഷിക്കുന്ന നിശ്ചിത സുരക്ഷിത അകലം പാലിക്കേണ്ടതാണ്.
    • പ്ലോട്ടിലെ കെട്ടിടത്തിനുള്ളിലൊ അല്ലെങ്കിൽ കെട്ടിടത്തിനോട് ചേർന്നോ അല്ലെങ്കിൽ കെട്ടിടത്തിൽ നിന്നും അകന്നോ കിണറിന്റെ സ്ഥാനമാകാവുന്നതാണ്.
    • പെർമിറ്റ് ലഭിച്ച് 5 വർഷത്തിനുള്ളിൽ കിണർ നിർമ്മിച്ചിരിക്കേണ്ടതാണ്.
    • കുഴൽക്കിണർ നിർമ്മാണത്തിന് ഭൂഗർഭജല അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത അംഗീകൃത ഏജൻസികളെയും റിഗ്ഗുകളെയും മാത്രമേ ചുമതലപ്പെടുത്താവൂ.

Monday, 24 August 2026

How to Legally Deal with a Neighbor's Dangerous Trees Leaning Over Your House

അയൽവാസിയുടെ പുരയിടത്തിലെ മരങ്ങളോ ചില്ലകളോ കെട്ടിടത്തിന് ഭീഷണിയോ അപകടകരമോ ആയി മാറുമ്പോൾ സ്വീകരിക്കേണ്ട നിയമപരമായ വഴികൾ താഴെ പറയുന്നവയാണ്:

1. നേരിട്ടുള്ള ഒത്തുതീർപ്പ്

  • ആദ്യം അയൽവാസിയോട് നേരിട്ട് സംസാരിച്ച് കെട്ടിടത്തിനുള്ള ഭീഷണിയെക്കുറിച്ച് ബോധ്യപ്പെടുത്തുക.

  • ചില്ലകൾ വെട്ടിമാറ്റാൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ നിങ്ങളുടെ ഭാഗത്തേക്ക് ചാഞ്ഞുനിൽക്കുന്ന ഭാഗം അവരുടെ അനുമതിയോടെ മുറിച്ചുമാറ്റുകയോ ചെയ്യാം.

2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരാതി നൽകുക.

അയൽവാസി വഴങ്ങിയില്ലെങ്കിൽ നിങ്ങളുടെ അധികാരപരിധിയിലുള്ള തദ്ദേശ സ്ഥാപനത്തിൽ കെ - സ്മാർട്ട് പോർട്ടൽ വഴി പരാതി നൽകാം:

  • ഗ്രാമപഞ്ചായത്ത് പരിധിയിൽ: 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 238 പ്രകാരം അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാനോ മുൻകരുതലുകൾ എടുക്കാനോ ഉത്തരവിടാൻ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമുണ്ട്. 

  • മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പരിധിയിൽ: 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമം വകുപ്പ് 412 പ്രകാരം ഇത്തരം മരങ്ങൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകാൻ മുനിസിപ്പൽ സെക്രട്ടറിക്ക് അധികാരമുണ്ട്.

  • സെക്രട്ടറി പരാതിയുടെ നിജസ്ഥിതി പരിശോധിച്ച ശേഷം അയൽവാസിക്ക് നോട്ടീസ് നൽകുകയും, നിശ്ചിത സമയത്തിനകം അവർ അത് ചെയ്തില്ലെങ്കിൽ പഞ്ചായത്ത്/മുനിസിപ്പാലിറ്റി മുൻകൈയെടുത്ത് മരം മുറിച്ചുമാറ്റി അതിന്റെ ചെലവ് അയൽവാസിയിൽ നിന്ന് ഈടാക്കുകയും ചെയ്യും. 

ശ്രദ്ധിക്കേണ്ട കാര്യം: അയൽവാസിയുടെ അനുമതിയില്ലാതെ അവരുടെ- അതിർത്തിക്കുള്ളിൽ കയറി മരം മുറിക്കുകയോ, അനുമതിയില്ലാതെ ചില്ലകൾ വെട്ടിമാറ്റി നാശനഷ്ടം വരുത്തുകയോ ചെയ്യുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

When trees or branches in a neighbor's property pose a threat or danger to your building, the legal steps to follow are:

1. Direct Settlement

  • First, talk directly with the neighbor and make them aware of the threat posed to the building.

  • Request them to trim the branches, or you may prune the overhanging portion on your side with their consent.

2. Filing a Complaint with Local Self-Government Institutions If the neighbor does not cooperate, you can lodge a complaint with your local governing body via the K-Smart portal:

  • Under Grama Panchayat jurisdiction: Under Section 238 of the Kerala Panchayat Raj Act, 1994, the Panchayat Secretary has the authority to order the removal of hazardous trees or direct precautionary measures to be taken.

  • Under Municipality / Corporation jurisdiction: Under Section 412 of the Kerala Municipality Act, 1994, the Municipal Secretary is empowered to issue a notice for the removal of such dangerous trees.

  • After verifying the merits of the complaint, the Secretary will issue a notice to the neighbor. If they fail to comply within the stipulated time, the Panchayat or Municipality will take the initiative to cut down the tree and recover the expenses from the neighbor.

Important Note: Entering a neighbor's boundary without permission to cut a tree, or pruning branches without consent and causing damage, may lead to legal complications. Therefore, resolving the issue through the intervention of the local self-government institution is the safest approach.

Sunday, 23 August 2026

Is it possible to expand a house received under the LIFE Housing Scheme?

തീർച്ചയായും കഴിയും. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിൽ നിന്നോ മുനിസിപ്പാലിറ്റിയിൽ നിന്നോ ആവശ്യമായ കെട്ടിട നിർമ്മാണ പെർമിറ്റ് (Building Permit) വാങ്ങിയ ശേഷം നിലവിലുള്ള വീട് വിപുലീകരിക്കാവുന്നതാണ്.

ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകൾ വിപുലീകരിക്കുന്നതിന് നിയമപരമായ യാതൊരു തടസ്സങ്ങളുമില്ല. ഗുണഭോക്താക്കൾക്ക് ഭാവിയിൽ സൗകര്യപ്രദമായി വീട് വിപുലീകരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മോഡൽ പ്ലാനുകളാണ് സർക്കാർ ഈ പദ്ധതിയിലൂടെ നൽകിയിട്ടുള്ളത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പെർമിറ്റിനായി അംഗീകൃത ബിൽഡിങ് ലൈസൻസി (Building Licensee) വഴി K-Smart പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Yes, it is possible to expand the house after obtaining a building permit from the Panchayat or Municipality.

There are no legal restrictions on extending a house received under the LIFE Housing Scheme. In fact, the model plans provided by the government under the scheme are designed in a way that allows beneficiaries to expand the structure in the future if required.

To obtain a permit from the local body (Panchayat/Municipality), you must submit an online application through an authorized building licensee via the K-Smart portal.

Saturday, 22 August 2026

Conditions for Constructing a Boundary Wall or Fence Adjacent to a Public Road or Public Property

പൊതു വഴിയോട് അല്ലെങ്കിൽ റോഡിനോട് ചേർന്ന് മതിൽ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന നിബന്ധനകൾ:

  • സ്ഥലം ഒഴിച്ചിടേണ്ടതില്ല (No Setback): പൊതുവഴിയോട്/റോഡിനോട്  ചേർന്നുള്ള അതിർത്തിയിൽത്തന്നെ മതിൽ നിർമ്മിക്കാം; ഇതിനായി സ്ഥലം മാറ്റിവെക്കേണ്ട ആവശ്യമില്ല.

  • സെക്രട്ടറിയുടെ മുൻകൂർ അനുമതി: പൊതുവഴിയോട് ചേർന്ന് മതിൽ നിർമ്മിക്കുന്നതിന് മുൻപായി തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ അനുമതി വാങ്ങിയിരിക്കണം.

  • കയ്യേറ്റം പാടില്ല: പൊതുവഴിയായി നിലവിൽ ഉപയോഗിച്ചുവരുന്ന സ്ഥലം (അത് സ്വന്തം കരമൊടുക്കുന്ന ഭൂമിയാണെങ്കിൽപ്പോലും) കയ്യേറി മതിൽ നിർമ്മിക്കാൻ പാടുള്ളതല്ല.

  • ഗേറ്റിന്റെ ക്രമീകരണം: പൊതുനിരത്തിലേക്ക് തള്ളിനിൽക്കുന്ന രീതിയിലോ വഴിയാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന വിധത്തിലോ ഗേറ്റുകൾ പുറത്തേക്ക് തുറക്കാൻ പാടില്ല.

  • മൂലകളിലെ കോൺ തിരിക്കൽ (Chamfering): രണ്ട് വഴികൾ കൂട്ടിമുട്ടുന്ന ഭാഗങ്ങളിലോ റോഡ് വളവുകളിലോ മതിൽ നിർമ്മിക്കുമ്പോൾ കാഴ്ച മറയാതിരിക്കാൻ മൂല കോണാകൃതിയിൽ (ചാമ്പ്ര രൂപത്തിൽ) നിർമ്മിക്കേണ്ടതാണ്.

Friday, 21 August 2026

Guide to Birth Register Corrections: How to Correct, or change Pet Names, and Nicknames in Birth Register

ചോദ്യം: കുട്ടിയുടെ ജനന രജിസ്റ്ററിൽ വീട്ടിൽ വിളിക്കുന്ന പേരാണ് ചേർത്തിട്ടുള്ളത്. അത് മാറ്റുവാൻ കഴിയുമോ?


ഉത്തരം: കഴിയും. മാതാവിന്റെ/ പിതാവിന്റെ/ രക്ഷിതാവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുന്പായി ഒരു പ്രാവശ്യം കുട്ടിയുടെ വിളിപ്പേര് മാറ്റി പുതിയ പേര് ജനന രജിസ്റ്ററിൽ ചേർക്കാവുന്നതാണ്.. ഇതിനായി പഞ്ചായത്ത്/മുനിസിപ്പാലിറ്റിയിൽ K-smart വഴി അപേക്ഷ നല്കണം. കുട്ടിയെ സ്കൂളിൽ ചേർത്തിട്ടുണ്ടെങ്കിൽ സ്കൂൾ രേഖ സഹിതം വേണം അപേക്ഷ നല്കുവാൻ. കുട്ടിയുടെ പേര് ഗസറ്റ് വിജ്ഞാപന പ്രകാരം മാറ്റിയിട്ടുണ്ടെങ്കിൽ സ്കൂൾ രേഖ ഇല്ലാതെതന്നെ അതനുസരിച്ച് ജനന രജിസ്റ്ററിൽ പേര് മാറ്റിനല്കും.

Note: The formal procedures for updating a child's name in the official birth register when a nickname was initially recorded. Parents or guardians have the authority to request a one-time name change through their local municipality or panchayat using the K-smart online portal. If the child has already commenced formal education, the application must be supported by relevant school documentation to ensure consistency across records. However, if the change has been legally formalised through a Gazette notification, the birth certificate can be updated without needing school certificates.

Monday, 20 May 2024

Kerala Panchayat Raj Act 1994 - Functions of President and Vice President - Section 156 - കേരള പഞ്ചായത്ത് രാജ് ആക്ട് - പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ.

Section 156 - Functions of President and Vice President - വകുപ്പ് 156 – പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ.

(1) ഈ ആക്റ്റിനാലോ അതിൻകീഴിലോ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഈ ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെയും ഒരു പഞ്ചായത്ത് പാസ്സാക്കുന്ന പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആവശ്യത്തിലേയ്ക്കുള്ള നിർവ്വഹണാധികാരം പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ ചുമതലപ്പെട്ട കർത്തവ്യങ്ങൾ യഥാവിധി നിറവേറ്റുന്നതിന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതുമാണ്.

(2) പ്രസിഡന്റിന്റെ സ്ഥാനം ഒഴിവായിരുന്നാൽ ഒരു പുതിയ പ്രസിഡന്റ് ഉദ്യോഗം ഏറ്റെടുക്കുന്നതുവരെ വൈസ് പ്രസിഡന്റ്, പ്രസിഡന്റിന്റെ ജോലികൾ നിർവ്വഹിക്കേണ്ടതാണ്.

(3) ഒരു പഞ്ചായത്തിലെ പ്രസിഡന്റ് പതിനഞ്ചു ദിവസത്തിലധികം തുടർച്ചയായി അധികാരാതിർത്തിക്കുള്ളിൽ ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് അവശത സംഭവിക്കുകയോ ചെയ്താൽ, അങ്ങനെ ഇല്ലാതിരിക്കുകയോ അവശത ഉണ്ടായിരിക്കുകയോ ചെയ്യുന്നകാലത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, നിർണ്ണയിക്കപ്പെട്ടേയ്ക്കാവുന്ന പ്രകാരമുള്ള പരിതഃസ്ഥിതികളിലൊഴികെ, വൈസ് പ്രസിഡന്റിൽ നിക്ഷിപ്തമാകുന്നതാണ്.

(3.എ) പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിവായിരുന്നാൽ, ഒരു പുതിയ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഉദ്യോഗം ഏറ്റെടുക്കുന്നതു വരെ പ്രസിഡന്റിന്റെ ചുമതലകൾ 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ നിർവ്വഹിക്കേണ്ടതും പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരോ പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുന്നതിന് ഇല്ലാതിരിക്കുന്നിടത്ത് പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ ഉദ്യോഗം ഏറ്റെടുക്കുന്നതുവരെ, തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായം കൂടിയ ആൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.

(4) മുൻപറഞ്ഞ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ ഒരു പഞ്ചായത്ത് പ്രസിഡന്റ്,-

(എ) താൻ പ്രസിഡന്റായിരിക്കുന്ന പഞ്ചായത്തിന്റെയും ഗ്രാമസഭകളുടെയും യോഗങ്ങളിൽ ആദ്ധ്യക്ഷം വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും

(ബി) പഞ്ചായത്തിലെ എല്ലാ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും ചെയ്യുന്ന കൃത്യങ്ങളുടെയും എടുത്ത നടപടികളുടെയും മേൽനോട്ടം വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ തയ്യാറാക്കുകയും;

(സി) സർക്കാർ, അതതു സമയം നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള പരിധിവരെ കണ്ടിൻജന്റ് ചെലവുകൾ ചെയ്യുകയും;

(ഡി) പഞ്ചായത്തിനെ സംബന്ധിക്കുന്ന പണം കൊടുക്കലും പണം തിരികെകൊടുക്കലും അധികൃതമാക്കുകയും;

(എഫ്) ഈ ആക്റ്റിനാലോ അതിൻകീഴിലോ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റുകളും റിപ്പോർട്ടുകളും തയ്യാറാക്കിക്കുകയും;

(ജി) ഈ ആക്റ്റിനാലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാലോ നല്കപ്പെട്ടേയ്ക്കാവുന്നതോ ചുമതലപ്പെട്ടേയ്ക്കാവുന്നതോ ആയ അങ്ങനെയുള്ള മറ്റ് അധികാരങ്ങൾ വിനിയോഗിക്കുകയും മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും, ചെയ്യേണ്ടതാണ്.

(5) പ്രസിഡന്റിന്, അടിയന്തിര സാഹചര്യത്തിൽ, പഞ്ചായത്തിന്റെ അനുമതി ആവശ്യമുള്ളതും തന്റെ അഭിപ്രായത്തിൽ പൊതുജനങ്ങളുടെ രക്ഷയ്ക്ക് ഉടനടി നടത്തുകയോ ചെയ്യുകയോ ചെയ്യുന്നത് ആവശ്യമായിട്ടുള്ളതുമായ ഏതെങ്കിലും പണി നടത്തുന്നതിനോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിനോ നിർദ്ദേശിക്കാവുന്നതും അപ്രകാരമുള്ള പണി നടത്തുന്നതിനോ പ്രവൃത്തി ചെയ്യുന്നതിനോ ഉള്ള ചെലവുകൾ പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും നൽകേണ്ടതാണെന്ന് നിർദ്ദേശിക്കാവുന്നതാണ്, എന്നാൽ.-

(എ) ഏതെങ്കിലും പണി നടത്തുന്നതോ ഏതെങ്കിലും പ്രത്യേക പ്രവൃത്തി ചെയ്യുന്നതോ നിരോധിക്കുന്ന പഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനം ലംഘിച്ചുകൊണ്ട് ഈ ഉപവകുപ്പുപ്രകാരം പ്രവർത്തിക്കാൻ പാടില്ലാത്തതും;

(ബി) ഈ ഉപവകുപ്പിൻകീഴിൽ എടുത്ത നടപടിയും അതിനുള്ള കാരണവും പഞ്ചായത്തിലേയ്ക്ക് അതിന്റെ അടുത്ത യോഗത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതും, അംഗീകാരം വാങ്ങേണ്ടതും ആകുന്നു.

(6) പഞ്ചായത്ത് പ്രസിഡന്റിന് താഴെ പറയുന്ന അധികാരങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്, അതായത്:-

(എ.) സെക്രട്ടറിയുടേയും ആവശ്യമുള്ള പക്ഷം പഞ്ചായത്തിലേക്ക് കൈമാറിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടേയും ഹാജർ പഞ്ചായത്തിന്റെ യോഗങ്ങളിൽ ഉറപ്പാക്കുക;

(ബി) സെക്രട്ടറി, പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്തിട്ടുള്ള ഗസറ്റഡ് പദവിയുള്ള സർക്കാർ ഉദ്യോഗസ്ഥൻമാർ എന്നിവർ ഒഴികെ, പഞ്ചായത്തിന്റെ കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥന്റേയോ ജീവനക്കാരന്റെയോ പേരിൽ കൃത്യവിലോപത്തിനോ, ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടേയോ സ്ഥിര ഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക നടപടികൾ എടുക്കേണ്ടിവരുമ്പോൾ ആവശ്യമെങ്കിൽ അവരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യുക.

എന്നാൽ പ്രസിഡന്റ്, സസ്പെൻഷൻ ഉത്തരവ് പഞ്ചായത്തിന്റെ തൊട്ടടുത്ത യോഗത്തിൽവച്ച് അതിന്റെ സ്ഥിരീകരണം വാങ്ങേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത ഉത്തരവ് അസാധു ആകുന്നതുമാണ്;

(സി) സെക്രട്ടറിയിൽ നിന്നോ പഞ്ചായത്തിലെ ഏതൊരു ഉദ്യോഗസ്ഥനിൽ നിന്നോ പഞ്ചായത്തിന്റെ ഭരണ സംബന്ധമായ ഏതു ഫയലും റിക്കാർഡും രേഖാമൂലം ആവശ്യപ്പെടുന്നതിനും അതിൽ ഈ ആക്റ്റ് മൂലമോ അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ അഥവാ സ്ഥിരം ഉത്തരവുകളുടെ വെളിച്ചത്തിലോ ആവശ്യമായ നിർദ്ദേശങ്ങളോ ഉത്തരവുകളോ നൽകുക:

എന്നാൽ, പഞ്ചായത്തിന്റെ ഭരണ സംബന്ധമായി സെക്രട്ടറിയിലോ ഏതെങ്കിലും ഉദ്യോഗസ്ഥനിലോ മാത്രം നിക്ഷിപ്തമായിട്ടുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളോ റിക്കാർഡുകളോ ആവശ്യപ്പെടുവാൻ പാടില്ല;

കുറിപ്പ്.-ഫയലുകളും റിക്കാർഡുകളും സ്വീകരിക്കുകയോ തിരികെ നൽകുകയോ ചെയ്യുമ്പോൾ വേണ്ടവിധം അക്നോളഡ്ജ്മെന്റ് നൽകുകയും വരവ് വയ്ക്കുകയും ചെയ്യേണ്ടതാണ്;

(ഡി) പഞ്ചായത്ത് പാസ്സാക്കിയ ഏതെങ്കിലും പ്രമേയം, അത് നിയമാനുസൃതം പാസ്സാക്കിയതല്ലെന്നോ ഈ ആക്റ്റോ മറ്റേതെങ്കിലും നിയമമോ പ്രകാരം നൽകിയിട്ടുള്ള അധികാരത്തിൽ കവിഞ്ഞതാണെന്നോ നടപ്പിൽ വരുത്തിയാൽ മനുഷ്യന്റെ ജീവനേയോ ആരോഗ്യത്തേയോ പൊതു ജനരക്ഷയേയോ അപകടപ്പെടുത്തിയേക്കാമെന്നോ, താൻ കരുതുന്നുവെങ്കിൽ ആ സംഗതി ഉടൻ സർക്കാരിന് റഫർ ചെയ്യുക.

Sunday, 20 August 2023

CRITERIA FOR RESERVATIONS - ECONOMICALLY WEAKER SECTIONS - EWS - INCOME AND ASSET CERTIFICATE - IN THE GENERAL CATEGORY - KERALA

പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കുള്ള സംവരണ മാനദണ്ഡങ്ങള്‍

[CRITERIA FOR RESERVATIONS TO ECONOMICALLY WEAKER SECTIONS (EWSs) IN THE GENERAL CATEGORY]

ആമുഖം:

ഭരണഘടനയുടെ 103 ആം ഭേദഗതി വഴി രാജ്യത്ത് ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍) 10% സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി.

ഭരണഘടന ഭേദഗതിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിച്ചു കൊണ്ട് 17/01/2019 ലെ 20013/01/2018-BC-II നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയവും തുടര്‍ന്ന് പ്രസ്തുത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 10% സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര മാനവ വിഭവശേഷി (ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയവും (17/01/2019 ലെ 12-4/2019-U1 നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം) കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തി  കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍ (ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയവും [19/01/2019 ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം] ഉത്തരവുകള്‍ പുറപ്പെടുവിക്കുയയുണ്ടായി.

പ്രാബല്യം:

നേരിട്ടുള്ള നിയമനത്തിനായി 01/02/2019 നോ അതിനുശേഷമോ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2019 -20 വര്‍ഷം മുതലുള്ള പ്രവേശനത്തിനുമാണ് ഈ വ്യവസ്ഥകള്‍ ബാധകമാകുന്നത്. 2006 ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പ്രവേശനത്തിനുള്ള സംവരണം) ആക്ടിലെ [THE CENTRAL EDUCATIONAL INSTITUTIONS (RESERVATION IN ADMISSION) ACT, 2006] പട്ടികയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 8 വിദ്യാഭ്യാസ സ്ഥാപനങ്ങളെ (institutions of excellence, research institutions, institutions of national and strategic importance) ഈ സംവരണ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍:

നിലവിലുള്ള സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ 164 സംവരണേതര   വിഭാഗങ്ങളുടെ, അതായത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ, പട്ടിക സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി: 03/06/2021, സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി: 05/07/2021 എന്നിവ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിലെ ശൈവ വെള്ളാള വിഭാഗത്തെ സംബന്ധിച്ച്  പാലക്കാട്‌ ജില്ലയിലെത് ഒഴികെയുള്ളവര്‍ക്ക് മാത്രമേ ഈ സംവരണ ആനുകൂല്യം ലഭിക്കൂ.

നിബന്ധനകൾ - കുടുംബ വാർഷിക വരുമാനം/ ഭൂ സ്വത്ത് : 

കുടുംബ വാര്‍ഷിക വരുമാനവും കുടുംബത്തിന്റെ കൈവശമുള്ള ഭൂസ്വത്തുമാണ് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രധാന ഘടകങ്ങള്‍. കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്‍/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ മാതാപിതാക്കള്‍, 18 വയസ്സിനു താഴെയുള്ള  സഹോദരങ്ങള്‍, അപേക്ഷകന്റെ/അപേക്ഷകയുടെ പങ്കാളി എന്നിവരാണ്‌ ഉള്‍പ്പെടുന്നത്.

അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ വരുമാനമാണ് പരിഗണിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിന്  കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. കൂടാതെ അപേക്ഷകന്റെ/ കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (വ്യത്യസ്ത സ്ഥലങ്ങളിൽ ഭൂമികൾ ഉണ്ടെങ്കിൽ അവ ഉള്‍പ്പെടെ)  ഒന്നും ഉണ്ടാകാനും പാടില്ല.

·     5 ഏക്കറില്‍ താഴെ കൃഷി ഭൂമി

·     1000 ചതുരശ്ര അടിയില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍ ഫ്ലാറ്റ്

·     മുനിസിപ്പാലിറ്റിയില്‍ - 2.06 സെന്റില്‍ താഴെയുള്ള  റസിഡന്‍ഷ്യല്‍ പ്ലോട്ട്

·     പഞ്ചായത്തുകളില്‍ - 4.13 സെന്റില്‍ താഴെയുള്ള  റസിഡന്‍ഷ്യല്‍ പ്ലോട്ട്.

കേന്ദ്ര സര്‍ക്കാര്‍ മേഖലയിലെ സംവരണ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേക്ഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്‌.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര മാനദണ്ഡങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയോ അതില്‍ താഴെയോ  ആയിരിക്കണം. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ ചുവടെ ചേർക്കുന്നവ  ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.

·  മുൻസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം

·       സാമൂഹ്യ സുരക്ഷ പെൻഷനുകൾ

·       കുടുംബ പെൻഷൻ

·       തൊഴിലില്ലായ്മ വേതനം

·       ഉത്സവബത്ത

·       വിരമിക്കൽ ആനുകൂല്യങ്ങൾ

·       യാത്രാബത്ത  

സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ മേല്‍ വിവരിച്ച വരുമാന പരിധി പാലിക്കുന്നതിനോടൊപ്പം അപേക്ഷകന്റെ/കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (ഭൂമി എന്നതിൽ എല്ലാത്തരം ഭൂമിയും ഉൾപ്പെടും) ഒന്നും ഉണ്ടാകാനും പാടില്ല.

·       ഭൂമി

o   ഗ്രാമപഞ്ചായത്ത് പ്രദേശം – 2.5 ഏക്കര്‍ വരെ

o   മുനിസിപ്പാലിറ്റി പ്രദേശം – 75 സെന്റ് വരെ      

o   മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശം - 50 സെന്റ് വരെ

·       ഹൗസ് പ്ലോട്ട് (വീട് നില്‍ക്കുന്നതോ വീട് വയ്ക്കാന്‍ കഴിയുന്നതോ)

o   മുനിസിപ്പാലിറ്റി പ്രദേശം – 20 സെന്റ് വരെ

o   കോര്‍പ്പറേഷന്‍ പ്രദേശം - 15 സെന്റ് വരെ

കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്ത് ആയിരിക്കും പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കുക.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും മുനിസിപ്പൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ വിസ്തൃതി 2.5 ഏക്കറിൽ അധികരിക്കാൻ പാടില്ല.

മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ ഭൂവിസ്തൃതി 75 സെൻറിൽ അധികരിക്കാൻ പാടില്ല.

കുടുംബത്തിന് മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റില്‍ അധികരിക്കാൻ പാടില്ല.

ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കുന്നതാണ്.

AAY, PHH, റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ക്ക് അത്തരം റേഷന്‍ കാര്‍ഡില്‍ പേരുണ്ടെന്ന വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഈ സംവരണ ആനുകൂല്യം ലഭിക്കുന്നതാണ്. അവര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനമോ കൈവശമുള്ള ഭൂമിയുടെ അളവോ ബാധകമല്ല.

മറ്റു നിബന്ധനകൾ:

കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്‌. കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള Income and Asset Certificate സംബന്ധിച്ച അപ്പീലുകള്‍ ജില്ലാ മജിസ്ട്രേറ്റിനോ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോ ആണ് നൽകേണ്ടത്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു വില്ലേജ് ആഫീസര്‍മാരാണ്. അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമാണ്‌. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലുള്ള ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട തഹസിൽദാർക്ക്/റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.

അപ്പീല്‍ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യമുള്ള പക്ഷം അപ്പീല്‍ അധികാരിയുടെ മേല്‍ ഉദ്യോഗസ്ഥന് പുനഃപരിശോധനക്ക് അപേക്ഷ നല്‍കുകയും ചെയ്യാം.

പ്രധാന റഫറൻസ് :

1) 103 ആം ഭരണ ഘടനാ ഭേദഗതി 

2) കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ 17/01/2019 ലെ 20013/01/2018-BC-II നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം 

3) കേന്ദ്ര മാനവ വിഭവശേഷി (ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയത്തിന്റെ 17/01/2019 ലെ 12-4/2019-U1 നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം

4) കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍ (ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയത്തിന്റെ 19/01/2019 ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം

5) സ.ഉ.(കൈ)നം.52/2019/ GAD തീയതി 14.03.2019

6) സ.ഉ.(പി)നം.1/2020/P&ARD തീയതി 03.01.2020

7) സ.ഉ.(കൈ)നം.2/2020/ഉഭപവ തീയതി 12.02.2010

8) സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി: 03/06/2021

9) സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി: 05/07/2021

Sunday, 23 April 2023

EWS - Criteria for Reservation to Economically Weaker Sections in General Category - EWS Central Government Norms - EWS State Government Norms

EWS - Criteria for Reservation to Economically Weaker Sections in General Category - EWS Central Government Norms - EWS State Government Norms - മുന്നോക്ക വിഭാഗങ്ങളിലെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ മാനദണ്ഡങ്ങൾ.

 https://youtu.be/erjwAFR8RJs 

Tuesday, 5 January 2021

Combination of Leave

ഒന്നിലധികം അവധികൾ ഒരുമിച്ച് എടുക്കുന്നതിനെ കുറിച്ചും ഒരു അവധിക്കു തുടർച്ചയായി ഏതൊക്കെ അവധികൾ എടുക്കാം എന്നതു സംബന്ധിച്ചും പലരും സംശയങ്ങൾ ചോദിക്കാറുണ്ട്. ഇതു സംബന്ധിച്ച നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏതൊരു അവധിയും മറ്റേതൊരവധിയോടും ചേർത്തെടുക്കാം. അതുപോലെ ഏതൊരു അവധിക്കും തുടർച്ചയായി മറ്റേതൊരാവധിയും എടുക്കുകയും ചെയ്യാം. എന്നാൽ ആർജ്ജിത അവധിയും കമ്മ്യൂട്ടഡ് ലീവും ഒരുമിച്ച് എടുക്കുകയാണെങ്കിൽ ആകെ അവധി കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല.

കെ.എസ്.ആർ. ഭാഗം ഒന്ന് അനുബന്ധം XIIA, XIIB, XIIC എന്നിവ പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയോടൊപ്പമോ അവക്ക് തുടർച്ചയായോ മറ്റ് അവധികൾ എടുക്കാൻ കഴിയില്ല. 

എന്നാൽ കെ.എസ്.ആർ. ഭാഗം ഒന്ന് അനുബന്ധം XIIA, പ്രകാരം എടുക്കുന്ന ശൂന്യവേതന അവധി, അനുബന്ധം XII C പ്രകാരമുള്ള ശൂന്യവേതന അവധിയോടൊപ്പം ചേർത്തോ തുടർച്ചയായോ എടുക്കാം. അതുപോലെ അനുബന്ധം XII C പ്രകാരം എടുക്കുന്ന ശൂന്യവേതന അവധി അനുബന്ധം XIIA, പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയോടൊപ്പം ചേർത്തോ തുടർച്ചയായോ എടുക്കുകയും ചെയ്യാം. എന്നാൽ ഇവ തമ്മിൽ ചേർത്തടുക്കാവുന്ന പരമാവധി കാലയളവ് 5 വർഷമായി 5.11.2020 പ്രാബല്യത്തിൽ നിജപ്പെടുത്തിയിട്ടുണ്ട്. 

രണ്ട് അവധികൾക്കിടയിൽ വെക്കേഷൻ അനുവദിക്കാം. അതുപോലെ വെക്കേഷന്‌ മുൻപോ പിൻപോ അവധികൾ ചേർത്തെടുക്കാം. പക്ഷെ വെക്കേഷനും ആർജ്ജിത അവധിയും ചേർത്തെടുക്കുകയാണെങ്കിൽ രണ്ടും കൂടിയുള്ള കാലയളവ്, അവധിക്കണക്കിൽ ബാക്കിയുള്ള ആർജ്ജിത അവധികളുടെ എണ്ണത്തിലോ അവധിക്കണക്കിൽ 180 ദിവസത്തിൽ കൂടുതൽ ആർജ്ജിത അവധി ബാക്കിയുണ്ടെങ്കിൽ 180 ദിവസത്തിലോ കൂടാൻപാടില്ല. എന്നാൽ വെക്കേഷനും ആർജ്ജിത അവധിയും കമ്യൂട്ടഡ് ലീവും ചേർത്തെടുക്കുകയാണെങ്കിൽ മൂന്നും കൂടിയുള്ള ആകെ കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല. 

വെക്കേഷനും സ്പെഷ്യൽ കാഷ്വൽ ലീവും ചേർത്തെടുക്കാം. എന്നാൽ വെക്കേഷനും സ്പെഷ്യൽ കാഷ്വൽ ലീവും കാഷ്വൽ ലീവും കൂടി ചേർത്തെടുക്കാൻ കഴിയില്ല. അനുബന്ധം XIIA, XII C പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയുടെ മുന്നിലോ പിന്നിലോ വെക്കേഷൻ ചേർന്ന് വരുന്നത് അനുവദനീയമല്ല.

ആകസ്മിക അവധി, മറ്റു അവധികളോടോ പ്രവേശന കാലത്തോടോ വെക്കേഷനോടോ ചേർത്ത് സാധാരണയായി എടുക്കാൻ കഴിയുകയില്ല. എന്നാൽ വകുപ്പ് അധ്യക്ഷന് ബോധ്യപ്പെടുകയാണെങ്കിൽ പ്രത്യേക കേസുകളിൽ അത് അനുവദിക്കാം. ആകസ്മിക അവധി അംഗീകൃത അവധി ദിനങ്ങളോടൊപ്പം ചേർത്തെടുക്കുമ്പോൾ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുന്ന ദിവസങ്ങൾ പതിനഞ്ചിൽ കൂടാൻ പാടില്ല.

കോമ്പൻസേഷൻ ലീവ് അംഗീകൃത അവധി ദിനങ്ങളോടൊപ്പമോ ആകസ്മിക അവധിയോടോ ചേർത്തെടുക്കാം. പക്ഷെ ഇപ്രകാരം ചേർത്തെടുക്കുമ്പോൾ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുന്ന ദിവസങ്ങൾ പതിനഞ്ചിൽ കൂടാൻ പാടില്ല. റഗുലർ അവധികളോട് ചേർത്ത് കോമ്പൻസേഷൻ ലീവ് അനുവദിക്കാൻ പാടില്ല. 

ആര്‍ജ്ജിത അവധി, ഹാഫ് പേ ലീവ്, ശബളമില്ലാത്ത അവധി, ലീവ് നോട്ട് ഡ്യൂ , എന്നിവ പ്രസവ അവധിയോട് ചേര്‍ത്തെടുക്കാം. 

ചൈല്‍ഡ് അഡോപ്ഷന്‍ ലീവ് (Child Adoption Leave) നോട് ചേര്‍ത്ത് അനുബന്ധം XIIA, XIIB, XIIC എന്നിവ ഒഴികെയുള്ള അവധികൾ എടുക്കാം.

സ്പെഷ്യൽ കാഷ്വൽ ലീവുകളോടൊപ്പം സാധാരണ അവധികളും ആകസ്മിക അവധികളും ചേർത്തെടുക്കാം.

ആർജ്ജിത അവധി, ഹാഫ് പേ ലീവ്, കമ്മ്യൂട്ടഡ് ലീവ്, ലീവ് നോട്ട് ഡ്യൂ, ശൂന്യ വേതന അവധി എന്നിവയാണ് സാധാരണ (Ordinary) അവധികൾ. ഡിസബിലിറ്റി ലീവ്, പ്രസവാവധി, പറ്റേണിറ്റി ലീവ്, ചൈൽഡ് അഡോപ്ഷൻ ലീവ്, ഹോസ്പിറ്റൽ ലീവ്, ജോലി സ്ഥലത്ത് ലൈംഗിക അതിക്രമങ്ങൾക്ക് ഇര ആകുന്ന സ്ത്രീകൾക്ക് അന്വേഷണ കാലയളവിൽ അനുവദിക്കുന്ന അവധി, എന്നിവ പ്രത്യേക (Special) അവധികളുമാണ്. Nandakumar C (www.lsgadministration.com)     

Thursday, 31 December 2020

Disqualification of Members of LSGI's

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്ന് കഴിഞ്ഞിരിക്കുകയാണല്ലോ? തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആദ്യ യോഗം കൂടാൻ തീരുമാനിച്ചിട്ടുള്ള തീയതി മുതൽ അഞ്ചു വർഷമാണ് അംഗങ്ങളുടെ ഉദ്യോഗ കാലാവധി. ഈ ഉദ്യോഗ കാലാവധിക്കുള്ളിലെ ചില കാര്യങ്ങൾ ഒരു അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടാൻ കരണമാകുന്നവയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

  • തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ
  • താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്നു തവണ വീഴ്ചവരുത്തിയാൽ
  • താൻ കൺവീനറായിരിക്കുന്ന വാർഡ് കമ്മിറ്റിയുടെ / വാർഡ് സഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി രണ്ട് തവണ വീഴ്ചവരുത്തിയാൽ
  • ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി പ്രദേശത്തിനുള്ളിലെ താമസം അവസാനിപ്പിച്ചാൽ
  • സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടാൽ 
  • ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സ്വന്തം ഇഷ്ടപ്പെട്ട പ്രകാരം ആർജ്ജിച്ചാൽ
  • ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിന് അപേക്ഷിച്ചിരിക്കുകയോ അഥവാ ഒരു നിർദ്ധനനായി വിധിക്കപ്പെട്ടിരിക്കുകയോ ചെയ്താൽ (ഇൻസോൾവൻസി നിയമത്തിൻ കീഴിലെ ഇൻസോൾവൻസി കോടതിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകാനുള്ള അധികാരം)
  • സർക്കാരിനുവേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനുവേണ്ടിയോ/ മുനിസിപ്പാലിറ്റിക്കു വേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടാൽ 
  • ബന്ധപ്പെട്ടപഞ്ചായത്തിനെതിരായി/മുനിസിപ്പാലിറ്റിക്കെതിരായി അഭിഭാഷകനായി ജോലിസ്വീകരിച്ചിച്ചാൽ  
  • ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടുണ്ടെങ്കിൽ
  • പഞ്ചായത്തിനുണ്ടായ/മുനിസിപ്പാലിറ്റിക്കുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തരവാദിയായാൽ  
  • മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കോ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് നൽകിയിട്ടുള്ള ബില്ലിലോ നോട്ടീസിലോ തുക അടയ്ക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ
  • പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ ധനമോ മറ്റുവസ്തുക്കളോ നഷ്ടപെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്‌തെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയാൽ
    സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് 3 മാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിച്ചാൽ. (സാന്മാർഗിക ദൂഷ്യം എന്നതിന് നിർവചനം നൽകിയിട്ടില്ല. സമൂഹത്തിനെതിരായിട്ടുള്ള കുറ്റങ്ങളെ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റമായി കാണും).
  • അഴിമതി കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചാൽ 
  • ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചാൽ 
  • സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടായാൽ.
  • 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒരംഗത്തിന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രതിപാദിച്ചിട്ടുള്ളത് 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലാണ്. ഈ നിയമത്തിലെ വകുപ്പ് 3 പ്രകാരം:
  1. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം ആ രാഷ്ട്രീയ കക്ഷിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയാണെങ്കിലോ,
  2. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള  ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,
  3. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള  ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ  വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,  
  4. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യത്തിൽ നിന്നും പിന്മാറുകയോ,
  5. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ മറ്റേതെങ്കിലും സഖ്യത്തിലോ ചേരുകയോ,
  6. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,    
  7. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി  ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ  വോട്ടുചെയ്യുകയോ വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,     
  8. ഏതെങ്കിലും സഖ്യത്തിൽപ്പെടാത്ത ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരുകയാണെങ്കിലോ, അയാൾ ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗമായി തുടരുന്നതിന് അയോഗ്യനായിരിക്കും)
  • നിശ്ചിത തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാതിരിക്കുകയോ ബോധിപ്പിച്ച കണക്കുകൾ കളവയിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവുചെയ്യുകയോ ചെയ്താൽ
  • മുപ്പത് മാസത്തിനകം തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നൽകാതിരുന്നാൽ
  • തന്റെ ആസ്തിയെ സംബന്ധിച്ചുള്ള സ്റ്റേറ്റ്മെൻറ് ഓരോ രണ്ടുവർഷത്തിലൊരിക്കലും ലോകായുക്ത രജിസ്ട്രാർക്ക് നൽകാതിരുന്നാൽ
  • 1860 ലെ I.P.C. - IX A അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • 1951 ലെ R.P.ആക്ട് വകുപ്പ് 8 ൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന് കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക).
  • പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും.
  • പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • അഴിമതി പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
അയോഗ്യത സംബന്ധിച്ചുള്ള പരാതികൾ പരിഗണിച്ച് തീർപ്പുകൽപ്പിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തദ്ദേശഭരണ സ്ഥാപനത്തിലെ അംഗങ്ങൾക്കും അംഗത്തെ തിരഞ്ഞടുക്കാൻ അർഹതയുള്ള വോട്ടർക്കും അംഗത്വം സംബന്ധിച്ച പരാതികൾ നല്കാൻ കഴിയും. (Nanda Kumar C, www.lsgadministration.com)

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...