ഒന്നിലധികം അവധികൾ ഒരുമിച്ച് എടുക്കുന്നതിനെ കുറിച്ചും ഒരു അവധിക്കു തുടർച്ചയായി ഏതൊക്കെ അവധികൾ എടുക്കാം എന്നതു സംബന്ധിച്ചും പലരും സംശയങ്ങൾ ചോദിക്കാറുണ്ട്. ഇതു സംബന്ധിച്ച നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഏതൊരു അവധിയും മറ്റേതൊരവധിയോടും ചേർത്തെടുക്കാം. അതുപോലെ ഏതൊരു അവധിക്കും തുടർച്ചയായി മറ്റേതൊരാവധിയും എടുക്കുകയും ചെയ്യാം. എന്നാൽ ആർജ്ജിത അവധിയും കമ്മ്യൂട്ടഡ് ലീവും ഒരുമിച്ച് എടുക്കുകയാണെങ്കിൽ ആകെ അവധി കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല.
കെ.എസ്.ആർ. ഭാഗം ഒന്ന് അനുബന്ധം XIIA, XIIB, XIIC എന്നിവ പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയോടൊപ്പമോ അവക്ക് തുടർച്ചയായോ മറ്റ് അവധികൾ എടുക്കാൻ കഴിയില്ല.
എന്നാൽ കെ.എസ്.ആർ. ഭാഗം ഒന്ന് അനുബന്ധം XIIA, പ്രകാരം എടുക്കുന്ന ശൂന്യവേതന അവധി, അനുബന്ധം XII C പ്രകാരമുള്ള ശൂന്യവേതന അവധിയോടൊപ്പം ചേർത്തോ തുടർച്ചയായോ എടുക്കാം. അതുപോലെ അനുബന്ധം XII C പ്രകാരം എടുക്കുന്ന ശൂന്യവേതന അവധി അനുബന്ധം XIIA, പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയോടൊപ്പം ചേർത്തോ തുടർച്ചയായോ എടുക്കുകയും ചെയ്യാം. എന്നാൽ ഇവ തമ്മിൽ ചേർത്തടുക്കാവുന്ന പരമാവധി കാലയളവ് 5 വർഷമായി 5.11.2020 പ്രാബല്യത്തിൽ നിജപ്പെടുത്തിയിട്ടുണ്ട്.
രണ്ട് അവധികൾക്കിടയിൽ വെക്കേഷൻ അനുവദിക്കാം. അതുപോലെ വെക്കേഷന് മുൻപോ പിൻപോ അവധികൾ ചേർത്തെടുക്കാം. പക്ഷെ വെക്കേഷനും ആർജ്ജിത അവധിയും ചേർത്തെടുക്കുകയാണെങ്കിൽ രണ്ടും കൂടിയുള്ള കാലയളവ്, അവധിക്കണക്കിൽ ബാക്കിയുള്ള ആർജ്ജിത അവധികളുടെ എണ്ണത്തിലോ അവധിക്കണക്കിൽ 180 ദിവസത്തിൽ കൂടുതൽ ആർജ്ജിത അവധി ബാക്കിയുണ്ടെങ്കിൽ 180 ദിവസത്തിലോ കൂടാൻപാടില്ല. എന്നാൽ വെക്കേഷനും ആർജ്ജിത അവധിയും കമ്യൂട്ടഡ് ലീവും ചേർത്തെടുക്കുകയാണെങ്കിൽ മൂന്നും കൂടിയുള്ള ആകെ കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല.
വെക്കേഷനും സ്പെഷ്യൽ കാഷ്വൽ ലീവും ചേർത്തെടുക്കാം. എന്നാൽ വെക്കേഷനും സ്പെഷ്യൽ കാഷ്വൽ ലീവും കാഷ്വൽ ലീവും കൂടി ചേർത്തെടുക്കാൻ കഴിയില്ല. അനുബന്ധം XIIA, XII C പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയുടെ മുന്നിലോ പിന്നിലോ വെക്കേഷൻ ചേർന്ന് വരുന്നത് അനുവദനീയമല്ല.
ആകസ്മിക അവധി, മറ്റു അവധികളോടോ പ്രവേശന കാലത്തോടോ വെക്കേഷനോടോ ചേർത്ത് സാധാരണയായി എടുക്കാൻ കഴിയുകയില്ല. എന്നാൽ വകുപ്പ് അധ്യക്ഷന് ബോധ്യപ്പെടുകയാണെങ്കിൽ പ്രത്യേക കേസുകളിൽ അത് അനുവദിക്കാം. ആകസ്മിക അവധി അംഗീകൃത അവധി ദിനങ്ങളോടൊപ്പം ചേർത്തെടുക്കുമ്പോൾ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുന്ന ദിവസങ്ങൾ പതിനഞ്ചിൽ കൂടാൻ പാടില്ല.
കോമ്പൻസേഷൻ ലീവ് അംഗീകൃത അവധി ദിനങ്ങളോടൊപ്പമോ ആകസ്മിക അവധിയോടോ ചേർത്തെടുക്കാം. പക്ഷെ ഇപ്രകാരം ചേർത്തെടുക്കുമ്പോൾ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുന്ന ദിവസങ്ങൾ പതിനഞ്ചിൽ കൂടാൻ പാടില്ല. റഗുലർ അവധികളോട് ചേർത്ത് കോമ്പൻസേഷൻ ലീവ് അനുവദിക്കാൻ പാടില്ല.
ആര്‍ജ്ജിത അവധി, ഹാഫ് പേ ലീവ്, ശബളമില്ലാത്ത അവധി, ലീവ് നോട്ട് ഡ്യൂ , എന്നിവ പ്രസവ അവധിയോട് ചേര്‍ത്തെടുക്കാം.
ചൈല്‍ഡ് അഡോപ്ഷന്‍ ലീവ് (Child Adoption Leave) നോട് ചേര്‍ത്ത് അനുബന്ധം XIIA, XIIB, XIIC എന്നിവ ഒഴികെയുള്ള അവധികൾ എടുക്കാം.
സ്പെഷ്യൽ കാഷ്വൽ ലീവുകളോടൊപ്പം സാധാരണ അവധികളും ആകസ്മിക അവധികളും ചേർത്തെടുക്കാം.
ആർജ്ജിത അവധി, ഹാഫ് പേ ലീവ്, കമ്മ്യൂട്ടഡ് ലീവ്, ലീവ് നോട്ട് ഡ്യൂ, ശൂന്യ വേതന അവധി എന്നിവയാണ് സാധാരണ (Ordinary) അവധികൾ. ഡിസബിലിറ്റി ലീവ്, പ്രസവാവധി, പറ്റേണിറ്റി ലീവ്, ചൈൽഡ് അഡോപ്ഷൻ ലീവ്, ഹോസ്പിറ്റൽ ലീവ്, ജോലി സ്ഥലത്ത് ലൈംഗിക അതിക്രമങ്ങൾക്ക് ഇര ആകുന്ന സ്ത്രീകൾക്ക് അന്വേഷണ കാലയളവിൽ അനുവദിക്കുന്ന അവധി, എന്നിവ പ്രത്യേക (Special) അവധികളുമാണ്. Nandakumar C (www.lsgadministration.com)