ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന്, ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ) അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായുള്ള പ്രധാന നടപടിക്രമങ്ങൾ താഴെ പറയുന്നവയാണ്:
- കുട്ടിയുടെ പേര് ചേർക്കാൻ കുട്ടിയുടെ പിതാവിനോ മാതാവിനോ രക്ഷാകർത്താവിനോ പ്രായപൂർത്തിയായ സംഗതിയിൽ കുട്ടിക്ക് തന്നെയോ അപേക്ഷിക്കാവുന്നതാണ്. കെ - സ്മാർട്ട് പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
- ഏത് പേര് ചേർക്കണമെന്ന കാര്യത്തിൽ എന്തെങ്കിലും ആക്ഷേപം/തർക്കം കക്ഷികൾ ഉന്നയിച്ചാൽ രജിസ്ട്രാർ (പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ - സെക്രട്ടറി) തീരുമാനം എടുക്കേണ്ടതാണ്. രജിസ്ട്രാറുടെ തീരുമാനത്തിൽ ആക്ഷേപമുള്ള പക്ഷം ജനന - മരണ ജില്ലാ രജിസ്ട്രാർക്കും ( ജില്ല രജിസ്ട്രാറുടെ തീരുമാനത്തിൽ ആക്ഷേപമുള്ള പക്ഷം ജനന - മരണ ചീഫ് രജിസ്ട്രാർക്കും തർക്കമുള്ള കക്ഷികൾക്ക് അപ്പീൽ നൽകാവുന്നതാണ്. അത്തരത്തിലും പരിഹാരമാകാത്ത സാഹചര്യങ്ങളിൽ കക്ഷികൾ ബന്ധപ്പെട്ട കോടതിയിൽ നിന്നും ഹാജരാകുന്ന വിധിന്യായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രാർ തുടർനടപടികൾ സ്വീകരിക്കുന്നത്.
- ജനന രജിസ്റ്ററിൽ കുട്ടിയുടെ പേര് ചേർക്കുന്നതിന് 1999 ലെ ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളില്‍ 14.07.2021 ലെ ജി.ഒ (പി) 29/2021/തസ്വഭവ പ്രകാരം വരുത്തിയ ഭേദഗതി (SRO No-524/2021, ഗസറ്റ് തീയതി 15.07.2021) അനുസരിച്ച് ചില നിബന്ധനകൾ നിലവിലുണ്ട്. അവ ചുവടെ ചേർക്കുന്നു.
- 01.01.2000 ന് മുമ്പുള്ള രജിസ്ട്രേഷനില്‍ 13.07.2026 വരെ പേര് ചേര്‍ക്കാം
- 01.01.2000 ന് ശേഷമുള്ള രജിസ്ട്രേഷനില്‍ രജിസ്ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷം വരെ പേര് ചേര്‍ക്കാം
- 01.01.2000 ന് ശേഷമുള്ള രജിസ്ട്രേഷനിൽ 15 വര്‍ഷം കഴിഞ്ഞിട്ടുണ്ടെങ്കില്‍ 13.07.2026 വരെ പേര് ചേര്‍ക്കാം
- 14.07.2021 ന് ശേഷമുള്ള രജിസ്ട്രേഷനുകളില്‍ രജിസ്ട്രേഷന്‍ തീയതി മുതല്‍ 15 വര്‍ഷം വരെ പേര് ചേര്‍ക്കാം.
- സ്കൂളില്‍ ചേര്‍ത്തതിന് ശേഷമാണെങ്കില്‍ സ്കൂൾ രേഖയിലേത് പോലെ ജനന രജിസ്റ്ററിൽ പേര് ചേർക്കാം.
- ജനന രജിസ്റ്ററില്‍ ആദ്യമായി പേര് ചേര്‍ക്കുന്നത് സ്കൂളില്‍ ചേര്‍ന്ന ശേഷമാണെങ്കില്‍ സ്കൂള്‍ രേഖയിലുള്ള പേരിലെ ഇനീഷ്യലിന്റെ വികസിത രൂപം സഹിതം പേര് ചേര്‍ക്കാവുന്നതാണ്.
- കുട്ടി സ്‌കൂളിൽ പോയിതുടങ്ങിയതാണെങ്കിൽ, പേരും ജനനത്തീയതിയും തെളിയിക്കുന്നതിനായി സ്‌കൂൾ രേഖകളുടെ പകർപ്പോ ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ അപേക്ഷയോടൊപ്പം നൽകണം.
- ദത്ത് നല്‍കാതെ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളുടെ കാര്യത്തിൽ അവർക്ക് തന്നെ അപേക്ഷ സെക്രട്ടറിക്ക് നല്കി ജനനരജിസ്ട്രറില്‍ പേര് ചേര്‍ക്കാവുന്നതാണ്.
- ജനനം രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ ആണെങ്കിൽ പിഴ കൂടാതെ തന്നെ പേര് ചേർക്കാവുന്നതാണ്
- പേര് ആദ്യമായി ചേർക്കുന്നത് ഒരു വർഷത്തിന് ശേഷമാണെങ്കിൽ 5 രൂപ ലേറ്റ് ഫീസ് (പിഴ) അടയ്ക്കേണ്ടി വരും.
No comments:
Post a Comment