Thursday, 26 November 2026

Kerala Panchayats - No Confidence Motion Against Standing Committee Chairman

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കെതിരെയുള്ള അവിശ്വാസ പ്രമേയം

കേരള പഞ്ചായത്ത് രാജ് ആക്ട്, 1994-ലെ സെക്ഷൻ 162(12), 2000 ലെ കേരള പഞ്ചായത്ത് രാജ് (സ്റ്റാൻഡിംഗ് കമ്മിറ്റി) ചട്ടങ്ങൾ എന്നിവ പ്രകാരമാണ് പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ഒഴികെയുള്ള മറ്റെല്ലാ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും  ചെയർമാൻമാർക്കെതിരെ മാത്രമാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയുക. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ വൈസ് പ്രസിഡന്റിനെ നീക്കാൻ പഞ്ചായത്ത് യോഗത്തിൽ തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരണം.

അവിശ്വാസ പ്രമേയത്തിന്റെ നടപടിക്രമങ്ങൾ

1. നോട്ടീസ് നൽകൽ: ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ മൂന്നിലൊന്നിൽ കുറയാത്ത അംഗങ്ങൾ ഒപ്പിട്ട രേഖാമൂലമുള്ള നോട്ടീസ് (ഫോറം 4) നൽകണം. അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ പകർപ്പും ഇതിനോടൊപ്പം വെക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് നേരിട്ടാണ് നോട്ടീസ് സമർപ്പിക്കേണ്ടത്.

ഗ്രാമപഞ്ചായത്തുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയേയും ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറിയേയും ജില്ലാ പഞ്ചായത്തുകളുടെ കാര്യത്തിൽ ബന്ധപ്പെട്ട ജില്ലാ കളക്ടറേയുമാണ് നോട്ടീസ് സ്വീകരിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ളത്.

2. പ്രത്യേക യോഗം വിളിച്ചുചേർക്കൽ: നോട്ടീസ് ലഭിച്ച് 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അവിശ്വാസ പ്രമേയം പരിഗണിക്കുന്നതിനുള്ള പ്രത്യേക യോഗം വിളിച്ചുചേർക്കണം. യോഗത്തിന്റെ തീയതി, സമയം, സ്ഥലം എന്നിവ വ്യക്തമാക്കി സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും കുറഞ്ഞത് 7 പൂർണ്ണ ദിവസങ്ങൾ (7 clear days) മുമ്പ് നോട്ടീസ് നൽകേണ്ടതുണ്ട്.

3. അധ്യക്ഷതയും ക്വാറവും: തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനായിരിക്കും യോഗത്തിൽ അധ്യക്ഷത വഹിക്കുന്നത് (ഇദ്ദേഹത്തിന് വോട്ടവകാശമില്ല). യോഗം നടക്കുന്നതിന് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആകെ അംഗങ്ങളുടെ പകുതി പേർ ഹാജരായിരിക്കണം (ക്വാറം). സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ വോട്ടവകാശമില്ലാത്ത എക്സ്-ഒഫീഷ്യോ അംഗമായ പ്രസിഡന്റിനെ ഒഴിവാക്കിയുള്ള അംഗസംഖ്യയാണ് ഇതിനായി കണക്കാക്കുന്നത്. ക്വാറം തികഞ്ഞില്ലെങ്കിൽ യോഗം പിരിച്ചുവിടുകയും പ്രമേയം തള്ളപ്പെട്ടതായി കണക്കാക്കുകയും ചെയ്യും.

4. ചർച്ചയും വോട്ടെടുപ്പും: യോഗം ആരംഭിച്ചലുടൻ അധ്യക്ഷൻ പ്രമേയം യോഗത്തിന്റെ മുൻപകെ വയ്ക്കുകയും ചർച്ച തുടങ്ങുകയും ചെയ്യും. ചർച്ചയ്ക്ക് ശേഷം (പരമാവധി ഒരു മണിക്കൂർ) തുറന്ന ബാലറ്റ് (Open Ballot) വഴിയാണ് വോട്ടെടുപ്പ് നടത്തുന്നത്. ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് വോട്ട് ചെയ്യുന്ന അംഗത്തിന്റെ പേരും ഒപ്പും രേഖപ്പെടുത്തേണ്ടതുണ്ട്.

5. പ്രമേയം പാസാകൽ: സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആകെ അനുവദനീയമായ അംഗസംഖ്യയുടെ പകുതിയിലധികം (Simple Majority) അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ പ്രമേയം പാസായതായി അധ്യക്ഷൻ പ്രഖ്യാപിക്കും. പ്രമേയം പാസാകുന്നതോടെ ചെയർമാന് സ്ഥാനം നഷ്ടമാകും.

പ്രധാന നിയന്ത്രണങ്ങൾ

(1) ആദ്യ 6 മാസം: ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനമേറ്റെടുത്ത് ആദ്യത്തെ 6 മാസത്തിനുള്ളിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയില്ല.

(2) പരാജയപ്പെട്ടാൽ: ഒരു അവിശ്വാസ പ്രമേയം വോട്ടെടുപ്പിൽ പരാജയപ്പെടുകയോ ക്വാറം തികയാതെ തള്ളപ്പെടുകയോ ചെയ്താൽ, തുടർന്നുള്ള 6 മാസത്തേക്ക് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പാടില്ല.

(3) യോഗം മാറ്റിവെക്കൽ: പ്രകൃതിക്ഷോഭം പോലുള്ള അനിവാര്യ കാരണങ്ങളാലല്ലാതെ അവിശ്വാസ പ്രമേയം പരിഗണിക്കുന്ന യോഗം മാറ്റിവെക്കാൻ (adjourn) പാടില്ല.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

(1) നേരിട്ട് സമർപ്പിക്കണം: അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ട അംഗങ്ങളിൽ ആരെങ്കിലും ഒരാൾ ഈ ഉദ്യോഗസ്ഥന് നേരിട്ടാണ് നോട്ടീസും പ്രമേയത്തിന്റെ പകർപ്പും കൈമാറേണ്ടത്. തപാൽ വഴിയോ മറ്റൊരാൾ മുഖേനയോ നൽകാൻ പാടില്ല.

(2) ചുമതലയുള്ള ഉദ്യോഗസ്ഥൻ (In-charge): അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അവധിയിലാണെങ്കിൽ, ആ തസ്തികയുടെ പൂർണ്ണ അധിക ചുമതല (Full Additional Charge) വഹിക്കുന്ന ഉദ്യോഗസ്ഥന് നോട്ടീസ് സ്വീകരിക്കാനും തുടർനടപടികൾ എടുക്കാനും കഴിയും.

No comments:

Post a Comment

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...