Section 156 - Functions of President and Vice President - വകുപ്പ് 156 – പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ചുമതലകൾ.
(1) ഈ ആക്റ്റിനാലോ
അതിൻകീഴിലോ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതൊഴികെ, ഈ
ആക്റ്റിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന്റെയും ഒരു പഞ്ചായത്ത് പാസ്സാക്കുന്ന
പ്രമേയങ്ങൾ നടപ്പിലാക്കുന്നതിന്റെയും ആവശ്യത്തിലേയ്ക്കുള്ള നിർവ്വഹണാധികാരം
പ്രസിഡന്റിൽ നിക്ഷിപ്തമായിരിക്കുന്നതും ഈ ആക്റ്റിനാലോ അതിൻകീഴിലോ ചുമതലപ്പെട്ട
കർത്തവ്യങ്ങൾ യഥാവിധി നിറവേറ്റുന്നതിന് അദ്ദേഹത്തിന് നേരിട്ട് ഉത്തരവാദിത്വം
ഉണ്ടായിരിക്കുന്നതുമാണ്.
(2) പ്രസിഡന്റിന്റെ
സ്ഥാനം ഒഴിവായിരുന്നാൽ ഒരു പുതിയ പ്രസിഡന്റ് ഉദ്യോഗം ഏറ്റെടുക്കുന്നതുവരെ വൈസ്
പ്രസിഡന്റ്, പ്രസിഡന്റിന്റെ ജോലികൾ നിർവ്വഹിക്കേണ്ടതാണ്.
(3) ഒരു പഞ്ചായത്തിലെ
പ്രസിഡന്റ് പതിനഞ്ചു ദിവസത്തിലധികം തുടർച്ചയായി അധികാരാതിർത്തിക്കുള്ളിൽ
ഇല്ലാതിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് അവശത സംഭവിക്കുകയോ ചെയ്താൽ, അങ്ങനെ ഇല്ലാതിരിക്കുകയോ അവശത ഉണ്ടായിരിക്കുകയോ ചെയ്യുന്നകാലത്ത്, അദ്ദേഹത്തിന്റെ ചുമതലകൾ, നിർണ്ണയിക്കപ്പെട്ടേയ്ക്കാവുന്ന
പ്രകാരമുള്ള പരിതഃസ്ഥിതികളിലൊഴികെ, വൈസ് പ്രസിഡന്റിൽ
നിക്ഷിപ്തമാകുന്നതാണ്.
(3.എ) പ്രസിഡന്റിന്റേയും
വൈസ് പ്രസിഡന്റിന്റേയും ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിവായിരുന്നാൽ, ഒരു
പുതിയ പ്രസിഡന്റോ, വൈസ് പ്രസിഡന്റോ ഉദ്യോഗം ഏറ്റെടുക്കുന്നതു
വരെ പ്രസിഡന്റിന്റെ ചുമതലകൾ 162-ാം വകുപ്പ് (1)-ാം ഉപവകുപ്പിൽ പറയുന്ന ക്രമത്തിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ
നിർവ്വഹിക്കേണ്ടതും പ്രസിഡന്റോ വൈസ് പ്രസിഡന്റോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരോ
പ്രസിഡന്റിന്റെ ചുമതലകൾ വഹിക്കുന്നതിന് ഇല്ലാതിരിക്കുന്നിടത്ത് പ്രസിഡന്റോ,
വൈസ് പ്രസിഡന്റോ ഏതെങ്കിലും സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയർമാനോ
ഉദ്യോഗം ഏറ്റെടുക്കുന്ന തുവരെ, തിരഞ്ഞെടുക്കപ്പെട്ട
അംഗങ്ങളിൽ പ്രായം കൂടിയ ആൾ പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്.
(4) മുൻപറഞ്ഞ
വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ ഒരു പഞ്ചായത്ത് പ്രസിഡന്റ്,-
(എ) താൻ
പ്രസിഡന്റായിരിക്കുന്ന പഞ്ചായത്തിന്റെയും ഗ്രാമസഭകളുടെയും യോഗങ്ങളിൽ ആദ്ധ്യക്ഷം
വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും
(ബി) പഞ്ചായത്തിലെ എല്ലാ
ഉദ്യോഗസ്ഥൻമാരും ജീവനക്കാരും ചെയ്യുന്ന കൃത്യങ്ങളുടെയും എടുത്ത നടപടികളുടെയും
മേൽനോട്ടം വഹിക്കുകയും അവയെ നിയന്ത്രിക്കുകയും ചെയ്യുകയും അവരുടെ കോൺഫിഡൻഷ്യൽ
റിപ്പോർട്ടുകൾ തയ്യാറാക്കുകയും;
(സി) സർക്കാർ, അതതു സമയം നിശ്ചയിച്ചേക്കാവുന്ന അങ്ങനെയുള്ള പരിധിവരെ കണ്ടിൻജന്റ് ചെലവുകൾ
ചെയ്യുകയും;
(ഡി) പഞ്ചായത്തിനെ
സംബന്ധിക്കുന്ന പണം കൊടുക്കലും പണം തിരികെകൊടുക്കലും അധികൃതമാക്കുകയും;
(എഫ്) ഈ ആക്റ്റിനാലോ
അതിൻകീഴിലോ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ സ്റ്റേറ്റുമെന്റുകളും റിപ്പോർട്ടുകളും
തയ്യാറാക്കിക്കുകയും;
(ജി) ഈ ആക്റ്റിനാലോ
അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളാലോ നല്കപ്പെട്ടേയ്ക്കാവുന്നതോ
ചുമതലപ്പെട്ടേയ്ക്കാവുന്നതോ ആയ അങ്ങനെയുള്ള മറ്റ് അധികാരങ്ങൾ വിനിയോഗിക്കുകയും
മറ്റ് ചുമതലകൾ നിർവ്വഹിക്കുകയും, ചെയ്യേണ്ടതാണ്.
(5) പ്രസിഡന്റിന്,
അടിയന്തിര സാഹചര്യത്തിൽ, പഞ്ചായത്തിന്റെ
അനുമതി ആവശ്യമുള്ളതും തന്റെ അഭിപ്രായത്തിൽ പൊതുജനങ്ങളുടെ രക്ഷയ്ക്ക് ഉടനടി
നടത്തുകയോ ചെയ്യുകയോ ചെയ്യുന്നത് ആവശ്യമായിട്ടുള്ളതുമായ ഏതെങ്കിലും പണി
നടത്തുന്നതിനോ ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിനോ നിർദ്ദേശിക്കാവുന്നതും
അപ്രകാരമുള്ള പണി നടത്തുന്നതിനോ പ്രവൃത്തി ചെയ്യുന്നതിനോ ഉള്ള ചെലവുകൾ
പഞ്ചായത്തിന്റെ ഫണ്ടിൽനിന്നും നൽകേണ്ടതാണെന്ന് നിർദ്ദേശിക്കാവുന്നതാണ്, എന്നാൽ.-
(എ) ഏതെങ്കിലും പണി
നടത്തുന്നതോ ഏതെങ്കിലും പ്രത്യേക പ്രവൃത്തി ചെയ്യുന്നതോ നിരോധിക്കുന്ന
പഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനം ലംഘിച്ചുകൊണ്ട് ഈ ഉപവകുപ്പുപ്രകാരം
പ്രവർത്തിക്കാൻ പാടില്ലാത്തതും;
(ബി) ഈ ഉപവകുപ്പിൻകീഴിൽ
എടുത്ത നടപടിയും അതിനുള്ള കാരണവും പഞ്ചായത്തിലേയ്ക്ക് അതിന്റെ അടുത്ത യോഗത്തിൽ
റിപ്പോർട്ട് ചെയ്യേണ്ടതും, അംഗീകാരം വാങ്ങേണ്ടതും ആകുന്നു.
(6) പഞ്ചായത്ത്
പ്രസിഡന്റിന് താഴെ പറയുന്ന അധികാരങ്ങൾ കൂടി ഉണ്ടായിരിക്കുന്നതാണ്, അതായത്:-
(എ.) സെക്രട്ടറിയുടേയും
ആവശ്യമുള്ള പക്ഷം പഞ്ചായത്തിലേക്ക് കൈമാറിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള
പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടേയും ഹാജർ പഞ്ചായത്തിന്റെ യോഗങ്ങളിൽ
ഉറപ്പാക്കുക;
(ബി) സെക്രട്ടറി,
പഞ്ചായത്തിന്റെ അധീനതയിൽ വിട്ടുകൊടുത്തിട്ടുള്ള ഗസറ്റഡ് പദവിയുള്ള
സർക്കാർ ഉദ്യോഗസ്ഥൻമാർ എന്നിവർ ഒഴികെ, പഞ്ചായത്തിന്റെ
കീഴിലുള്ള ഏതൊരു ഉദ്യോഗസ്ഥന്റേയോ ജീവനക്കാരന്റെയോ പേരിൽ കൃത്യവിലോപത്തിനോ, ആജ്ഞാലംഘനത്തിനോ ചട്ടങ്ങളുടേയോ സ്ഥിര ഉത്തരവുകളുടേയോ ലംഘനത്തിനോ അച്ചടക്ക
നടപടികൾ എടുക്കേണ്ടിവരുമ്പോൾ ആവശ്യമെങ്കിൽ അവരെ സർവ്വീസിൽ നിന്ന് സസ്പെന്റ്
ചെയ്യുക.
എന്നാൽ പ്രസിഡന്റ്, സസ്പെൻഷൻ ഉത്തരവ് പഞ്ചായത്തിന്റെ തൊട്ടടുത്ത യോഗത്തിൽവച്ച്
അതിന്റെ സ്ഥിരീകരണം വാങ്ങേണ്ടതും അല്ലാത്തപക്ഷം പ്രസ്തുത ഉത്തരവ് അസാധു
ആകുന്നതുമാണ്;
(സി) സെക്രട്ടറിയിൽ
നിന്നോ പഞ്ചായത്തിലെ ഏതൊരു ഉദ്യോഗസ്ഥനിൽ നിന്നോ പഞ്ചായത്തിന്റെ ഭരണ സംബന്ധമായ ഏതു
ഫയലും റിക്കാർഡും രേഖാമൂലം ആവശ്യപ്പെടുന്നതിനും അതിൽ ഈ ആക്റ്റ് മൂലമോ
അതിൻകീഴിലുണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ അഥവാ സ്ഥിരം ഉത്തരവുകളുടെ വെളിച്ചത്തിലോ
ആവശ്യമായ നിർദ്ദേശങ്ങളോ ഉത്തരവുകളോ നൽകുക:
എന്നാൽ, പഞ്ചായത്തിന്റെ ഭരണ സംബന്ധമായി സെക്രട്ടറിയിലോ ഏതെങ്കിലും
ഉദ്യോഗസ്ഥനിലോ മാത്രം നിക്ഷിപ്തമായിട്ടുള്ള സ്റ്റാറ്റ്യൂട്ടറി അധികാരങ്ങൾ
വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളോ റിക്കാർഡുകളോ ആവശ്യപ്പെടുവാൻ പാടില്ല;
കുറിപ്പ്.-ഫയലുകളും
റിക്കാർഡുകളും സ്വീകരിക്കുകയോ തിരികെ നൽകുകയോ ചെയ്യുമ്പോൾ വേണ്ടവിധം
അക്നോളഡ്ജ്മെന്റ് നൽകുകയും വരവ് വയ്ക്കുകയും ചെയ്യേണ്ടതാണ്;