Thursday, 12 November 2026

Kerala Panchayat Raj Act: Kerala Municipality Act: Disqualification Rules for Elected Representatives Missing Meetings. When Can a Panchayat - Municipality Member Be Disqualified for Non-Attendance?

യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാത്ത  അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച വ്യവസ്ഥകൾ

1994-ലെ കേരള പഞ്ചായത്ത് രാജ് വകുപ്പ് 35 (1) (കെ) യിലാണ് പഞ്ചായത്ത് അംഗം യോഗങ്ങളിൽ ഹാജരാകാതിരുന്നാലുള്ള അയോഗ്യതയെ കുറിച്ച് വിവരിക്കുന്നത്. ഈ വകുപ്പ് പ്രകാരം ഒരു അംഗം താഴെ പറയുന്ന സാഹചര്യങ്ങളിൽ അയോഗ്യനാക്കപ്പെടും:

(1) തുടർച്ചയായ 3 മാസത്തെ അസാന്നിധ്യം: ഒരു അംഗം പഞ്ചായത്തിന്റെയോ, താൻ അംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ പഞ്ചായത്തിന്റെ മുൻകൂർ അനുമതിയില്ലാതെ തുടർച്ചയായി മൂന്ന് മാസം ഹാജരാകാതിരുന്നാൽ. (പഞ്ചായത്തിന്റെയോ അതിന്റെ സ്റ്റാൻഡിംഗ് കമ്മറ്റിയുടെയോ  യോഗങ്ങളിൽ ഹാജരാകാതിരിക്കുന്നതിന് ഒരു അംഗത്തിന് അനുവാദം നൽകുവാൻ പഞ്ചായത്തിന് അധികാരമുണ്ട്.  എന്നാൽ യാതൊരു കാരണവശാലും തുടർച്ചയായി 6 മാസത്തിൽ കൂടുതൽ കാലയളവിലേക്ക് പഞ്ചായത്തിന്റെയോ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിന് ഒരു അംഗത്തിന് അനുവാദം നൽകുവാൻ പഞ്ചായത്തിന് കഴിയുകയില്ല.)

(2) തുടർച്ചയായ 3 യോഗങ്ങളിലെ അസാന്നിധ്യം: മേൽപ്പറഞ്ഞ മൂന്ന് മാസ കാലയളവിൽ മൂന്നിൽ താഴെ യോഗങ്ങൾ മാത്രമേ നടന്നിട്ടുള്ളൂവെങ്കിൽ, ആ യോഗങ്ങൾ ഉൾപ്പെടെ തുടർച്ചയായ മൂന്ന് യോഗങ്ങളിൽ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഹാജരാകാതിരുന്നാൽ.

അംഗം അധികാരമേറ്റ തീയതി, അവസാനമായി യോഗത്തിൽ പങ്കെടുത്ത തീയതി, അല്ലെങ്കിൽ മുമ്പ് അയോഗ്യനായ ശേഷം അപ്പീലിലൂടെ വീണ്ടും സ്ഥാനത്ത് പ്രവേശിച്ച തീയതി ഇവയിൽ ഏതാണോ ഒടുവിൽ വരുന്നത്, ആ തീയതി മുതലാണ് മൂന്നുമാസത്തെ ഈ കാലയളവ് കണക്കാക്കുന്നത്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, തുടർച്ചയായുള്ള മൂന്നുമാസക്കാലം പഞ്ചായത്തിന്റെ അനുവാദമില്ലാതെ പഞ്ചായത്ത് യോഗത്തിലോ അല്ലെങ്കിൽ പഞ്ചായത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലോ ഹാജരാകാതിരുന്നാൽ അംഗത്തിന്റെ പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടും എന്നതാണ്. അതായത് ഒരു അംഗം പഞ്ചായത്ത് യോഗത്തിൽ  പങ്കെടുക്കുന്നുണ്ടെങ്കിലും അദ്ദേഹം താൻ അംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റി  യോഗങ്ങളിൽ പങ്കെടുക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന്റെ പഞ്ചായത്ത് അംഗത്വം നഷ്ടപ്പെടും എന്നതാണ്.

എന്നാൽ താഴെ പറയുന്ന സാഹചര്യങ്ങളിൽ നടന്ന യോഗങ്ങളിൽ ഒരംഗം ഹാജരായില്ലെങ്കിലും, ആ യോഗങ്ങളെ അയോഗ്യത നിർണ്ണയിക്കാനുള്ള 'തുടർച്ചയായ യോഗങ്ങളുടെ' കണക്കിൽ ഉൾപ്പെടുത്തുവാൻ കഴിയുകയില്ല.

(1) നോട്ടീസ് ലഭിക്കാതിരിക്കുക: യോഗം നടക്കുന്നതിനെക്കുറിച്ച് അംഗത്തിന് യഥാവിധി നോട്ടീസ് (Due notice) ലഭിച്ചിട്ടില്ലെങ്കിൽ. [ഇവിടെ 1996-ലെ കേരള പഞ്ചായത്ത് രാജ് (നോട്ടീസുകൾ നൽകേണ്ട രീതി) ചട്ടങ്ങൾ പ്രകാരം യോഗ നോട്ടീസ് നല്കിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.]

(2) നോട്ടീസ് സമയം കുറവായിരിക്കുക: ഒരു സാധാരണ യോഗം വിളിച്ചുചേർക്കാൻ നിയമപ്രകാരം നൽകേണ്ട നോട്ടീസ് കാലാവധിയേക്കാൾ കുറഞ്ഞ സമയം മാത്രം നൽകി വിളിച്ചുചേർത്ത യോഗമാണെങ്കിൽ. [1995 ലെ കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ പ്രകാരം, ഒരു സാധാരണ പഞ്ചായത്ത് യോഗം (Ordinary Meeting) വിളിച്ചുചേർക്കുന്നതിനായി കുറഞ്ഞത് 3 പൂർണ്ണ ദിവസത്തെ നോട്ടീസ് (3 clear days notice) എല്ലാ അംഗങ്ങൾക്കും നൽകിയിരിക്കണം.  3 പൂർണ്ണ ദിവസങ്ങൾ (Clear days) എന്നത് അംഗം നോട്ടീസ് കൈപ്പറ്റിയ തീയതിക്കും യോഗം നടക്കുന്ന തീയതിക്കും ഇടയിലുള്ള 3 ദിവസങ്ങളാണ്.]

(3) അംഗങ്ങളുടെ ആവശ്യപ്രകാരം വിളിച്ച യോഗം: പഞ്ചായത്ത് അംഗങ്ങൾ പ്രത്യേകമായി ആവശ്യപ്പെട്ടതനുസരിച്ച് വിളിച്ചുചേർത്ത യോഗമാണെങ്കിൽ [വകുപ്പ് 161 (1 എ)].

അതായത്, ഇത്തരം യോഗങ്ങളിലെ അസാന്നിധ്യം ഒരു അംഗത്തിന് അയോഗ്യത വരുത്തിവെക്കില്ല.

അയോഗ്യത സംബന്ധിച്ച്  വകുപ്പ് 37(2)  പ്രകാരം ഒരു അംഗത്തിന് അറിയിപ്പ് നൽകുമ്പോൾ സെക്രട്ടറി ഈ കാര്യങ്ങൾ കൂടി പരിശോധിച്ചു ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ അംഗത്തിന്റെ അയോഗ്യത സംബന്ധിച്ച് അറിയിപ്പ് നൽകാവൂ.

മേൽ പ്രകാരം യോഗങ്ങളിൽ ഹാജരാകാത്തതു കാരണം ഒരംഗത്തിന് അയോഗ്യത വന്നതായി ബോധ്യമായാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 37(2) അനുസരിച്ച്, പഞ്ചായത്ത് സെക്രട്ടറി താഴെ പറയുന്ന നടപടികൾ സ്വീകരിക്കേണ്ടതാണ്:

(1) അംഗത്തിന് രേഖാമൂലം നോട്ടീസ് നൽകൽ: അയോഗ്യത സംഭവിച്ച വിവരം ബന്ധപ്പെട്ട അംഗത്തെ സെക്രട്ടറി രേഖാമൂലം അറിയിക്കണം.

(2) പഞ്ചായത്ത് യോഗത്തിൽ റിപ്പോർട്ട് ചെയ്യൽ: അംഗത്തിന് അയോഗ്യത വന്ന വിവരം, തുടർന്ന് നടക്കുന്ന ആദ്യത്തെ പഞ്ചായത്ത് യോഗത്തിൽ സെക്രട്ടറി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

ഒരംഗത്തിന് അയോഗ്യത സംഭവിച്ചതായി കാണിച്ച് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിപ്പ് നൽകിയാൽ ആ അംഗത്തിന് അപ്രകാരം സെക്രട്ടറിയുടെ അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം തന്നെ തിരിച്ചെടുക്കുന്നതിന് പഞ്ചായത്തിനോട് അപേക്ഷിക്കാവുന്നതും പഞ്ചായത്തിന് അങ്ങനെയുള്ള അപേക്ഷ കിട്ടിയതിനുശേഷം ഉള്ള തൊട്ടടുത്ത യോഗത്തിൽ വച്ച് അയാളുടെ അംഗത്വം പുനസ്ഥാപിക്കാവുന്നതുമാണ് [വകുപ്പ് 37(2)]. എന്നാൽ ഒരംഗത്തിന് അദ്ദേഹത്തിൻറെ ഉദ്യോഗ കാലാവധിക്കുള്ളിൽ രണ്ട് പ്രാവശ്യത്തിലധികം ഇപ്രകാരം അംഗത്വം  പുനഃസ്ഥാപിച്ചു നല്കുവാൻ പഞ്ചായത്തിന് കഴിയുകയില്ല.

ഇതുകൂടാതെ അംഗത്വം നഷ്ടമായതായുള്ള സെക്രട്ടറിയുടെ അറിയിപ്പിനെതിരെ ആ അംഗത്തിന് മുൻപിൽ നിയമപരമായ പരിഹാര മാർഗ്ഗങ്ങളും ലഭ്യമാണ്. പ്രധാനപ്പെട്ട നടപടികൾ താഴെ പറയുന്നവയാണ്:

(1) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കൽ: ബന്ധപ്പെട്ട അംഗത്തിന് തനിക്ക് അയോഗ്യത സംഭവിച്ചിട്ടില്ല എന്ന് കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് (State Election Commission) ഹർജി നൽകാവുന്നതാണ് [വകുപ്പ് 36(1)]. പഞ്ചായത്തിലെ മറ്റ് ഏതെങ്കിലും അംഗത്തിനും ഈ വിഷയത്തിൽ കമ്മീഷനെ സമീപിക്കാം. അംഗത്തിന്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന്  ബോധ്യപ്പെട്ടാൽ, അയോഗ്യത റദ്ദാക്കാനും അംഗത്തെ പദവിയിൽ തുടരാൻ അനുവദിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

(2) ഹൈക്കോടതിയെ സമീപിക്കൽ: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും അനുകൂലമായ വിധി ലഭിച്ചില്ലെങ്കിൽ, അന്തിമ പരിഹാരമായി ആർർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാവുന്നതാണ്.

അയോഗ്യത സംബന്ധിച്ച് സെക്രട്ടറിയുടെ അറിയിപ്പ് ലഭിച്ചാൽ അംഗത്തിന് മുന്നിൽ സെക്ഷൻ 37(2), 36(1) എന്നിങ്ങനെ രണ്ട് വഴികളാണുള്ളത് എന്ന് പറഞ്ഞുവല്ലോ. ഇവ  തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

(1) തന്റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടുണ്ട് എന്ന് സമ്മതിച്ചുകൊണ്ട് അംഗത്വം പുനഃസ്ഥാപിക്കാൻ പഞ്ചായത്തിനോട് അപേക്ഷിക്കുന്ന സാഹചര്യമാണ്  സെക്ഷൻ 37(2). എന്നാൽ,

(2) തനിക്ക് അയോഗ്യത വന്നിട്ടില്ല എന്ന് കാണിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ തർക്കം ഉന്നയിക്കുന്ന സാഹചര്യമാണ് സെക്ഷൻ 36(1).

അംഗത്വം പുനഃസ്ഥാപിക്കാൻ പഞ്ചായത്തിനോട് അപേക്ഷിക്കുന്ന സാഹചര്യം [സെക്ഷൻ 37(2)] ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടെ ആകണം. രാഷ്ട്രീയവും അല്ലാത്തതുമായ സാഹചര്യങ്ങൾ വിലയിരുത്തി വേണം ഈ വഴി ഉപയോഗിക്കാൻ. പഞ്ചായത്ത് അപേക്ഷ അനുകൂലമായി പരിഗണിക്കും എന്ന് പൂർണ്ണ ബോദ്ധ്യമുണ്ടെങ്കിൽ മാത്രമേ ഈ വഴി തെരെഞ്ഞെടുക്കാവു. യോഗങ്ങളിൽ ഹാജരാകാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ടതായി കാണിച്ച് സെക്രട്ടറി അറിയിപ്പ് നൽകുമ്പോൾ, തനിക്ക് യോഗങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന് അംഗീകരിച്ച് കൊണ്ട് അംഗത്വം തിരികെ നൽകാൻ പഞ്ചായത്തിനോട് അപേക്ഷിക്കുന്നതാണ് ഈ വഴി. ഇവിടെ അംഗത്തിന് പരാതിയോ തർക്കമോ ഇല്ല. സെക്ഷൻ 37(2) പ്രകാരം ഒരംഗം നൽകുന്ന അപേക്ഷ അംഗീകരിക്കണോ തള്ളണോ എന്നത് പൂർണ്ണമായും ആ പഞ്ചായത്ത് യോഗത്തിന്റെ (ഭൂരിപക്ഷത്തിന്റെ) തീരുമാനമാണ്. പഞ്ചായത്ത് അത് തള്ളിയാൽ പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപ്പീൽ നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ല. സെക്ഷൻ 37 (2) പ്രകാരം പഞ്ചായത്ത് ഒരു അംഗത്തിന്റെ പുനഃസ്ഥാപന അപേക്ഷ തള്ളിയാൽ, അതിനെതിരെ ഒരു റിട്ട് ഹർജിയിലൂടെ ഹൈക്കോടതിയെ സമീപിക്കാമെങ്കിലും, ഇത്തരം കേസുകളിൽ ഹൈക്കോടതി ഇടപെടുന്നതിന് വലിയ പരിമിതികളുണ്ട്. അംഗത്വം പുനഃസ്ഥാപിച്ചു നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പഞ്ചായത്തിന്റെ വിവേചനാധികാരമാണ്. അവിടെ ചർച്ച നടക്കുകയും ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുകയുമാണ് ചെയ്യുന്നത്. നിയമപരമായി നൽകിയിട്ടുള്ള ഈ വിവേചനാധികാരത്തിൽ അസാധാരണ സാഹചര്യങ്ങളിലല്ലാതെ ഹൈക്കോടതി ഇടപെടാറില്ല.

വീഴ്ച സമ്മതിച്ച് അംഗത്വം തിരികെ ചോദിക്കാൻ സെക്ഷൻ 37(2) പ്രകാരം പഞ്ചായത്തിനെ സമീപിക്കാം. എന്നാൽ അയോഗ്യനാക്കിയ നടപടിയെ നിയമപരമായി ചോദ്യം ചെയ്യണമെങ്കിൽ സെക്ഷൻ 36 (1) പ്രകാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ തന്നെ സമീപിക്കണം. അതായത് തനിക്ക് അയോഗ്യത വന്നിട്ടില്ല എന്ന് ഒരംഗം വാദിക്കുകയാണെങ്കിൽ അതൊരു നിയമപരമായ തർക്കമായി മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ പഞ്ചായത്തിന് അധികാരമില്ല. ഈ തർക്കം പരിഹരിക്കാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഹർജി ഫയൽ ചെയ്യേണ്ടത് [സെക്ഷൻ 36(1)].

മുനിസിപ്പാലിറ്റികളിലെ  കൗൺസിലർമാരെ  സംബന്ധിച്ചും സമാനമായ വ്യവസ്ഥകളാണ് നിലവിലുള്ളത്.  പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 37(2) ന് പകരമുള്ള മുനിസിപ്പാലിറ്റി ആക്ടിലെ വകപ്പ് 93(2) ആണ്.  പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 35(1) (കെ) ക്ക് പകരം 91(1) (കെ) യും പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ്  36(1) ന് പകരം 92(1) ഉം ആണ് മുനിസിപ്പാലിറ്റി ആക്ടിൽ ഉള്ളത്. അംഗത്തിന്റെ ഉദ്യോഗ കാലാവധിക്കുള്ളിൽ രണ്ടുപ്രാവശ്യം അംഗത്വം പുനസ്ഥാപിച്ചു നൽകാൻ പഞ്ചായത്തിന് കഴിയുമെങ്കിൽ മുനിസിപ്പാലിറ്റി ആക്റ്റിലെ വകുപ്പ് 93 (2) അനുസരിച്ച് ഉദ്യോഗ കാലാവധിക്കുള്ളിൽ ഒരു പ്രാവശ്യം മാത്രമേ കൗൺസിലറുടെ അംഗത്വം പുനഃസ്ഥാപിച്ചു നൽകുവാൻ മുനിസിപ്പാലിറ്റിക്ക് കഴിയുകയുള്ളൂ. അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുകയും ഷെയർ ചെയ്യുകയും ചെയ്യുമല്ലോ?

നന്ദകുമാർ സി www.lsgadministration.com 


No comments:

Post a Comment

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...