Wednesday, 28 October 2020

Correction of Entries and Inclusion of Names in the Electoral Rolls - Procedure - Rule 25

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ, കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23,24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവും പേര് ചേർക്കുന്നതിനും, നിലവിലുള്ള ഉൾകുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്കിയിരിക്കുകയാണല്ലോ?

ഇത് സംബന്ധിച്ച സംബന്ധിച്ച നടപടിക്രമങ്ങൾ വിവരിച്ചിട്ടുള്ളത് ചട്ടം 25 ലാണ്. ഫാറം 4, 4A, 6, 7 എന്നിവ ഓൺലൈൻ ആയും ഫാറം 5, ഫാറം 8 എന്നിവ ഡ്യൂപ്ളിക്കേറ്റ് സഹിതം നേരിട്ടും ലഭിക്കും. ഓൺലൈനായി കിട്ടുന്ന അപേക്ഷയുടെ രണ്ട് പകർപ്പ് നമ്മൾ എടുക്കണം. അതിൽ ഒരു പകർപ്പും ഫാറം 5, ഫാറം 8 എന്നിവ യുടെ ഡ്യൂപ്ളിക്കേറ്റ് കോപ്പിയും നമ്മുടെ നോട്ടീസ് ബോർഡിൽ, അവയിന്മേൽ ആക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള 7 ദിവസത്തെ നോട്ടീസ് സഹിതം, പ്രദർശിപ്പിക്കണം (നോട്ടീസിന്റെ മാതൃക E.R.O. ഹാൻഡ് ബുക്കിന്റെ അനുബന്ധം 8 ൽ പറഞ്ഞിട്ടുണ്ട്). നോട്ടീസ് കാലാവധി കഴിഞ്ഞ ശേഷം അപേക്ഷകളും, ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അവയും പരിഗണിക്കേണ്ടതും രജിസ്‌ട്രേഷൻ ഓഫീസർക്ക് ബോധ്യപ്പെടുന്നെങ്കിൽ അപേക്ഷ അനുവദിക്കേണ്ടതുമാണ്. അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം രേഖപെടുത്തണം. വകുപ്പ് 23, 24/ 79, 80 എന്നിവ അനുസരിച്ചുള്ള അപേക്ഷകളിൽ കക്ഷികൾക്ക് നോട്ടീസ് നൽകണമെന്ന് ചട്ടങ്ങളിൽ പറഞ്ഞിട്ടില്ല. പക്ഷെ ഫാറം 8 ൽ ലഭിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട കക്ഷിക്ക്‌ നോട്ടീസ് നൽകി അയാൾക്ക്‌ പറയാനുള്ളത് പറയാൻ അവസരം നൽകണമെന്ന് കമ്മീഷൻ ഹാൻഡ് ‌ബുക്കിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ചു നൽകേണ്ട നോടീസിന്റെ മാതൃകയും അതിൽ കൊടുത്തിട്ടുണ്ട്. (നന്ദകുമാർ സി www.lsgadministration.com)

Sunday, 25 October 2020

Revision of Voters List as per Sections 23, 24 /, 79, 80

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ, കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവും പേര് ചേർക്കുന്നതിനും, നിലവിലുള്ള ഉൾകുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം  നല്കിയിരിക്കുകയാണല്ലോ?. പ്രതിപാദിച്ചിരിക്കുന്ന നിയമങ്ങളുടെ സാരാംശം ഇപ്രകാരമാണ്.

നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു ശേഷവും തെരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും ഉള്ള സമയത്തല്ലാതെ, ഏതൊരു സമയത്തും  എപ്പോൾ വേണമെങ്കിലും, നിലവിലുള്ള  വോട്ടർ പട്ടികയിലെ ഏതെങ്കിലും  ഉൾകുറിപ്പ് സംബന്ധിച്ച പിശക് തിരുത്തന്നതിനോ, ഒരാൾ അയാളുടെ താമസ സ്ഥലം മാറി എന്നതിനാൽ അയാളുടെ പേര് ആ  വോട്ടർ പട്ടികയുടെ തന്നെ മറ്റൊരിടത്തെക്ക് മാറ്റുന്നതിനോആരെങ്കിലും മരിച്ചു പോകുകയോ ആ നിയോജക മണ്ഡലത്തിൽ നിന്നു താമസം മാറുകയോ ചെയ്താൽ അയാളുടെ പേര് ആ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനോ ആർക്കും അപേക്ഷിക്കാവുന്നതാണ്. (കെ.പി. ആർ.എ.വകുപ്പ് 23 / കെ.എം.എ. വകുപ്പ് 79 ). കൂടാതെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും, നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു ശേഷവും തെരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും ഉള്ള സമയത്തല്ലാതെ, ഏതൊരു സമയത്തും എപ്പോൾ വേണമെങ്കിലും നിലവിലുള്ള വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന്   കെ.പി.ആർ.എ. വകുപ്പ് 24 /   കെ.എം.എ. വകുപ്പ് 80  പ്രകാരം അപേക്ഷിക്കാവുന്നതുമാണ്.

തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 25 അനുസരിച്ച് വകുപ്പുകൾ 23, 24 / 79, 80 എന്നിവ പ്രകാരമുള്ള എല്ലാ അപേക്ഷകളും ആക്ഷേപങ്ങളും 4, 4A, 6, 7 എന്നീ ഫാറങ്ങളിൽ ഓൺലൈനായും ഫാറം 5 ലെ ആക്ഷേപവും ഫാറം 8 ലെ അപേക്ഷയും ഡ്യൂപ്ലിക്കേറ്റ് സഹിതം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ ഫാറം 5,  ഫാറം എന്നിവയുടെ ഉപയോഗവും വ്യത്യാസവും സംബന്ധിച്ച് സംശയങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്. 

നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ള ആരെങ്കിലും മരിച്ചു പോകുകയോ ആ നിയോജകമണ്ഡലത്തിൽ നിന്നു താമസം മാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അയാളുടെ പേര് ആ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനാണ്, ആ വോട്ടർ പട്ടികയിൽ പേരുള്ള ആൾ, ചട്ടം 25 പ്രകാരം, ഫാറം ൽ അപേക്ഷ നൽകേണ്ടത്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി ഫോറം നാലിലോ നാല് - എ യിലോ ലഭിക്കുന്ന അപേക്ഷകൾക്കെതിരെയുള്ള ആക്ഷേപങ്ങൾ ഫാറം 5 ലും വാങ്ങുക. 

ഇപ്പോൾ രജിസ്‌ട്രേഷൻ ആഫീസർ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത്, വകുപ്പ് 25 / 81 ഉം ചട്ടം 26 ഉം അനുസരിച്ച്, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ്. അപ്പീൽ ഫീസ് 10 രൂപയാണ്. രജിസ്‌ട്രേഷൻ ആഫീസറുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകണം. (നന്ദകുമാർ സി www.lsgadministration.com)

Thursday, 22 October 2020

Medical Reimbursement - Treatment in Private Hospitals

  സർക്കാർ ജീവനക്കാരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുള്ള മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റിനെ കുറിച്ച് വിവരിക്കുന്നത് ചട്ടം (8) ലാണ്. സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ തിരികെ നൽകുന്നതാണ്. പക്ഷെ സർക്കാർ ജീവനക്കാരുടെ സ്റ്റേഷന്റെ 5 കീ.മീ. ചുറ്റളവിൽ അതേ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രിയുണ്ടെങ്കിൽ അവിടെ തന്നെ ചികിത്സ തേടണം. ചികത്സ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ ബില്ലുകൾ സമർപ്പിക്കണം. വകുപ്പ് അദ്ധ്യക്ഷൻ / ജില്ലാ കളക്ടർക്ക് ഒരു മാസം വരെയുള്ള  കാലതാമസം മാപ്പാക്കം.

    ചട്ടം (8) ലെ നിബന്ധനകളിൽ ഇളവു വരുത്തിക്കൊണ്ട് G.O.(P)No.45/97/H&FWD, Dated: 18.2.1997  പ്രകാരം സർക്കാർ ഉത്തരവു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച്  സർക്കാർ ആശുപത്രി മേധാവിയുടെയോ യൂണിറ്റ് ചീഫിന്റെയോ അനുബന്ധം II ലുള്ള അനുമതിയോടെ (റഫറൻസ്) രോഗിയെ  നിശ്ചിത രോഗങ്ങൾക്കുള്ള സംസ്ഥാനത്തിനകത്തെ ചികിത്സാ കേന്ദ്രങ്ങളായി സർക്കാർ അഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്കായി റഫർ ചെയ്യാവുന്നതാണ്.  സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്ക് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ അനുബന്ധംII ലുള്ള മുൻ‌കൂർ  അനുമതി  വാങ്ങിയിരിക്കേണ്ടതാണ്. ലിസ്റ്റു ചെയ്തിട്ടുള്ള രോഗങ്ങളുടെ  ചികത്സക്ക് പലിശ രഹിത വായ്പയും ജീവനക്കാരന് ലഭിക്കും.

    18.02.1997 ലെ ഉത്തരവിനു ശേഷം ധാരാളം സ്വകാര്യ ആശുപത്രികളെയും രോഗങ്ങളെയും  ഉൾപ്പെടുത്തി ഈ സൗകര്യം വിപുലീകരിച്ചിട്ടുണ്ട്. അങ്ങനെ എം പാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ ചുവടെ കൊടുത്തിട്ടുള്ളത് കാണുക. കൂടാതെ ചില അസുഖങ്ങൾക്ക് മുകളിൽ പറഞ്ഞ റഫറൻസ് ഇല്ലാതെയും അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സ തേടുന്നതിന് G.O.(Ms)No.184/2017/H&FWD, Dated:15.12.2017 പ്രകാരം സർക്കാർ അനുവാദം നൽകിയിട്ടുമുണ്ട്.

 സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലല്ലാതെ ചികിത്സ തേടുന്ന സംഗതികളിൽ അടിയന്തിര സാഹചര്യം പരിഗണിച്ച് മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ് നൽകിയിരുന്നത് ചുവടെ പറഞ്ഞിട്ടുള്ള 12.06.2020 ലെ സർക്കുലർ പ്രകാരം നിറുത്തലാക്കിയുട്ടുണ്ട്. കൂടാതെ എല്ലാ വിഭാഗം മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റുകളും  (I.V.F. ചികിത്സ ഒഴികെ) അനുവദനീയമായ തുകയുടെ 80 % ആയി നിജപ്പെടുത്തി 23.11.2020 ൽ ഉത്തരവുകയും ചെയ്തിട്ടുമു ണ്ട്.  (നന്ദകുമാർ സി,www.lsgadminisration.com)

Circular No.24623 /G 2/12/ H&FWD, Dated:11.07.2012

G.O.(P)No.144/2013/H&FWD, Dated:22.04.2013 

G.O.(P)No.10/2016/H&FWD, Dated:21.01.2016

G.O.(Ms)No.184/2017/H&FWD, Dated:15.12.2017

Circular No.34/2020/Fin , Dated:12.06.2020

G.O.(Ms)No.122/2020/Fin  Dated:23.11.2020

Sunday, 18 October 2020

Employed Elected Members of LSGLs - Duty Leave

വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് അവയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ചുവടെ പറയും പ്രകാരം അവധികൾ അനുവദിച്ചിട്ടുണ്ട്. 

  1. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ  - വിദ്യാഭ്യാസ വർഷം 20 ദിവസത്തെ ഡ്യൂട്ടി ലീവ്. ഇവർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
  2. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മറ്റ് അംഗങ്ങൾ - വിദ്യാഭ്യാസ വർഷം 15  ദിവസത്തെ ഡ്യൂട്ടി ലീവ്. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
  3. സ്വകാര്യ കോളേജിലെ അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ  - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD  Dated: 20.04.1989) 
  4. സ്വകാര്യ കോളേജിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
  5. സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89 /LAD Dated: 20.04.1989)
  6. സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989) 
  7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ അംഗനവാടി ഹെൽപ്പർ/വർക്കർ - 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ അംഗനവാടി ഹെൽപ്പർ/വർക്കർമാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (G.O.(Ms.)No.81 /2015/SJD  Dated: 30.12.2015) 
  8. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (ജി.ഒ.(എം.എസ്.)നം.142 /1999 /സഹ തീയതി : 28.09.1999)
  9. തദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ എയ്ഡഡ് സ്കൂൾ/ കോളേജ് അദ്ധ്യാപകർ, അദ്ധ്യാപകേതര ജീവനക്കാർ, സഹകരണ ജീവനക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ  എന്നിവർക്ക് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ വിവിധ ആവശ്യങ്ങൾക്കായുള്ള ഗ്രാമസഭ, വാർഡ് വികസനസമിതി, കുടുംബശ്രീ, അയൽസഭ, വാർഡുതല സാനിറ്റേഷൻ കമ്മറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ ട്രെയിനിങ്ങുകൾ, സെമിനാറുകൾ എന്നിവയ്ക്ക് കൂടി  ഒരു വർഷം പരമാവധി 15 ദിവസത്തെ ഡ്യൂട്ടി ലീവ്. (സ.ഉ.(സാധാ) നം.1118/2024/തസ്വഭവ തീയതി :24.06.2024) - (നന്ദ കുമാർ സി, www.lsgadministration.com )

Wednesday, 14 October 2020

Election to LSGIs - Points to be Noted While Submitting Nominations

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ. 
  1. നാമനിർദ്ദേശം ചെയ്യപ്പെടുന്ന സ്ഥാനാർത്ഥി ഭരണഘടനയിലേയും 1994 ലെ കേരളാ പഞ്ചായത്ത് രാജ്/ മുനിസിപ്പാലിറ്റി ആക്റ്റിലെയും വ്യവസ്ഥകൾ പ്രകാരം അംഗമായി തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യതയുള്ള ആളായിരിക്കണം. 
  2. ഫാറം 2 (Form 2 PAN/ Form 2 MUN) ലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. (വരണാധികാരിക്ക് അപേക്ഷ നൽകിയാൽ ഫാറം സൗജന്യമായി ലഭിക്കും.)
  3. നിശ്ചിത ഫാറത്തിലുള്ള സത്യപ്രതിജ്ഞ യഥാവിധി ചെയ്തിരിക്കണം.
  4. നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാവുന്ന ദിവസങ്ങളിൽ ഉച്ചക്ക് മുൻപ്  പതിനൊന്ന് മണിക്കും ഉച്ച തിരിഞ്ഞു മൂന്നു മണിക്കും ഇടക്കുള്ള സമയത്ത് സ്ഥാനാർത്ഥിയോ നാമനിർദ്ദേശകനോ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ ഓഫീസിൽ നേരിട്ടെത്തി വരണാധികാരിക്കോ ഉപവരണാധികാരിക്കോ നാമനിർദ്ദേശ പത്രിക നേരിട്ടു നൽകണം. 
  5. ഒരു പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശിക്കപ്പെടരുത്. എന്നാൽ പഞ്ചായത്തുകളുടെ കാര്യത്തിൽ ഒരാൾക്ക് ഒരേ സമയം ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാം. അങ്ങനെ ഒരു പൊതുതിരഞ്ഞെടുപ്പിൽ ഒന്നിലധികം  തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 15 ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ/പഞ്ചായത്തുകളുടെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരിക്കണം. അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളിലെ അംഗത്വവും നഷ്ടപ്പെടും.  
  6. മത്സരിക്കുന്ന നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകനായിരിക്കണം നാമനിർദ്ദേശകൻ. 
  7. നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയും നാമനിർദ്ദേശകനും ഒപ്പിട്ടിരിക്കണം.
  8. പട്ടിക ജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ടവർക്ക്‌ വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ നാമനിർദ്ദേശ പത്രികയിലെ ജാതി സംബന്ധിച്ച സത്യപ്രസ്താവന ഒപ്പിട്ടിരിക്കണം.
  9. സ്ഥാനാർത്ഥിയുടെയും നാമനിർദ്ദേശകന്റെയും ഒപ്പുകൾ യഥാസ്ഥലങ്ങളിൽ തന്നെ ഇടണം.
  10. നാമനിർദ്ദേശ പത്രികയോടൊപ്പം ഫാറം 2 A (Form 2 A PAN/ Form 2 A MUN) യിലെ വിശദാംശങ്ങൾ (സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ, അയാളുടെയും ആശ്രിതരുടെയും ജംഗമ സ്വത്തുക്കൾ, സ്ഥാവര സ്വത്തുക്കൾ, ബാധ്യത/ കുടിശ്ശിക, എന്നിവയും അയാളുടെ വിദ്യാഭ്യാസ യോഗ്യത,  1999 ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ ) ആക്ട് പ്രകാരം കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ) പൂരിപ്പിച്ചു നൽകണം.
  11. നാമനിർദ്ദേശ പത്രികയിലേയും ഫാറം 2 A യിലേയും എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിച്ചിരിക്കണം. കോളങ്ങൾ ഒഴിച്ചിടാനോ വരച്ചിടാനോ പാടില്ല. കൃത്യമായും പൂരിപ്പിക്കാതെയാണ് ഫാറങ്ങൾ നൽകുന്നതെങ്കിൽ അവ  നൽകപ്പെട്ടിട്ടില്ലെന്നു കരുതും. 
  12. പട്ടിക ജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ടവർക്ക്‌ വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ അത് സംബന്ധിച്ച ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം. മൂന്നുവർഷം സാധുതാ കാലയളവുള്ള ജാതി സർട്ടിഫിക്കറ്റുകളും പരിഗണിക്കും.
  13. സർവീസിൽ നിന്നും പിരിച്ചു വിട്ടിട്ട് അഞ്ചു വർഷം കഴിയാത്ത ആളാണെങ്കിൽ  അയാളെ പിരിച്ചുവിട്ടിട്ടുള്ളത് അഴിമതിക്കോ കൂറില്ലായ്മക്കോ അല്ല എന്ന സാക്ഷ്യപത്രം സംസ്ഥാന തിരഞ്ഞെടുപ്പ്  കമ്മീഷനിൽ നിന്നും വാങ്ങി നാമനിർദ്ദേശ പത്രികയോടൊപ്പം ഹാജരാക്കണം.
  14. സ്ഥാനാർത്ഥി ആ പഞ്ചായത്തിലെ വേറെ ഏതെങ്കിലും മണ്ഡലത്തിലെ വോട്ടറാണെങ്കിൽ ആ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ലെങ്കിൽ, സൂക്ഷ്മ പരിശോധന സമയത്ത് അത് നിർബന്ധമായും നൽകണം.
  15. ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നിലധികം നാമനിർദ്ദേശങ്ങൾ  വരണാധികാരി വാങ്ങുകയില്ല.
  16. അധിക നാമനിർദ്ദേശങ്ങൾ വെവ്വേറെ  സമ്മതിദായകരിൽ നിന്നായിരിക്കണം.
  17. ഒന്നിലധികം നാമനിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ചിഹ്നങ്ങൾ അനുവദിക്കുന്നത് ആദ്യം സമർപ്പിച്ച നാമനിർദ്ദേശത്തിലെ ചിഹ്നങ്ങളുടെ മുൻഗണന അനുസരിച്ചായിരിക്കും. അതിനാൽ ആദ്യ നാമനിർദ്ദേശത്തിൽ തന്നെ  ചിഹ്നങ്ങൾ മുൻഗണന ക്രമത്തിൽ രേഖപ്പെടുത്താൻ മറക്കരുത്. ചിഹ്നം അനുവദിച്ചതിൽ പരാതിയുണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാവുന്നതാണ്. (ചിഹ്നങ്ങളുടെ ലിസ്റ്റ്). ഈ ലിസ്റ്റിൽ ഇടക്കിടക്ക് ഭേദഗതി വരാറുണ്ട്. 
  18. തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കായി കെട്ടിവയ്‌ക്കേണ്ട തുക പണമായി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ അല്ലെങ്കിൽ അത് ട്രെഷറിയിൽ നിശ്ചിത ഹെഡിൽ ഒടുക്കിയതിന്റെ ചെല്ലാൻ നമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ ചെയ്യണം. (നിക്ഷേപത്തുക ഗ്രാമ പഞ്ചായത്തിന്റെ കാര്യത്തിൽ ആയിരം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും കാര്യത്തിൽ രണ്ടായിരം രൂപയും ജില്ല പഞ്ചായത്തിന്റെയും മുനിസിപ്പൽ കോർപറേഷന്റെയും കാര്യത്തിൽ മുവായിരം രൂപയുമാണ്).
  19. പട്ടികജാതി പട്ടികവർഗക്കാർക്ക് നിക്ഷേപത്തുകയുടെ പകുതി കെട്ടിവച്ചാൽ മതി. പക്ഷേ ജനറൽ സീറ്റിൽ മത്സരിക്കുന്ന പട്ടികജാതി പട്ടിക വർഗ്ഗക്കാർ ഈ ഇളവ് ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം.
  20. ഒന്നിലധികം നാമനിർദ്ദേശം നൽകുന്നവർ ഒന്നിൽ കൂടുതൽ നിക്ഷേപം കെട്ടിവയ്‌ക്കേണ്ടതില്ല.  നോട്ട്: സ്ഥാനാർത്ഥികളാവാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നിരുന്നാലും ഉദ്യോഗസ്ഥർക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.  സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. Nanda Kumar C, www.lsgadministration.com. 

Monday, 12 October 2020

Medical Reimbursement - Eligibility

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട് ലഭിച്ച ചില ചോദ്യങ്ങൾക്കുള്ള മറുപടി ചുവടെ കൊടുക്കുന്നു. കമന്റ് ബോക്സിൽ മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നല്കാൻ ശ്രമിക്കുന്നതാണ്. 
1) ചോദ്യം: ഏതൊക്കെജീവനക്കാർക്കാണ് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന് അർഹതയുള്ളത്? പാർട്ട് ടൈം ജീവനക്കാർക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന് അർഹതയുണ്ടോ?
    ഉത്തരം: 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ മെഡിക്കൽ അറ്റൻഡൻസ് ചട്ടങ്ങളിലെ ചട്ടം മുന്നിലാണ് ഈ ചട്ടം ബാധകമായിട്ടുള്ള ജീവനക്കാർ ആരൊക്കെയാണെന്ന് പറയുന്നത്. സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബത്തിനുമാണ് സൗജന്യ ചികിത്സക്ക് /ചികിത്സക്ക് ചെലവായ തുക തിരികെ ലഭിക്കുന്നതിന് അർഹതയുള്ളത്. സർക്കാർ ജീവനക്കാർ എന്നതിൽ സസ്പൻഷനിൽ നിൽക്കുന്ന ജീവനക്കാരൻ, റൂൾ 9 (a) (1) അനുസരിച്ച് നിയമനം ലഭിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരൻ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരൻ, എയ്ഡഡ്  കോളേജുകളിലെ ജീവനക്കാർ, നിയമനത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് നിയോഗിക്കപെട്ടവർ, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക  ജീവനക്കാർ, എന്നിവർ ഉൾപ്പെടും. കുടുംബം എന്നതിൽ ഭാര്യ അല്ലെങ്കിൽ  ഭർത്താവ്, മക്കൾ (including adopted children and step children), സർക്കാർ ജീവനക്കാരനെ പൂർണമായും ആശ്രയിച്ചു കഴിയുന്ന രക്ഷിതാക്കൾ എന്നിവരാണ് ഉൾപ്പെടുന്നത്. ഒരു സർക്കാർ ജീവനക്കാരിയുടെ/ജീവനക്കാരന്റെ ഇണ വിരമിച്ച ജീവനക്കാരി/ജീവനക്കാരൻ ആണെങ്കിലും ഇണക്ക് സൗജന്യ ചികിത്സക്ക് അർഹതയുണ്ട്. എന്നാൽ വിരമിച്ച രക്ഷിതാക്കളുടെ കാര്യത്തിൽ ഈ ആനുകൂല്യം ലഭിക്കുകയില്ല. മേൽ ചട്ടങ്ങളിലെ സർക്കാർ ജീവനക്കാർ എന്ന നിർവ്വചനത്തിൽ  നിന്നും പാർട്ട് ടൈം ജീവനക്കാർ, ഹോണറേറിയം കൈപറ്റുന്നവർ, പെൻഷന് അർഹതയില്ലാത്തവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ആയതിനാൽ പാർട്ട് ടൈം ജീവനക്കാർക്ക് സൗജന്യ ചികിത്സക്ക്/ചികിത്സക്ക് ചെലവായ തുക തിരികെ ലഭിക്കുന്നതിന് അർഹതയില്ല.
2) ചോദ്യം: വാങ്ങിയ മരുന്നുകളുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ബില്ലുകൾ നൽകുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ?
    ഉത്തരം: വാങ്ങിയ മരുന്നുകളുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ബില്ലുകൾ നൽകുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. റൂൾ 9 (3) പ്രകാരം പ്രസ്തുത ക്ലെയിമുകൾ ചികിത്സ അവസാനിച്ച് മൂന്നു മാസം കഴിയുന്നതിനു മുൻപ് നൽകണം. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാൽ നിശ്ചിത സമയത്തിനകം ബില്ലുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ജില്ലാ ആഫിസർമാർക്ക് ഒരു മാസവും വകുപ്പ് മേധാവിക്ക് മൂന്നു മാസവും അതിൽ കൂടിയാൽ സർക്കാരിനും കാലതാമസം മാപ്പാക്കാം.  ചികിത്സയുടെ അവസാന ദിവസം കണക്കാക്കുന്നത് Authorised Medical Attendant എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന ദിവസം മുതലാണ്. (നന്ദകുമാർ സി,lsgadministration.com)  

Saturday, 10 October 2020

Election to LSGIs- Subsisting Contract- Eligibility

സ്ഥാനാർത്ഥികളുടെ അയോഗ്യത സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് 34(ജി)/90(ജി) യും അയോഗ്യതകളിൽനിന്നും ഒഴിവാക്കൽ ചട്ടങ്ങളും അനുസരിച്ച് സർക്കാരുമായോ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്ക് വേണ്ടി ചെയ്യുന്ന  ഏതെങ്കിലും പണിയിലോ അവകാശ ബന്ധമുണ്ടെങ്കിൽ ചില കാര്യങ്ങളിലൊഴിച്ച് സ്ഥാനാർത്ഥികൾക്ക് അയോഗ്യത ഉണ്ടാകാം. പ്രസ്തുത നിയമങ്ങളും  ഇതു സംബന്ധിച്ച കോടതി വിധികളും അനുസരിച്ച് ഇപ്രകാരമുള്ള അവകാശബന്ധത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളവർ ആരൊക്കെയെന്ന് നോക്കാം. 
  1. കമ്പനിയുടെ ഡയറക്ടർ അല്ലാത്ത ഓഹരിക്കാരൻ.
  2. സർക്കാരിന്റെയോ ഏതെങ്കിലും തദ്ദേശഭരണസ്ഥാപനത്തിന്റെയോ വല്ല പരസ്യവും കൊടുക്കുന്ന വർത്തമാനപത്രത്തിൽ  പങ്കോ അവകാശബന്ധമോ കടപത്രമോ ഉള്ളവർ. 
  3. സർക്കാരോ തദ്ദേശ ഭരണ സ്ഥാപനമോ എടുത്തിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്നവർ. 
  4. ഒരു സ്ഥാവര വസ്തുവിന്റെ വില്പന, വാങ്ങൽ, പാട്ട കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർ. 
  5. ഇടപാട് കാലാവധിക്കുള്ളിൽ ഒരു വർഷം മൊത്തം ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ 5000 രൂപവരെയും ബ്ലോക് പഞ്ചായത്തിന്റെ കാര്യത്തിൽ 7000 രൂപവരെയും ജില്ലാ പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ 10000 രൂപവരെയും  സാധാരണ വാങ്ങാലോ വിൽപ്പനയോ നടത്തുന്നവർ. 
  6. പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ ഏതെങ്കിലും കെട്ടിടമോ കടമുറിയോ വാടകക്കോ പാട്ടത്തിനോ എടുത്തിട്ടുള്ളവർ. 
  7. സമൂഹത്തിന്റെ നന്മക്കുവേണ്ടി സമൂഹത്തിന്റെയോ  സ്പോൺസറിന്റെയോ പ്രതിനിധി എന്ന നിലയിൽ  പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ പണി ഏറ്റെടുത്തു നടത്തുന്നവർ. (ഗുണഭോക്‌തൃ സമിതി, പാടശേഖര സമിതി തുടങ്ങിയവ ). 
  8. റേഷൻ കടയുടെ ലൈസൻസി. (നന്ദകുമാർ സി, www.lsgadministration.com) 
 

Wednesday, 7 October 2020

Election to LSGIs - Qualifications and Disqualifications of Candidates

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മൽത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 29,30,31,32,33,34 എന്നിവയിലും മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 85,86,87,88,89 എന്നിവയിലുമാണ് പ്രതിപാദിക്കുന്നത്. രണ്ടു നിയമങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെ സമാനമായ വ്യവസ്ഥകളാണ് യോഗ്യതകൾക്കും അയോഗ്യതകൾക്കും പറഞ്ഞിട്ടുള്ളത്. അവയിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ ചുവടെ ചേർക്കുന്നു.

യോഗ്യതകൾ 

  • മത്സരിക്കാൻ ഉദ്ദേശിക്കുന്ന പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കണം. 
  • നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ തന്റെ ഇരുപത്തിയൊന്നാം വയസ് പൂർത്തിയാക്കിയിരിക്കണം. 
  • ഏതെങ്കിലും സംവരണ മണ്ഡലത്തിൽ മത്സരിക്കാനാണെങ്കിൽ ആ വിഭാഗത്തിൽപെട്ട ആളായിരിക്കണം. 
  • പഞ്ചായത്തിന്റെ കാര്യത്തിൽ പട്ടിക ഒന്നിലുള്ള (മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ പട്ടിക രണ്ടിലുള്ള) സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ വരണാധികാരിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റാരുടേയെങ്കിലുമോ മുൻപാകെ നടത്തി ഒപ്പിട്ടു നൽകിയിരിക്കണം.
  • പഞ്ചായത്ത് ആക്ടിലെയോ മുനിസിപ്പാലിറ്റി ആക്ടിലെയോ മറ്റേതെങ്കിലും വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടാത്ത ആളായിരിക്കണം
അയോഗ്യതകൾ 
  • സംസ്ഥാന സർക്കാരിലെയോ കേന്ദ്ര സർക്കാരിലെയോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയോ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. 
  • സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിയന്ത്രിക്കുന്ന കോർപറേഷനിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. 
  • സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള ഏതെങ്കിലും കമ്പനിയിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. കമ്പനി എന്നതിൽ കേരള സഹകരണ സംഘങ്ങൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളും ഉൾപെടും.
  • സംസ്ഥാനത്തെ ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവകലാശാലയിലേയോ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. (വകുപ്പ് 30). (മുനിസിപ്പൽ നിയമത്തിൽ ഈ പ്രയോഗം സംസ്ഥാന നിയമ പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള ബോർഡുകളിലെയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ എന്നാണ്.(വകുപ്പ് 86))
  • ജീവനക്കാരൻ എന്നതിൽ പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഉൾപെടും. അങ്കണവാടി ജീവനക്കാർ, ബലവാടി ജീവനക്കാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്കുമാർ എന്നിവർ ഉൾപ്പെടുകയില്ല. അങ്കണവാടി ജീവനക്കാർ, ബലവാടി ജീവനക്കാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്കുമാർ എന്നിവർക്ക് മത്സരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിൽ സാക്ഷരതാ പ്രേരക്കുമാരുടെ കാര്യം പറയുന്നില്ല. സാക്ഷരതാ പ്രേരക്ക്‌മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളൂ. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സി.ഡി.എസ്. അക്കൗണ്ടന്റുമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.
  • അഴിമതിക്കോ കൂറില്ലായ്മക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട മുകളിൽ പറഞ്ഞ ജീവനക്കാർക്ക് പിരിച്ചുവിട്ട് അഞ്ചുകൊല്ലം കഴിയാതെ മത്സരിക്കാൻ കഴിയുകയില്ല. 
  • 1860 ലെ I.P.C. - IX A അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (IPC Chapter IXA)
  • 1951 ലെ R.P.ആക്ട് വകുപ്പ് 8 ൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (RP Act Section 8)
  • ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന് കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക).
  • നിശ്ചിത തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാത്തതിനോ ബോധിപ്പിച്ച കണക്കുകൾ കളവായതുകൊണ്ടോ പരിധിയിൽ കൂടുതൽ ചെലവുചെയ്തതിനോ   സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ തീയതി മുതൽ 5 വർഷം വരെ അയോഗ്യത ഉണ്ടാകും.
  • പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിക്കാൻ കഴിയുകയില്ല.
  • പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും.
  • സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് 3 മാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.സാന്മാർഗിക ദൂഷ്യം എന്നതിന് നിർവചനം നൽകിയിട്ടില്ല. സമൂഹത്തിനെതിരായിട്ടുള്ള കുറ്റങ്ങളെ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റമായി കാണും.
  • അഴിമതി കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • ഒരു വിദേശ രാജ്യത്തിലെ പൗരത്വം സ്വേച്ഛയാ ആർജിച്ചിരിക്കുന്നുവെങ്കിൽ അയോഗ്യത ഉണ്ടാകും.
  • പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • അഴിമതി പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • നിർദ്ധനനായി വിധിക്കപെടുന്നതിനുള്ള അപേക്ഷകനായിരിക്കുകയോ ഒരു അവിമുക്ത (കട ബാധ്യതകളിൽനിന്നും മുക്തനല്ലാത്ത) നിർദ്ധനനായിരിക്കുകയോ ചെയ്താൽ അയോഗ്യത ഉണ്ടാകും. ഇൻസോൾവൻസി നിയമത്തിൻ കീഴിലെ ഇൻസോൾവൻസി കോടതിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകാനുള്ള അധികാരം.
  • സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • സർക്കാരിന് വേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിന് വേണ്ടിയോ പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിൽ ഏർപ്പെട്ടിരിക്കുന്നുവെങ്കിൽ അയോഗ്യത ഉണ്ടാകും.
  • മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലെക്കോ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കോ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ പറഞ്ഞിരിക്കുന്ന സമയം കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • വകുപ്പ് 30 (1) / 86(1) ൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടില്ലെങ്കിൽ അയോഗ്യത ഉണ്ടാകും.
  • 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • വക്കീലായി പ്രാക്റ്റീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • ഒരു ബധിര മൂകൻ (ബധിരനും മൂകനും) ആണെങ്കിൽ അയോഗ്യത ഉണ്ടാകും.
  • സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയുട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • പഞ്ചായത്തിന്റെ ധനമോ മറ്റുവസ്തുക്കളോ നഷ്ടപെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്‌തെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ടെകിൽ അയോഗ്യത ഉണ്ടാകും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരികൾക്കായി പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ കൈപുസ്തകത്തിന്റെ അധ്യായം മൂന്നിൽ കോടതി വിധികൾ സഹിതം ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് വായിക്കക.   

ഒരു സ്ഥാനാർത്ഥി ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനായിട്ടുണ്ടോ എന്ന പ്രശ്‍നം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീർപ്പിന് വിടേണ്ടതാണ്. 

ഈ പോസ്റ്റ് സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നന്ദ കുമാർ സി (www.lsgadministration.com)

Sunday, 4 October 2020

JOINING TIME - Rules

കെ.എസ്‌,ആർ.ഭാഗം ഒന്ന് അദ്ധ്യായം പത്തിലാണ് പ്രവേശന കാലത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. പ്രവേശന കാലം അനുവദിക്കുന്നത് ചുവടെ പറയുന്ന മൂന്ന് സാഹചര്യങ്ങളിലാണ്.

  1. ഒരു തസ്തികയിൽ ജോലി നോക്കി വരവെ പുതിയൊരു തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ; 
  2. ആർജിത അവധിയിൽ നിന്നും തിരികെ വരുമ്പോൾ പുതിയ പോസ്റ്റിൽ പ്രവേശിക്കേണ്ടി വന്നാൽ;
  3. ആർജിത അവധി ഒഴികെയുള്ള അവധിയിൽ നിന്നും തിരികെ വരുമ്പോൾ മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ  പുതിയ പോസ്റ്റിൽ പ്രവേശിക്കേണ്ടി വന്നാൽ;

പ്രവേശന കാലം സംബന്ധിച്ച പ്രധാന നിബന്ധനകൾ ചുവടെ ചേർക്കുന്നു.

  • ദൂരം എട്ട് കിലോമീറ്ററിൽ കുറവുള്ള സ്ഥലത്തേക്കാണ് സ്ഥലം മാറ്റമെങ്കിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ  ഒരു ദിവസം എടുക്കാം. ഈ ഒരു ദിവസത്തിൽ ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളും ഉൾപ്പെടും.  സ്ഥലം മാറ്റം അതേ ഓഫീസിലാണെങ്കിൽ പ്രവേശനകാലം ലഭിക്കുകയില്ല;
  • പ്രവേശന കാലത്തെ തുടർന്ന് പൊതു അവധികൾ വരികയാണെങ്കിൽ ആ അവധികളും കൂടി പ്രവേശന കാലമായി കരുതും;
  • ലീവിൽ നിൽക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവേശനകാലം, ലീവ് അനുവദിച്ച അധികാരിയുടെ അനുവാദമുണ്ടെങ്കിൽ, ലീവിനോട് സഫിക്സ് ചെയ്തിട്ടുള്ള അവധി കഴിഞ്ഞതിനു ശേഷം മുതൽ കണക്കാക്കിയാൽ മതി;
  • പ്രവേശനകാലം 30 ദിവസത്തിൽ കവിയാൻ പാടില്ല;
  • പ്രവേശനകാലം 6 ദിവസത്തെ തയ്യാറെടുപ്പു കാലവും യാത്രയ്ക്ക് അനുവദിച്ചിട്ടുള്ള സമയവും ഉൾപ്പെട്ടതാണ്;
  • തയ്യാറെടുപ്പ് കാലം കണക്കാക്കുമ്പോൾ ഞായറാഴ്ച ഒഴിവാക്കണം.മറ്റെല്ലാ അവധി/ പ്രവർത്തി ദിവസങ്ങളും ഉൾപ്പെടുത്തും;
  • സാധാരണ യാത്ര സമയം ഇനി പറയുന്ന രീതിയിലാണ് കണക്കാക്കുന്നത്;       എ) ട്രെയിൻ യാത്ര - 500 കിലോമീറ്ററിന് ഒരു ദിവസം (അതിൽ കൂടുതലുള്ള  യാത്രയ്ക്ക് യഥാർത്ഥ യാത്രാ സമയം). ബി) ബസ്സ് യാത്ര -150 കിലോമീറ്ററിന് ഒരു ദിവസം (അതിൽ കൂടുതലുള്ള യാത്രയ്ക്ക് യഥാർത്ഥ യാത്രാ സമയം) (റയിൽവേ   സ്റ്റേഷനിലേക്കും റയിൽവേ സ്റ്റേഷനിൽ നിന്നും ഉള്ള എട്ട് കിലോമീറ്ററിൽ കുറവുള്ള റോഡ് യാത്രകൾ യാത്രാ സമയത്തിൽ ഉൾപെടുത്തുകയില്ല.) സി) വിമാന യാത്ര - യഥാർത്ഥ യാത്രാ സമയം (മേൽ പറഞ്ഞ എല്ലാ യാത്രകളിലും ഒരു ദിവസത്തിൽ കുറഞ്ഞ യാത്രാ സമയം ഒരു ദിവസമായി കണക്കാക്കും);
  • യാത്രാ സമയം കണക്കാക്കുമ്പോൾ ഞായറാഴ്ച ഒഴിവാക്കണം. മറ്റെല്ലാ അവധി/പ്രവർത്തി ദിവസങ്ങളും ഉൾപ്പെടുത്തും;
  • സ്ഥലം മാറ്റം അനുവദിക്കുന്ന അധികാരിക്ക് പ്രത്യേക സാഹചര്യങ്ങളിൽ പ്രവേശനകാലം കുറയ്ക്കാൻ അധികാരമുണ്ട്;
  • വിമാന യാത്രയുടെ സംഗതിയിൽ ഒഴികെ പഴയ സ്ഥലത്തും പുതിയ സ്ഥലത്തും റെയിൽ ബന്ധം ഉണ്ടെങ്കിൽ ട്രെയിൻ യാത്രയെ അനുവദിക്കൂ.  മുറ്റു യാത്രകളിൽ സാധാരണ യാത്ര മാർഗ്‌ഗം അവലംബിക്കണം;
  • ട്രാൻസിറ്റിൽ നിൽക്കുന്ന ഒരാളെ മറ്റൊരു പുതിയ സ്ഥലത്തേക്ക് മാറ്റിയാൽ പുതിയ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച തീയതി മുതൽ അധിക യാത്ര സമയം ലഭിക്കും. ഇതേ വ്യവസ്ഥതന്നെയാണ്  ട്രാൻസിറ്റിൽ നിൽക്കുന്ന ആളുടെ സ്ഥലംമാറ്റം ക്യാൻസൽ ചെയ്താലും. തിരികെ പഴയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള സമയം പ്രവേശന കാലമായി പരിഗണിക്കും;            
  • ട്രാൻസിറ്റിൽ നിൽക്കുമ്പോൾ ലീവെടുത്താൽ ലീവ് കണക്കാക്കുന്നത് സ്ഥലം മാറ്റത്തെ തുടർന്ന് റിലീവ് ചെയ്ത ദിവസം മുതലാണ്. ലീവ് കഴിയുമ്പോൾ പ്രവേശന കാലം കണക്കാക്കി തുടങ്ങും;
  • ആർജിത അവധിയിൽ തുടരുന്ന ഒരാളെ സ്ഥലംമാറ്റിയാൽ അയാൾ ആർജിത അവധി കഴിഞ്ഞ ശേഷം പ്രവേശനകാലവും എടുത്തിട്ട് പുതിയ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. ഉദാഹരണമായി 30 ദിവസത്തെ ആർജിത അവധിയിൽ നിൽക്കുന്ന ആളെ സ്ഥലംമാറ്റിയെന്നു വിചാരിക്കുക. അയാൾക്ക് അർഹതപ്പെട്ട പ്രവേശനകാലം 8 ദിവസവുമാണെന്ന് കരുതുക. അയാൾ 38 ദിവസം കഴിഞ്ഞ് പുതിയ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. ഇയാൾ മുപ്പത്തിരണ്ടാം ദിവസം പുതിയസ്റ്റേഷനിൽ പ്രവേശിച്ചാൽ ബാക്കിയുള്ള 6 ദിവസം, പുതിയ ഓഫീസ് മേധാവിത്തന്നെ, പഴയ ഓഫീസിലായിരുന്നപ്പോൾ എടുത്ത ആർജിത അവധിയിൽ കുറവ് വരുത്തി ഉത്തരവ് നൽകണം;
  • സർക്കാരിന് ഏതു സംഗതിയിലും പ്രവേശന കാലം നീട്ടിനൽകാം;
  • പ്രവേശന കാലം ഡ്യൂട്ടി ആയിട്ടാണ് പരിഗണിക്കുന്നത്. പ്രവേശന കാലത്തെ ശമ്പളവും (ജോയിനിംഗ് ടൈം പേ) അലവൻസുകളും പഴയ  ഓഫീസിലേതു പോലെ  ലഭിക്കും. പക്ഷെ പ്രവേശനകാലത്ത് കൺവേയൻസ് അലവൻസോ സ്ഥിര യാത്ര ബത്തകളോ ലഭിക്കുകയില്ല. നഷ്‍ടപരിഹാര ബത്തകൾ  അതുപോലെ കിട്ടും;
  • സ്ഥലം മാറ്റം അപേക്ഷയെ തുടർന്നാണെങ്കിൽ യാത്രാ സമയം മാത്രമേ പ്രവേശന കാലത്തിൽ ലഭിക്കുകയുള്ളൂ;
  • പ്രവേശന കാലം കഴിഞ്ഞുള്ള ഓവർ സ്റ്റേയൽ അർഹതപ്പെട്ട അവധി അനുവദിച്ച് ക്രമവൽക്കരിക്കാം;
  • പ്രവേശന കാലം കഴിഞ്ഞിട്ടും മനപ്പൂർവം ജോലിയിൽ പ്രവേശിക്കാതിരിക്കുന്നത് പെരുമാറ്റദൂഷ്യമായി കണക്കാക്കും;
  • ട്രെയിനിങ് സ്ഥലത്തേക്കും തിരികെയും ഉള്ള യാത്രാ സമയങ്ങൾ കൂടി ട്രെയിനിങ് കാലമായി കണക്കാക്കും;
  • അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം ലഭിക്കുന്നവർക്ക് അർഹതപ്പെട്ട യാത്ര സമയം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ പൊതു സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം ജീവനക്കാരൻ സമർപ്പിക്കുന്ന ഓപ്ഷന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്ഥലം മാറ്റത്തിന് പ്രവേശന കാലം ലഭിക്കും.(നന്ദകുമാർ സി,www.lsgadministration.com).

Friday, 2 October 2020

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്തിനായിരിക്കുമെന്നാണ്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം  153(3)(എ) മുതൽ (4 എ) വരെയുള്ള വകുപ്പുകളിലെ നിബന്ധനകൾക്കനുസരിച്ചാണ് അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിക്കുന്നത്. അവ എപ്രകാരമാണെന്നു നോക്കാം. 

    ആദ്യമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ എത്രയെണ്ണത്തിലാണ് പട്ടിക ജാതിക്കാർക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടി അദ്ധ്യക്ഷ സ്ഥാനം സംവരണം ചെയ്യേണ്ടതെന്ന് സർക്കാർ നിശ്ചയിച്ചു ഉത്തരവ് പുറപ്പെടുവിക്കും. പട്ടികജാതി പട്ടിക വർഗ്ഗക്കാരുടെ കാര്യത്തിൽ സംസ്ഥാനത്തെ  ജനസംഖ്യയിലെ ആ വിഭാഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും ആ വിഭാഗങ്ങളുടെ അദ്ധ്യക്ഷ  സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ആകെയുള്ള പ്രസിഡൻറ് സ്ഥാനങ്ങളുടെ 50 % സ്ത്രീകൾക്കായി നീക്കിവെക്കുകായും ചെയ്യും (ഭിന്ന സംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത പൂർണ സംഖ്യ).

    ഇതിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഓരോ ജില്ലയിലും  എത്രയെണ്ണം ഗ്രാമ പഞ്ചായത്തുകളിലാണ് പട്ടിക ജാതിക്കാർക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടി അദ്ധ്യക്ഷ സ്ഥാനം സംവരണം ചെയ്യുന്നതെന്ന് നിശ്ചയിച്ചു വിജ്ഞാപനം ഇറക്കും. ഗ്രാമ പഞ്ചായത്തുകളുടെ കാര്യത്തിൽ ഓരോ ജില്ലയിലേയും സംവരണ സ്ഥാനങ്ങൾ ജില്ലയിയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് വീതിച്ചു നൽകേണ്ടതാണെന്ന് വകുപ്പ് 153-4(എ) യിൽ പറയുന്നുണ്ട്. (ബഹുമാനപെട്ട കേരള ഹൈ കോടതിയുടെ 25.09.2010 ലെ WP (സി) 27624/ 2010 (G) നമ്പർ വിധിന്യായം കൂടികാണുക). 

    ഇപ്രകാരം സംവരണ സ്ഥാനങ്ങളുടെ എണ്ണം തീരുമാനിച്ചു കഴിഞ്ഞാൽ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷൻ പട്ടിക ജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ സ്ത്രീകളുടെയോ ജനസംഖ്യ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തിൽ നിന്നു തുടങ്ങി ആവർത്തനക്രമത്തിൽ സംവരണ പഞ്ചായത്തുകൾ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. സ്ത്രീകൾക്കായി സംവരണം ചെയ്യാൻ അർഹതയുള്ള പഞ്ചായത്തും പട്ടികജാതിയിലോ പട്ടിക വർഗ്ഗത്തിലോ സംവരണം ചെയ്യേണ്ട പഞ്ചായത്തും ഒന്നുതന്നെയാണെങ്കിൽ ആ പഞ്ചായത്തിന്റെ സംവരണം അതാതു സംഗതി പോലെ  പട്ടിക ജാതിക്കോ പട്ടിക വർഗത്തിനോ നൽകും. പകരം സ്ത്രീ സംവരണത്തിനായി ജനസംഖ്യ ശതമാനത്തിൽ തൊട്ടടുത്ത പഞ്ചായത്ത് എടുക്കും. നന്ദകുമാർ സി. www.lsgadministration.com 

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...