തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ ഒരു പ്രധാന വിഷയമാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കൽ. ഈ ലിസ്റ്റിൽ ചേർത്തിട്ടുള്ള അതേ ക്രമത്തിലാണ് ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് അച്ചടിക്കുന്നതെന്നതിനാൽ വളരെ സൂക്ഷമതയോടെ വേണം ഓരോ നിയോജക മണ്ഡലത്തിലെയും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കാൻ. നോമിനേഷൻ പിൻവലിക്കുന്നതിനുള്ള അവസാന ദിവസം ഉച്ചക്കുശേഷം മൂന്നുമണി കഴിഞ്ഞാലുടൻ ആറാം നമ്പർ ഫാറത്തിൽ വേണം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കേണ്ടത്.
ഈ ലിസ്റ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് മലയാളം അക്ഷരമാലാക്രമത്തിൽവേണം കൊടുക്കേണ്ടത്. ശബ്ദതാരാവലിയിൽ നൽകിയിട്ടുള്ള മലയാളം അക്ഷരമാല ഇവിടെ ക്ലിക്ക് ചെയ്ത് കാണുക. പേരിലെ അക്ഷരമാലാക്രമം പരിഗണിക്കുമ്പോൾ പേരിനു മുമ്പേയുള്ള ഇനിഷ്യലുകൾ അവഗണിക്കണം.
ഒരേ പേരിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ തൊഴിലോ വീട്ടുപേരോ കൂടുതലായി ചേർത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ, അവരെ വേർതിരിച്ചു കാണിക്കേണ്ടതാണ്. സ്ഥാനാർത്ഥികളെ കൂടി കേട്ട ശേഷം വേണം ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ. ഇത്തരം സന്ദർഭത്തിൽ പേരുകൾ ക്രമീകരിക്കേണ്ടത് വ്യത്യാസം വരുത്താൻ ചേർത്ത വാക്കിന്റെ ആദ്യ അക്ഷരമാലക്രമത്തിലായിരിക്കണം.
സ്ഥാനാർത്ഥിയുടെ രേഖമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ ഡോക്ടർ, പ്രൊഫസർ,അഡ്വക്കേറ്റ്, എന്നിങ്ങനെയുള്ള മാന്യതസൂചകമായോ, അക്കാദമിക് സംബന്ധമായതോ,തൊഴിൽപരമായതോ ആയ പദമോ സ്ഥലപ്പേരോ അയാളുടെ പേരിനൊപ്പം ചേർക്കുന്നതിന് തടസമില്ല. പക്ഷെ ഇത്തരം കൂട്ടിച്ചേർക്കലുകൾ അക്ഷരമാലാക്രമം വിന്യസിക്കുന്നതിൽ പരിഗണിക്കപ്പെടുകയില്ല.
ചില സ്ഥാനാർത്ഥികൾ പേരിനു പകരം തന്റെ നാട്ടിലെ അറിയപ്പെടുന്ന പേര് നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകാറുണ്ട്. യഥാർത്ഥ പേരിരിൽ നിന്നും പൂർണമായും വ്യത്യസ്തമായ പേര് ലിസ്റ്റിൽ ഉൾപെടുത്താൻ കഴിയുകയില്ല. ഇത്തരം സംഗതികളിൽ ആവശ്യം യാഥാർഥ്യമുള്ളതാണെന്ന് വരണാധികാരിക്ക് ബോധ്യപെട്ടാൽ ആ പേര് ഒറിജിനൽ പേരിനു ശേഷം ബ്രാക്കറ്റിൽ ചേർത്തു നൽകാവുന്നതാണ്. നോമിനേഷനിലേതിൽ നിന്നും പേര് വ്യത്യാസപ്പെടുത്തുന്ന എല്ലാ സംഗതികളിലും സ്ഥാനാർത്ഥിയുടെ അപേക്ഷ വാങ്ങിയിരിക്കണം.
ചിഹ്നങ്ങളുടെ ഹാൻഡ് ബുക്കിൽ കൊടുത്തിട്ടുള്ള രീതിയിൽ തന്നെ ചിഹ്നങ്ങളുടെ പേര് നാലാമത്തെ കോളത്തിൽ എഴുതാൻ ശ്രദ്ധിക്കണം. (ചിഹ്നങ്ങളുടെ ഹാൻഡ് ബുക്ക്) (നന്ദ കുമാർ സി www.lsgadministration.com)