Wednesday, 19 August 2020

TIME BOUND HIGHER GRADE PROMOTIONS- Rules for Allowing TBHG Promotions

 സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകൾ

സീനിയോറിറ്റി കണക്കാക്കാതെ നിശ്ചിത യോഗ്യസേവനകാലം പൂർത്തിയാക്കിയ ജീവനക്കാർക്ക് ഒരു ഉയർന്ന ശമ്പള സ്കെയിൽ അനുവദിക്കുന്നതിനെയാണ് സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ എന്ന് പറയുന്നത്.

2) 1.07.1979 മുതലാണ് സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകൾ എന്ന ആനുകൂല്യം സർക്കാർ ജീവനക്കാർക്ക് ലഭിച്ചു തുടങ്ങിയത്. ജോലിയിൽ പ്രവേശിച്ച തസ്തികയിൽ 13 വർഷത്തെ യോഗ്യ സേവനകാലം ഉള്ളതും ആ കാലയളവിനുള്ളിൽ സ്ഥാനക്കയറ്റങ്ങൾ ഒന്നും ലഭിക്കാത്തവർക്കും 13 വർഷത്തെ യോഗ്യസേവനകാലത്തേക്ക് ഒരു ഉയർന്ന സ്കെയിൽ അനുവദിച്ചു കൊണ്ടാണ് ഈ സ്‌കീം ആരംഭിക്കുന്നത്. നോൺ ഗസറ്റഡ് ജീവനക്കാർക്ക് മാത്രമായിട്ടാണ് ഈ സ്‌കീം ആദ്യമായി ആരംഭിച്ചതെങ്കിലും പിന്നീട് ഗസറ്റഡ് ജീവനക്കാർക്കും ഗ്രേഡ് ആനുകൂല്യം അനുവദിക്കുകയുണ്ടായി. സ്ഥാനക്കയറ്റങ്ങൾ ലഭിക്കുന്നതിന് വർഷങ്ങൾ എടുക്കുന്ന വകുപ്പുകളിലെ ജീവനക്കാർക്ക് വളരെ ആശ്വാസമാണ് ഈ സ്‌കീം.

3) 1.07.1979 നു ശേഷം ധാരാളം മാറ്റങ്ങൾക്ക് ഈ സ്‌കീം വിധേയമായിട്ടുണ്ട്. ശമ്പള പരിഷ്കരണ ഉത്തരവുകളിലാണ് സമയ ബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകളെ സംബന്ധിച്ച നിബന്ധനകളും മറ്റും സാധാരണയായി പരിഷ്കരിച്ചു വരുന്നത്. സമയ ബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകളുടെ നിലവിലുള്ള നിബന്ധനകളാണ് ഈ പോസ്റ്റിലൂടെ വിവരിക്കാൻ ശ്രമിക്കുന്നത്, അതായതു 1.2.2016 മുതലുള്ള രീതി.

4) 8,15,22,27 എന്നീ വർഷ കാലയളവുകളിലാണ് ജീവനക്കാർക്ക്‌ സാധാരണയായി സമയ ബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകൾ അനുവദിക്കുന്നത്. ഇതിൽ എല്ലാ  വർഷത്തെ സമയബന്ധിത ഹയർ ഗ്രേഡുകളും എല്ലാ ജീവനക്കാർക്കും ലഭിക്കുകയില്ല. 19000-43600 രൂപ വരെ സ്കെയിലുകളിൽ നിയമനം ലഭിച്ചവർക്കേ ടി നാല് സമയ ബന്ധിത ഹയർ ഗ്രേഡുകള്‍ക്കും അർഹതയുള്ളൂ. 20000-45800 മുതൽ 26500- 56700 വരെ സ്കെയിലുകളിൽ നിയമനം ലഭിച്ചവർക്ക് ആദ്യത്തെ മൂന്നു ഗ്രേഡുകൾക്കാണ് അർഹത. അവർക്കു 27 വർഷത്തെ നാലാമത്തെ ഗ്രേഡിന് അർഹതയില്ല. 27800-59400 മുതൽ 40500-85000 വരെ സ്കെയിലുകളിൽ നിയമനം ലഭിച്ചവർക്ക് ആദ്യത്തെ രണ്ട്  ഗ്രേഡുകൾക്കാണ് അർഹത. അവർക്കു 22,27 എന്നീ വർഷങ്ങളിലെ ഗ്രേഡുകൾ കിട്ടുകയില്ല. അതുപോലെ 42500-87000 മുതൽ 55350-101400  വരെ സ്കെയിലുകളിൽ നിയമനം ലഭിച്ചവർക്ക് ആദ്യത്തെ ഒരു ഗ്രേഡിനാണ്  അർഹത. അവർക്കു 15,22,27 എന്നീ വർഷങ്ങളിലെ ഗ്രേഡുകൾക്കു അർഹതയില്ല. 55350-101400 ന് മുകളിലെ സ്കെയിലുകളിൽ നിയമനം ലഭിച്ചവർക്ക് സമയ ബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകളൊന്നും ലഭിക്കുകയില്ല.

5) എൻട്രി പോസ്റ്റുകളുടെ ശമ്പള സ്കെയിലുകളും  ആ സ്കെയിലുകൾക്കു അർഹതപെട്ട ഗ്രേഡുകൾക്കു ലഭിക്കുന്ന സ്കെയിലുകളും 2014 ലെ ശമ്പള പരിഷ്കരണ ഉത്തരവിലെ അനക്‌സർ മൂന്നിലെ I,II,III എന്നീ പട്ടികകളിൽ വിശദീകരിച്ചിട്ടുള്ളത് കാണുക. (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.)

 6) 2014 ലെ ശമ്പള പരിഷ്കരണ ഉത്തരവിലെ അനക്‌സർ ഒന്നിലെ സ്കെയിലുകളിൽ, 32300-68700 വരെ സ്കെയിലുകളിൽ നിയമനം ലഭിച്ചിട്ടുള്ളവർക്ക്അവർ പ്രൊമോഷന് ആവശ്യമായ യോഗ്യതകൾ എല്ലാം നേടിയിട്ടുണ്ടെങ്കിൽ, സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കുമ്പോൾനേരത്തെ പറഞ്ഞ പട്ടിക I,II,III എന്നിവയിലെ സ്കെയിൽ അല്ല നൽകേണ്ടത്. പകരം അവർക്കു അവരുടെ തൊട്ടടുത്ത റെഗുലർ പ്രൊമോഷന് ലഭിക്കുന്ന സ്കെയിൽ നൽകണം. റെഗുലർ പ്രൊമോഷന്റെ സ്കെയിൽ എന്നു പറയുമ്പോൾ പൊതുവായി ഒരു ജീവനക്കാരാന് ലഭിക്കേണ്ട പ്രൊമോഷൻ സ്കെയിൽ എന്നാണ് വിവക്ഷിക്കേണ്ടത്. അതായത് ഒരു വകുപ്പിൽ ഹെഡ് ക്ലർക്ക് തസ്തിക ഇല്ലെങ്കിൽ  ആ വകുപ്പിലെ  സീനിയർ ക്ലർക്കിനു ജൂനിയർ സൂപ്രണ്ടായി പ്രൊമോഷൻ ലഭിക്കുമെങ്കിലും ആ വകുപ്പിലെ സീനിയർ ക്ലർക്കിനു രണ്ടാമത്തെ സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കുമ്പോൾ ഹെഡ് ക്ലർക്കിന്റെ സ്കെയിലേ  അനുവദിക്കാവൂ.  35700-75600 മുതലുള്ള സ്കെലുകളിൽ തുടരുന്നവർക്കും ആ സ്കെയിലില്‍ ആദ്യ നിയമനം ലഭിച്ചവർക്കും സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കുമ്പോൾ   റെഗുലർ പ്രൊമോഷന്റെ സ്കെയിൽ ലഭിക്കുകയില്ല. അവർക്കു പട്ടിക II ലെയോ III ലെയോ സ്കെയിലുകളാണ് ലഭിക്കുന്നത്.

7) പ്രൊമോഷന് ആവശ്യമായ യോഗ്യതകൾ നേടാത്ത ഒരാൾക്ക് സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കുമ്പോൾ ശമ്പളപരിഷ്കരണ ഉത്തരവിലെ അനക്‌സർ ഒന്നിൽ പ്രതിപാദിച്ചിരിക്കുന്ന സ്കെയിലുകളിൽ (സ്റ്റാൻഡേർഡ് സ്കെയിലുകൾ), നിലവിൽ വാങ്ങികൊണ്ടിരിക്കുന്ന ശമ്പള സ്കെയിലിന്റെ തൊട്ടടുത്ത സ്കെയിലാണ് നൽകേണ്ടത്.

8) മേൽ ഖണ്ഡികക  6    ലും  7  ലും പ്രതിപാദിച്ചിട്ടുള്ളവർ  ഒഴികെയുള്ളവർക്കും റെഗുലർ  പ്രൊമോഷൻ പോസ്റ്റിന്റെ സ്കെയിൽ മുകളിൽ പറഞ്ഞ പട്ടിക ഒന്നിലോ, രണ്ടിലോ, മൂന്നിലോ, പറഞ്ഞിരിക്കുന്നതിനേക്കാൾ  കുറഞ്ഞിട്ടുള്ളവർക്കും   സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ നൽകുമ്പോൾ അവർക്ക് മുകളിൽ പറഞ്ഞ പട്ടിക ഒന്നിലോ, രണ്ടിലോമൂന്നിലോ പറഞ്ഞിരിക്കുന്ന സ്കെയിലുകൾ നൽകണം.

9) 17000 - 37500 17500 - 37500 എന്നീ സ്കെയിലുകൾ എൻട്രി  സ്കെയിലുകൾ ആയിട്ടുള്ളവർക്ക് 22 വർഷത്തെ സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കുമ്പോൾ അവർക്കു ലാസ്റ്റ്ഗ്രേഡ് സർവീസ്  ഉണ്ടെങ്കിൽ അതുകൂടി യോഗ്യസേവനകാലമായി പരിഗണിച്ച് 22 വർഷത്തെ സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ അനുവദിക്കാം. എന്നാൽ അവരുടെ 8,15,27 എന്നീ വർഷങ്ങളിലെ  ഗ്രേഡുകൾക്ക് ഈ ആനുകൂല്യം അനുവദനീയം അല്ല.

10) രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷനുകൾ അനുവദിക്കുമ്പോൾ നൽകേണ്ട സ്കെയിലുകൾ, യഥാക്രമം ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രൊമോഷൻ പോസ്റ്റുകളുടെ സ്കെയിലുകളെക്കാൾ കുറവോ തുല്യമോ ആണെങ്കിൽ, അവർക്കു അനക്‌സർ ഒന്നിൽ, യഥാക്രമം ഒന്നാമത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പ്രൊമോഷൻ പോസ്റ്റുകൾക്ക്, നിശ്ചയിച്ചിട്ടുള്ള സ്കെയിലുകളുടെ തൊട്ടടുത്ത സ്കെയിൽ നൽകേണ്ടതാണ്.

11) 1.02.2016 ന് മുൻപ് സമയബന്ധിത ഹയർ ഗ്രേഡ് പ്രൊമോഷൻ ലഭിച്ചാൽ ഗ്രേഡ് അനുവദിച്ച തീയതിക്ക് ശേഷം ഇൻക്രിമെന്റ്  തീയതിക്ക് അപ്പുറമാകാത്ത ഒരു തീയതിയിൽ ഗ്രേഡ് പ്രൊമോഷന്റെ ശമ്പളം നിശ്ചയിക്കുന്നതിനായി ഓപ്ഷൻ നൽകാമായിരുന്നു. ഈ ഓപ്ഷൻ സൗകര്യം 2014 ലെ ശമ്പള പരിഷ്കരണ ഉത്തരവിൽ എടുത്തുകളഞ്ഞിട്ടുണ്ട്.1.02.2016 ന് ശേഷം ഗ്രേഡ് ലഭിക്കുന്നവർ ഗ്രേഡ് അനുവദിച്ച തീയതിയിൽ തന്നെ 28 എ ഫിക്സേഷൻ നടത്തേണ്ടതാണ്.

12) ഗ്രേഡ് അനുവദിക്കുന്നതിനുള്ള യോഗ്യ സേവനകാലം മറ്റു മാനദണ്ഡങ്ങൾ എന്നിവ ക്രോഡീകരിച്ചുകൊണ്ട്  ധന വകുപ്പ് 8.8.200846/2008/ധന. നമ്പറായി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഗ്രേഡുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ആ സർക്കുലർ റഫര്‍ ചെയ്യാവുന്നതാണ്. 2014 ലെ പേ റിവിഷൻ ഉത്തരവിലെ അനക്‌സർ മൂന്നിലും ഗ്രേഡ് പ്രൊമോഷനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മേൽ സർക്കുലറിന്റെയും അതിനു ശേഷം പുറപ്പെടുവിച്ചിട്ടുള്ള പ്രധാനപ്പെട്ട ഉത്തരവുകൾ/സർക്കുലറുകൾ  എന്നിവയുടെയും ലിങ്കുകൾ ചുവടെ കൊടുത്തിരിക്കുന്നു.(Nandakumar.C) www.lsgadministration.com

Circular No.46/2008/Fin. Dated: 08.08.2008-Time Bound Higher Grade Promotions-Guidelines

G.O.(P)No.577/09/Fin.Dated:23.12.2009-Time Bound Higher Grade Promotions- Reckoning Prior Aided School Service of Non-Teaching Staff

G.O.(P)No.408/2015/Fin.Dated:14.09.2015-Time Bound Higher Grade Promotions-Counting of War/military Service

Time Bound Higher Grade Promotion Scheme- Para 7 to 10 and Annexure III of Pay Revision Order 2014

G.O.(P)No.33/2016(3)/Fin.Dated:03.03.2016-Time Bound Higher Grade Promotions- Counting of War/military Service

G.O.(Ms.)No.396/2016/Fin.Dated:12.10.2016-Time Bound Higher Grade Promotions- to LGS in Aided Sector

CircularNo.113/2018/Fin. Dated: 30.11.2018-Time Bound Higher Grade Promotions-Fixation of Pay – Clarification

G.O.(P)No.141/2019/Fin.Dated:19.10.2019-Time Bound Higher Grade Promotions-Clarification

G.O(P)No.21/2020/Fin. Dated:25.2.2020-Cancellation of G.O on 19.10.2019

2 comments:

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...