ജനന-മരണ രജിസ്ട്രേഷന്‍ രേഖപ്പെടുത്തലുകളിലെ തിരുത്തലുകൾ: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ
ജനന മരണ രജിസ്റ്ററിലെ വിവരങ്ങൾ തിരുത്തുന്നതിന് രജിസ്ട്രേഷൻ നടത്തിയിട്ടുള്ള യൂണിറ്റിലെ രജിസ്ട്രാർക്ക് കെ - സ്മാർട്ട് മുഖേന അപേക്ഷ നൽകണം.
മാതാവോ പിതാവോ രക്ഷകർത്താവോ കുട്ടി പ്രായപൂര്‍ത്തിയായതാണെങ്കില്‍ കുട്ടിയോ ആണ് തിരുത്തലിനയി അപേക്ഷ നൽകേണ്ടത്. ദത്ത് നൽകാതെ ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്കും അപേക്ഷ നൽകാവുന്നതാണ്.
മേല്‍വിലാസത്തിലെ അക്ഷരതെറ്റുകള്‍, വിട്ടുപോയ ഭാഗങ്ങള്‍, അധികം ചേര്‍ത്തിട്ടുള്ളവ, തെറ്റായവിലാസം ചേര്‍ത്ത കാര്യങ്ങള്‍ എന്നിവ ആധാരം, പെന്‍ഷന്‍ പേയ്മന്‍റ് ഓര്‍ഡര്‍, സമ്മതിദായക പട്ടിക, ഇലക്ഷന്‍ ഐ.ഡി.കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, ആധാര്‍കാര്‍ഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടത്താം.
മാതാപിതാക്കളുടെ സ്കൂൾ രേഖ, വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ നൽകി തദ്ദേശ രജിസ്ട്രാർ വഴി ജനന രജിസ്റ്ററിലെ മാതാപിതാക്കളുടെ പേരിലുള്ള അക്ഷരത്തെറ്റുകളോ ഇനീഷ്യലുകളോ മേൽവിലാസമോ തിരുത്താം.
കുട്ടിയുടെയോ മാതാപിതാക്കളുടെയോ പേര് ഗസറ്റ് വിജ്ഞാപന പ്രകാരം മാറ്റിയിട്ടുണ്ടെങ്കിൽ സ്കൂൾ രേഖ ഇല്ലാതെ തന്നെ ജനന രജിസ്റ്ററിൽ അപ്രകാരം ഒരുതവണ മാറ്റം വരുത്താം. നിലവിലെ പേരിൽ അക്ഷരത്തെറ്റ് മാത്രമാണുള്ളതെങ്കിൽ ഗസറ്റ് വിജ്ഞാപനമില്ലാതെ തന്നെ ജനന രജിസ്റ്ററിൽ തിരുത്തി സ്കൂൾ രേഖയിലും മാറ്റം വരുത്താം.
DNA പരിശോധന വഴി പിതൃത്വം തെളിയിക്കുന്ന കേസുകളിൽ പിതാവിന്റെ പേര് അതനുസരിച്ച് മാറ്റാം.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ജില്ലാ മജിസ്ട്രേറ്റിന്റെ സർട്ടിഫിക്കറ്റ് പ്രകാരം ജനന രജിസ്റ്ററിൽ ലിംഗവും പേരും തിരുത്താവുന്നതാണ്.
കുട്ടി ജനിക്കുന്നതിന് മുമ്പ് ഗസറ്റ് വിജ്ഞാപന പ്രകാരം മാതാപിതാക്കളുടെ പേര് മാറ്റം വരുത്തിയിട്ടുള്ള സംഗതികളില്‍ അതനുസരിച്ച് കുട്ടിയുടെ ജനന രജിസ്ട്രേഷനില്‍ തിരുത്തല്‍ നടത്താവുന്നതാണ്.
മാതാപിതാക്കളുടെ ശരിയായ പേരിന് പകരം വിളിപ്പേരോ മറ്റോ തെറ്റായി ചേര്‍ത്തിട്ടുണ്ടെങ്കില്‍ സ്കൂള്‍ രേഖയുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ സ്കൂള്‍രേഖയിലേതുപോലെ തിരുത്താവുന്നതാണ്.
ജനന രജിസ്റ്ററിലുള്ള കുട്ടിയുടെ പേര് സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് ഒരിക്കൽ തിരുത്തുവാൻ കഴിയും.
ജനന രജിസ്റ്ററില്‍ സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പ് ചേര്‍ത്ത പേര് സ്കൂള്‍ രേഖയിലേതു പോലെ പിന്നീട് തിരുത്തുവാനും കഴിയും.
1.4.70 ന് മുമ്പുള്ള രജിസ്ട്രേഷനുകളിലെ തിരുത്തലുകൾക്ക് ചീഫ് രജിസ്ട്രാരുടെ അനുമതി ആവശ്യമാണ്.