തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള വോട്ടർ പട്ടിക പുതുക്കൽ നടക്കുകയാണല്ലോ? പലരും ഫാറം 5, ഫാറം 8 എന്നിവയുടെ ഉപയോഗവും വ്യത്യാസവും സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. സാധാരണയായി നാം തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടിയുള്ള വോട്ടർ പട്ടികകളിൽ പേരുകൾ ചേർക്കുന്നതും ഉൾകുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ അതിനായി സമയവിവര പട്ടിക പ്രസിദ്ധപ്പെടുത്തുമ്പോൾ ആണ്.
എന്നാൽ നിയമം അനുശാസിക്കുന്നത്, നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാനദിവസത്തിനു ശേഷവും
തെരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും ഉള്ള സമയത്തല്ലാതെ, ഏതൊരു സമയത്തും എപ്പോൾ വേണമെങ്കിലും നിലവിലുള്ള വോട്ടർ പട്ടികയിലെ ഏതെങ്കിലും ഉൾകുറിപ്പ് സംബന്ധിച്ച പിശക് തിരുത്തന്നതിനോ, ഒരാൾ അയാളുടെ താമസസ്ഥലം മാറി എന്നതിനാൽ അയാളുടെ പേര് ആ വോട്ടർ പട്ടികയുടെ തന്നെ മറ്റൊരിടത്തെക്ക്
മാറ്റുന്നതിനോ, ആരെങ്കിലും മരിച്ചു പോകുകയോ ആ നിയോജകമണ്ഡലത്തിൽ
നിന്നു താമസം മാറുകയോ ചെയ്താൽ അയാളുടെ പേര് ആ വോട്ടർ പട്ടികയിൽ നിന്നും നീക്കം
ചെയ്യുന്നതിനോ ആർക്കും അപേക്ഷിക്കാവുന്നതാണ് എന്നാണ്(കെ.പി. ആർ.എ.വകുപ്പ് 23 / കെ.എം.എ. വകുപ്പ്79 ).
കൂടാതെ വോട്ടർ പട്ടികയിൽ തന്റെ പേര്
ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും, നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള
അവസാന ദിവസത്തിനു ശേഷവും തെരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും ഉള്ള
സമയത്തല്ലാതെ, ഏതൊരു സമയത്തും എപ്പോൾ
വേണമെങ്കിലും നിലവിലുള്ള വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് കെ.പി. ആർ.എ.വകുപ്പ് 24 / കെ.എം.എ. വകുപ്പ് 80 പ്രകാരം അപേക്ഷിക്കാവുന്നതുമാണ്.
വകുപ്പ് 23/79 ൽ പറഞ്ഞിട്ടുള്ളതുപോലെ, വോട്ടർ പട്ടികയിൽ പേരുള്ള ആരെങ്കിലും മരിച്ചു പോകുകയോ ആ നിയോജകമണ്ഡലത്തിൽ നിന്നു താമസം മാറുകയോ ചെയ്യുന്ന അവസരത്തിൽ, അയാളുടെ പേര് ആ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനാണ്, ആ വോട്ടർ പട്ടികയിൽ പേരുള്ള ഒരാൾക്ക്, ചട്ടം 25 പ്രകാരം, ഫാറം 8 ൽ അപേക്ഷ സമർപ്പിക്കാവുന്നത്.
കെ.പി. ആർ.എ.വകുപ്പ് 22 (2)ഉം, കെ.എം.എ. വകുപ്പ് 78(2)ഉം, ചട്ടം 24 ഉം, കൂട്ടിവായിക്കുന്നതിൽനിന്നും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിർദ്ദേശാനുസരണം വോട്ടർ പട്ടികകൾ പരിഷ്കരിക്കുന്ന കാര്യത്തിൽ 3 മുതൽ 22 വരയുള്ള ചട്ടങ്ങൾ ബാധകമായിരിക്കുമെന്ന് മനസിലാക്കാം. ഇത്തരം സന്ദർഭത്തിൽ ചട്ടം 25 പ്രകാരം ഉള്ള ഫാറം 8 ന് ഉപയോഗം ഇല്ലാത്തതാണ്. അതായത് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള സമയവിവര പട്ടിക നിലവിലുള്ളപ്പോൾ വോട്ടർ പട്ടികയിൽ പേര് ഉൾപെടുത്തുന്നതിൻമേലോ ഉൾപ്പെടുത്തിയതിൻമേലോ ഉള്ള ആക്ഷേപങ്ങൾ ചട്ടം 11(2) അനുസരിച്ച് ഫാറം 5 ലാണ് വാങ്ങേണ്ടത്. ഈ സമയത്ത് ഫാറം 8 ന് ഉപയോഗം ഇല്ലെന്ന് അർത്ഥം.
അതനുസരിച്ച് ഇപ്പോൾ വോട്ടർ പട്ടികയിൽ പേര് ഉൾപെടുത്തുന്നതിൻമേലോ ഉൾപ്പെടുത്തിയതിൻമേലോ ഉള്ള ആക്ഷേപങ്ങൾ ചട്ടം 11(2) അനുസരിച്ചുള്ള ഫാറം 5 ലാണ് സ്വീകരിക്കേണ്ടത്.
ഇപ്പോൾ രജിസ്‌ട്രേഷൻ ആഫീസർ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത് അപ്പലേറ്റ് അതോറിറ്റി ആയ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ/റീജിയണൽ ജോയിന്റ് ഡയറക്ടർ(അർബൻ അഫയേഴ്‌സ്)നു ആണ്.അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.കെ.പി. ആർ. എ. വകുപ്പ് 25 , കെ. എം. എ. വകുപ്പ് 81 എന്നിവയിൽ പ്രതിപാദിച്ചിട്ടുള്ള ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥാനുള്ള അപ്പീലും ഈ സന്ദർഭത്തിൽ ബാധകമല്ല.(Nanda Kumar C)
Most relevant information
ReplyDelete