തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്ന് കഴിഞ്ഞിരിക്കുകയാണല്ലോ? തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആദ്യ യോഗം കൂടാൻ തീരുമാനിച്ചിട്ടുള്ള തീയതി മുതൽ അഞ്ചു വർഷമാണ് അംഗങ്ങളുടെ ഉദ്യോഗ കാലാവധി. ഈ ഉദ്യോഗ കാലാവധിക്കുള്ളിലെ ചില കാര്യങ്ങൾ ഒരു അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടാൻ കരണമാകുന്നവയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
- തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ
- താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്നു തവണ വീഴ്ചവരുത്തിയാൽ
- താൻ കൺവീനറായിരിക്കുന്ന വാർഡ് കമ്മിറ്റിയുടെ / വാർഡ് സഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി രണ്ട് തവണ വീഴ്ചവരുത്തിയാൽ
- ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി പ്രദേശത്തിനുള്ളിലെ താമസം അവസാനിപ്പിച്ചാൽ
- സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടാൽ
- ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സ്വന്തം ഇഷ്ടപ്പെട്ട പ്രകാരം ആർജ്ജിച്ചാൽ
- ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിന് അപേക്ഷിച്ചിരിക്കുകയോ അഥവാ ഒരു നിർദ്ധനനായി വിധിക്കപ്പെട്ടിരിക്കുകയോ ചെയ്താൽ (ഇൻസോൾവൻസി നിയമത്തിൻ കീഴിലെ ഇൻസോൾവൻസി കോടതിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകാനുള്ള അധികാരം)
- സർക്കാരിനുവേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനുവേണ്ടിയോ/ മുനിസിപ്പാലിറ്റിക്കു വേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടാൽ
- ബന്ധപ്പെട്ടപഞ്ചായത്തിനെതിരായി/മുനിസിപ്പാലിറ്റിക്കെതിരായി അഭിഭാഷകനായി ജോലിസ്വീകരിച്ചിച്ചാൽ
- ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടുണ്ടെങ്കിൽ
- പഞ്ചായത്തിനുണ്ടായ/മുനിസിപ്പാലിറ്റിക്കുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തരവാദിയായാൽ
- മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കോ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് നൽകിയിട്ടുള്ള ബില്ലിലോ നോട്ടീസിലോ തുക അടയ്ക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ
- അഴിമതി കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചാൽ
- ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചാൽ
- സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടായാൽ.
- 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒരംഗത്തിന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രതിപാദിച്ചിട്ടുള്ളത് 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലാണ്. ഈ നിയമത്തിലെ വകുപ്പ് 3 പ്രകാരം:
- ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം ആ രാഷ്ട്രീയ കക്ഷിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയാണെങ്കിലോ,
- ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,
- ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്
റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ, - ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യത്തിൽ നിന്നും പിന്മാറുകയോ,
- ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ മറ്റേതെങ്കിലും സഖ്യത്തിലോ ചേരുകയോ,
- ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,
- ഏതെങ്കിലും സഖ്യത്തിൽപ്പെട്ട ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്
റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ വോട്ടുചെയ്യുകയോ വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ, - ഏതെങ്കിലും സഖ്യത്തിൽപ്പെടാത്ത ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരുകയാണെ
ങ്കിലോ, അയാൾ ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗമായി തുടരുന്നതിന് അയോഗ്യനായിരിക്കും)
- നിശ്ചിത തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാതിരിക്കുകയോ ബോധിപ്പിച്ച കണക്കുകൾ കളവയിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവുചെയ്യുകയോ ചെയ്താൽ
- മുപ്പത് മാസത്തിനകം തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നൽകാതിരുന്നാൽ
- തന്റെ ആസ്തിയെ സംബന്ധിച്ചുള്ള സ്റ്റേറ്റ്മെൻറ് ഓരോ രണ്ടുവർഷത്തിലൊരിക്കലും ലോകായുക്ത രജിസ്ട്രാർക്ക് നൽകാതിരുന്നാൽ
- 1860 ലെ I.P.C. - IX A അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
- ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
- തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന് കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക).
- പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും.
- പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
- അഴിമതി പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.