തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.
- നാമനിർദ്ദേശം ചെയ്യപ്പെടുന്ന സ്ഥാനാർത്ഥി ഭരണഘടനയിലേയും 1994 ലെ കേരളാ പഞ്ചായത്ത് രാജ്/ മുനിസിപ്പാലിറ്റി ആക്റ്റിലെയും വ്യവസ്ഥകൾ പ്രകാരം അംഗമായി തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യതയുള്ള ആളായിരിക്കണം.
- ഫാറം 2 (Form 2 PAN/ Form 2 MUN) ലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. (വരണാധികാരിക്ക് അപേക്ഷ നൽകിയാൽ ഫാറം സൗജന്യമായി ലഭിക്കും.)
- നിശ്ചിത ഫാറത്തിലുള്ള സത്യപ്രതിജ്ഞ യഥാവിധി ചെയ്തിരിക്കണം.
- നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാവുന്ന ദിവസങ്ങളിൽ ഉച്ചക്ക് മുൻപ് പതിനൊന്ന് മണിക്കും ഉച്ച തിരിഞ്ഞു മൂന്നു മണിക്കും ഇടക്കുള്ള സമയത്ത് സ്ഥാനാർത്ഥിയോ നാമനിർദ്ദേശകനോ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ ഓഫീസിൽ നേരിട്ടെത്തി വരണാധികാരിക്കോ ഉപവരണാധികാരിക്കോ നാമനിർദ്ദേശ പത്രിക നേരിട്ടു നൽകണം.
- ഒരു പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശിക്കപ്പെടരുത്. എന്നാൽ പഞ്ചായത്തുകളുടെ കാര്യത്തിൽ ഒരാൾക്ക് ഒരേ സമയം ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാം. അങ്ങനെ ഒരു പൊതുതിരഞ്ഞെടുപ്പിൽ ഒന്നിലധികം തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 15 ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ/പഞ്ചായത്തുകളുടെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരിക്കണം. അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളിലെ അംഗത്വവും നഷ്ടപ്പെടും.
- മത്സരിക്കുന്ന നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകനായിരിക്കണം നാമനിർദ്ദേശകൻ.
- നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയും നാമനിർദ്ദേശകനും ഒപ്പിട്ടിരിക്കണം.
- പട്ടിക ജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ടവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ നാമനിർദ്ദേശ പത്രികയിലെ ജാതി സംബന്ധിച്ച സത്യപ്രസ്താവന ഒപ്പിട്ടിരിക്കണം.
- സ്ഥാനാർത്ഥിയുടെയും നാമനിർദ്ദേശകന്റെയും ഒപ്പുകൾ യഥാസ്ഥലങ്ങളിൽ തന്നെ ഇടണം.
- നാമനിർദ്ദേശ പത്രികയോടൊപ്പം ഫാറം 2 A (Form 2 A PAN/ Form 2 A MUN) യിലെ വിശദാംശങ്ങൾ (സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ, അയാളുടെയും ആശ്രിതരുടെയും ജംഗമ സ്വത്തുക്കൾ, സ്ഥാവര സ്വത്തുക്കൾ, ബാധ്യത/ കുടിശ്ശിക, എന്നിവയും അയാളുടെ വിദ്യാഭ്യാസ യോഗ്യത, 1999 ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ ) ആക്ട് പ്രകാരം കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ) പൂരിപ്പിച്ചു നൽകണം.
- നാമനിർദ്ദേശ പത്രികയിലേയും ഫാറം 2 A യിലേയും എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിച്ചിരിക്കണം. കോളങ്ങൾ ഒഴിച്ചിടാനോ വരച്ചിടാനോ പാടില്ല. കൃത്യമായും പൂരിപ്പിക്കാതെയാണ് ഫാറങ്ങൾ നൽകുന്നതെങ്കിൽ അവ നൽകപ്പെട്ടിട്ടില്ലെന്നു കരുതും.
- പട്ടിക ജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ടവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ അത് സംബന്ധിച്ച ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം. മൂന്നുവർഷം സാധുതാ കാലയളവുള്ള ജാതി സർട്ടിഫിക്കറ്റുകളും പരിഗണിക്കും.
- സർവീസിൽ നിന്നും പിരിച്ചു വിട്ടിട്ട് അഞ്ചു വർഷം കഴിയാത്ത ആളാണെങ്കിൽ അയാളെ പിരിച്ചുവിട്ടിട്ടുള്ളത് അഴിമതിക്കോ കൂറില്ലായ്മക്കോ അല്ല എന്ന സാക്ഷ്യപത്രം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും വാങ്ങി നാമനിർദ്ദേശ പത്രികയോടൊപ്പം ഹാജരാക്കണം.
- സ്ഥാനാർത്ഥി ആ പഞ്ചായത്തിലെ വേറെ ഏതെങ്കിലും മണ്ഡലത്തിലെ വോട്ടറാണെങ്കിൽ ആ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ലെങ്കിൽ, സൂക്ഷ്മ പരിശോധന സമയത്ത് അത് നിർബന്ധമായും നൽകണം.
- ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നിലധികം നാമനിർദ്ദേശങ്ങൾ വരണാധികാരി വാങ്ങുകയില്ല.
- അധിക നാമനിർദ്ദേശങ്ങൾ വെവ്വേറെ സമ്മതിദായകരിൽ നിന്നായിരിക്കണം.
- ഒന്നിലധികം നാമനിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ചിഹ്നങ്ങൾ അനുവദിക്കുന്നത് ആദ്യം സമർപ്പിച്ച നാമനിർദ്ദേശത്തിലെ ചിഹ്നങ്ങളുടെ മുൻഗണന അനുസരിച്ചായിരിക്കും. അതിനാൽ ആദ്യ നാമനിർദ്ദേശത്തിൽ തന്നെ ചിഹ്നങ്ങൾ മുൻഗണന ക്രമത്തിൽ രേഖപ്പെടുത്താൻ മറക്കരുത്. ചിഹ്നം അനുവദിച്ചതിൽ പരാതിയുണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാവുന്നതാണ്. (ചിഹ്നങ്ങളുടെ ലിസ്റ്റ്). ഈ ലിസ്റ്റിൽ ഇടക്കിടക്ക് ഭേദഗതി വരാറുണ്ട്.
- തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കായി കെട്ടിവയ്ക്കേണ്ട തുക പണമായി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ അല്ലെങ്കിൽ അത് ട്രെഷറിയിൽ നിശ്ചിത ഹെഡിൽ ഒടുക്കിയതിന്റെ ചെല്ലാൻ നമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ ചെയ്യണം. (നിക്ഷേപത്തുക ഗ്രാമ പഞ്ചായത്തിന്റെ കാര്യത്തിൽ ആയിരം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും കാര്യത്തിൽ രണ്ടായിരം രൂപയും ജില്ല പഞ്ചായത്തിന്റെയും മുനിസിപ്പൽ കോർപറേഷന്റെയും കാര്യത്തിൽ മുവായിരം രൂപയുമാണ്).
- പട്ടികജാതി പട്ടികവർഗക്കാർക്ക് നിക്ഷേപത്തുകയുടെ പകുതി കെട്ടിവച്ചാൽ മതി. പക്ഷേ ജനറൽ സീറ്റിൽ മത്സരിക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗക്കാർ ഈ ഇളവ് ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം.
- ഒന്നിലധികം നാമനിർദ്ദേശം നൽകുന്നവർ ഒന്നിൽ കൂടുതൽ നിക്ഷേപം കെട്ടിവയ്ക്കേണ്ടതില്ല. നോട്ട്: സ്ഥാനാർത്ഥികളാവാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നിരുന്നാലും ഉദ്യോഗസ്ഥർക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. Nanda Kumar C, www.lsgadministration.com.
മൂന്നിലധികം നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് അയോഗ്യതയ്ക്ക് കാരണമല്ല എന്ന കോടതി വിധിയുണ്ട്
ReplyDeleteഅത് കണ്ടിട്ടില്ല. കോടതി വിധി മെയിൽ ചെയ്യുമോ?
Deleteകൃത്യ സമയത്തുള്ള പോസ്റ്റ്...... ഒരാൾ മൂന്നിൽ കൂടുതൽ പത്രിക സമർപ്പിച്ചു എന്ന കാരണത്താൽ മാത്രം പത്രിക നിരസിക്കാൻ പാടുള്ളതല്ല എന്ന് കമ്മിഷൻ നിർദ്ദേശം ഉണ്ട്.. കാരണം അയോഗ്യതയുടെ കാരണങ്ങളിൽ അത് ഉൾപ്പെടുന്നില്ല
ReplyDeletecorrect
Deleteനോമിനേഷന് ഫീസ് ഈടാക്കിയതിന് TR-5 രസീത് ആണോ നല്കേണ്ടത്
ReplyDeleteസ്ഥാനാർത്ഥിയുടെ നാമനിർദ്ദേശകൻ അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ ആയാൽ കുഴപ്പമുണ്ടോ
ReplyDeleteഇല്ല.മത്സരിക്കുന്ന വാർഡിൽ അവർക്ക് വോട്ട് ഉണ്ടായിരിക്കണം
ReplyDelete