സർക്കാർ ജീവനക്കാർ
സ്വകാര്യ ആവശ്യത്തിനായി വിദേശത്ത് പോകുന്നത് - മർഗ്ഗനിർദേശങ്ങൾ (Government Employees Leaving the Country for Private Purpose - Guidelines)
ആകസ്മിക അവധിയോ (Casual Leave), ആർജിത അവധിയോ (Earned Leave), അർദ്ധവേതന അവധിയോ (Half Pay Leave), പരിവർത്തിത അവധിയോ (Commuted Leave), ശൂന്യവേതന അവധിയോ (Leave Without Allowance) എടുത്തുകൊണ്ട് സ്വകാര്യ ആവശ്യത്തിനായി കുറഞ്ഞ കാലയളവിലേക്ക് വിദേശത്ത് പോകുവാൻ സർക്കാർ ജീവനക്കാർക്ക് കഴിയുന്നതാണ്. ആകസ്മിക അവധിയാണെങ്കിൽ പരമാവധി 15 ദിവസത്തേക്കും ആർജിത അവധിയോ അർദ്ധവേതന അവധിയോ പരിവർത്തിത അവധിയോ ശൂന്യവേതന അവധിയോ ആണെങ്കിൽ പരമാവധി നാല് മാസത്തേക്കും വിദേശ സന്ദർശനത്തിനായി അവധി എടുക്കാവുന്നതാണ്. എന്നാൽ, യാത്ര പുറപ്പെടുന്നതിന് മുൻപായി അവധി അനുവദിക്കുന്ന അധികാരിയുടെ (Leave Sanctioning Authority) പ്രത്യേക അനുമതി നിർബന്ധമായും വാങ്ങിയിരിക്കണം. സർക്കാർ അനുമതി (Government Sanction) വാങ്ങേണ്ട ആവശ്യമില്ല. നാലു മാസത്തിൽ കൂടുതൽ കാലയളവിലേക്കുള്ള ഇത്തരം അവധികൾ അനുവദിക്കുന്നതിനുള്ള അധികാരം സർക്കാരിനാണ്.
അവധിക്കുള്ള അപേക്ഷയിൽ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന രാജ്യം അല്ലെങ്കിൽ രാജ്യങ്ങൾ ഏതൊക്കെയെന്നും വിദേശ സന്ദർശനത്തിന്റെ ഉദ്ദേശ്യവും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ, സ്വകാര്യ സന്ദർശനത്തിനായി ഉദ്യോഗസ്ഥന് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയിട്ടുണ്ടെന്ന കാര്യം വ്യക്തമായി പരാമർശിച്ചിരിക്കണം. സന്ദർശിക്കുന്ന രാജ്യത്തിന്റെ പേരും യാത്രയുടെ ഉദ്ദേശ്യവും ഇതിൽ ഉൾപ്പെടുത്തിയിരിക്കണം. ഇവ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, അവധി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് യഥാവിധി തിരുത്തി വാങ്ങേണ്ടത് അവധിയിൽ പോകുന്ന ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണ് (യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണെങ്കിലും ഇത് ചെയ്തിരിക്കണം). അല്ലാത്തപക്ഷം, അദ്ദേഹത്തിന്റെ വിദേശ സന്ദർശനം അനധികൃതമായി (unauthorized) കണക്കാക്കപ്പെടുന്നതാണ്. ഉദ്യോഗസ്ഥന് സ്വയം കാഷ്വൽ ലീവ് എടുക്കാൻ അധികാരമുള്ള സാഹചര്യത്തിൽ അദ്ദേഹത്തിൻറെ വിദേശ സന്ദർശനം കാഷ്വൽ ലീവിൽ ആണെങ്കിൽ വിദേശയാത്രയ്ക്കുള്ള അനുമതി തൊട്ടു മുകളിലുള്ള മേലധികാരിയിൽ (Controlling Officer) നിന്ന് രേഖാമൂലം വാങ്ങിയിരിക്കണം.
സ്വകാര്യ ആവശ്യങ്ങൾക്കുള്ള വിദേശ സന്ദർശനത്തിന് പരമാവധി നാല് മാസത്തേക്കാണ് അവധി എടുക്കാൻ കഴിയുന്നത്. എന്നാൽ മക്കളെ സന്ദർശിക്കാനാണ് വിദേശത്ത് പോകുന്നതെങ്കിൽ അതിനായി ആർജിത അവധിയോ അർദ്ധവേതന അവധിയോ പരിവർത്തിത അവധിയോ ശൂന്യവേതന അവധിയോ ആറുമാസത്തേക്ക് എടുക്കാവുന്നതാണ്. ഇതിനായി എടുക്കുന്ന ശൂന്യവേതന അവധിയുടെ കാര്യത്തിൽ ഒഴികെ മറ്റ് അവധികൾ ആറുമാസത്തേക്ക് ഓഫീസ് മേധാവിക്ക് തന്നെ അനുവദിക്കാവുന്നതാണ്. എന്നാൽ ശൂന്യവേതന അവധിയുടെ കാര്യത്തിൽ മൂന്നുവർഷത്തെ തുടർച്ചയായ സേവനമുള്ള ഉദ്യോഗസ്ഥർക്ക് 120 ദിവസം വരെ നിയമനാധികാരി തലത്തിലും 180 ദിവസം വരെ വകുപ്പ് അധ്യക്ഷൻ തലത്തിലും ആണ് അവധി അനുവദിക്കേണ്ടത്.
റഫറൻസ്: (1) സർക്കാർ ഉത്തരവ് (പി) നം. 233/2008/ഫിൻ തീയതി: 03-06-2008
(2) സർക്കാർ ഉത്തരവ്
(പി) നം. 418/2008/ഫിൻ തീയതി: 16-09-2008