Sunday, 20 August 2023

CRITERIA FOR RESERVATIONS - ECONOMICALLY WEAKER SECTIONS - EWS - INCOME AND ASSET CERTIFICATE - IN THE GENERAL CATEGORY - KERALA

പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍ക്കുള്ള സംവരണ മാനദണ്ഡങ്ങള്‍

[CRITERIA FOR RESERVATIONS TO ECONOMICALLY WEAKER SECTIONS (EWSs) IN THE GENERAL CATEGORY]

ആമുഖം:

ഭരണഘടനയുടെ 103 ആം ഭേദഗതി വഴി രാജ്യത്ത് ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍) 10% സംവരണം ഏര്‍പ്പെടുത്തുകയുണ്ടായി.

ഭരണഘടന ഭേദഗതിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ തീരുമാനിച്ചു കൊണ്ട് 17/01/2019 ലെ 20013/01/2018-BC-II നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയവും തുടര്‍ന്ന് പ്രസ്തുത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് 10% സംവരണം ഏര്‍പ്പെടുത്തി കേന്ദ്ര മാനവ വിഭവശേഷി (ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയവും (17/01/2019 ലെ 12-4/2019-U1 നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം) കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തി  കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍ (ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയവും [19/01/2019 ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം] ഉത്തരവുകള്‍ പുറപ്പെടുവിക്കുയയുണ്ടായി.

പ്രാബല്യം:

നേരിട്ടുള്ള നിയമനത്തിനായി 01/02/2019 നോ അതിനുശേഷമോ വിജ്ഞാപനം ചെയ്യുന്ന ഒഴിവുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2019 -20 വര്‍ഷം മുതലുള്ള പ്രവേശനത്തിനുമാണ് ഈ വ്യവസ്ഥകള്‍ ബാധകമാകുന്നത്. 2006 ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (പ്രവേശനത്തിനുള്ള സംവരണം) ആക്ടിലെ [THE CENTRAL EDUCATIONAL INSTITUTIONS (RESERVATION IN ADMISSION) ACT, 2006] പട്ടികയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 8 വിദ്യാഭ്യാസ സ്ഥാപനങ്ങളെ (institutions of excellence, research institutions, institutions of national and strategic importance) ഈ സംവരണ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവര്‍:

നിലവിലുള്ള സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ 164 സംവരണേതര   വിഭാഗങ്ങളുടെ, അതായത് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ, പട്ടിക സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി: 03/06/2021, സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി: 05/07/2021 എന്നിവ പ്രകാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റിലെ ശൈവ വെള്ളാള വിഭാഗത്തെ സംബന്ധിച്ച്  പാലക്കാട്‌ ജില്ലയിലെത് ഒഴികെയുള്ളവര്‍ക്ക് മാത്രമേ ഈ സംവരണ ആനുകൂല്യം ലഭിക്കൂ.

നിബന്ധനകൾ - കുടുംബ വാർഷിക വരുമാനം/ ഭൂ സ്വത്ത് : 

കുടുംബ വാര്‍ഷിക വരുമാനവും കുടുംബത്തിന്റെ കൈവശമുള്ള ഭൂസ്വത്തുമാണ് ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള പ്രധാന ഘടകങ്ങള്‍. കുടുംബം എന്ന നിര്‍വ്വചനത്തില്‍ അപേക്ഷന്‍/അപേക്ഷക, അപേക്ഷകന്റെ/അപേക്ഷകയുടെ മാതാപിതാക്കള്‍, 18 വയസ്സിനു താഴെയുള്ള  സഹോദരങ്ങള്‍, അപേക്ഷകന്റെ/അപേക്ഷകയുടെ പങ്കാളി എന്നിവരാണ്‌ ഉള്‍പ്പെടുന്നത്.

അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ വരുമാനമാണ് പരിഗണിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിന്  കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. കൂടാതെ അപേക്ഷകന്റെ/ കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (വ്യത്യസ്ത സ്ഥലങ്ങളിൽ ഭൂമികൾ ഉണ്ടെങ്കിൽ അവ ഉള്‍പ്പെടെ)  ഒന്നും ഉണ്ടാകാനും പാടില്ല.

·     5 ഏക്കറില്‍ താഴെ കൃഷി ഭൂമി

·     1000 ചതുരശ്ര അടിയില്‍ താഴെയുള്ള റസിഡന്‍ഷ്യല്‍ ഫ്ലാറ്റ്

·     മുനിസിപ്പാലിറ്റിയില്‍ - 2.06 സെന്റില്‍ താഴെയുള്ള  റസിഡന്‍ഷ്യല്‍ പ്ലോട്ട്

·     പഞ്ചായത്തുകളില്‍ - 4.13 സെന്റില്‍ താഴെയുള്ള  റസിഡന്‍ഷ്യല്‍ പ്ലോട്ട്.

കേന്ദ്ര സര്‍ക്കാര്‍ മേഖലയിലെ സംവരണ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേക്ഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്‌.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ സംവരണ ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര മാനദണ്ഡങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയോ അതില്‍ താഴെയോ  ആയിരിക്കണം. കുടുംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ ചുവടെ ചേർക്കുന്നവ  ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.

·  മുൻസിപ്പാലിറ്റി/മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലെ പരിധി നിർണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം

·       സാമൂഹ്യ സുരക്ഷ പെൻഷനുകൾ

·       കുടുംബ പെൻഷൻ

·       തൊഴിലില്ലായ്മ വേതനം

·       ഉത്സവബത്ത

·       വിരമിക്കൽ ആനുകൂല്യങ്ങൾ

·       യാത്രാബത്ത  

സംവരണ ആനുകൂല്യം ലഭിക്കണമെങ്കില്‍ മേല്‍ വിവരിച്ച വരുമാന പരിധി പാലിക്കുന്നതിനോടൊപ്പം അപേക്ഷകന്റെ/കുടുബത്തിന്റെ കൈവശം ചുവടെ പറയുന്ന പരിധിയില്‍ കവിഞ്ഞ ഭൂസ്വത്തുക്കള്‍ (ഭൂമി എന്നതിൽ എല്ലാത്തരം ഭൂമിയും ഉൾപ്പെടും) ഒന്നും ഉണ്ടാകാനും പാടില്ല.

·       ഭൂമി

o   ഗ്രാമപഞ്ചായത്ത് പ്രദേശം – 2.5 ഏക്കര്‍ വരെ

o   മുനിസിപ്പാലിറ്റി പ്രദേശം – 75 സെന്റ് വരെ      

o   മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശം - 50 സെന്റ് വരെ

·       ഹൗസ് പ്ലോട്ട് (വീട് നില്‍ക്കുന്നതോ വീട് വയ്ക്കാന്‍ കഴിയുന്നതോ)

o   മുനിസിപ്പാലിറ്റി പ്രദേശം – 20 സെന്റ് വരെ

o   കോര്‍പ്പറേഷന്‍ പ്രദേശം - 15 സെന്റ് വരെ

കുടുംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്ത് ആയിരിക്കും പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കുക.

ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും മുനിസിപ്പൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ വിസ്തൃതി 2.5 ഏക്കറിൽ അധികരിക്കാൻ പാടില്ല.

മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലുമായി അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിൻറെ ആകെ ഭൂവിസ്തൃതി 75 സെൻറിൽ അധികരിക്കാൻ പാടില്ല.

കുടുംബത്തിന് മുനിസിപ്പൽ പ്രദേശങ്ങളിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റില്‍ അധികരിക്കാൻ പാടില്ല.

ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കുന്നതാണ്.

AAY, PHH, റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ക്ക് അത്തരം റേഷന്‍ കാര്‍ഡില്‍ പേരുണ്ടെന്ന വില്ലേജ് ആഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഈ സംവരണ ആനുകൂല്യം ലഭിക്കുന്നതാണ്. അവര്‍ക്ക് കുടുംബ വാര്‍ഷിക വരുമാനമോ കൈവശമുള്ള ഭൂമിയുടെ അളവോ ബാധകമല്ല.

മറ്റു നിബന്ധനകൾ:

കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു തഹസീല്‍ദാര്‍മാരാണ്. പക്ഷെ അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വര്‍ഷമാണ്‌. കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള Income and Asset Certificate സംബന്ധിച്ച അപ്പീലുകള്‍ ജില്ലാ മജിസ്ട്രേറ്റിനോ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിനോ ആണ് നൽകേണ്ടത്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള Income and Asset Certificate അനുവദിക്കേണ്ടത് അതതു വില്ലേജ് ആഫീസര്‍മാരാണ്. അപേഷകള്‍ ബന്ധപെട്ട വില്ലേജ് ഓഫീസിലാണ് നല്‍കേണ്ടത്. സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി മൂന്ന് വര്‍ഷമാണ്‌. സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിലുള്ള ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട തഹസിൽദാർക്ക്/റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.

അപ്പീല്‍ തീരുമാനത്തില്‍ പുനഃപരിശോധന ആവശ്യമുള്ള പക്ഷം അപ്പീല്‍ അധികാരിയുടെ മേല്‍ ഉദ്യോഗസ്ഥന് പുനഃപരിശോധനക്ക് അപേക്ഷ നല്‍കുകയും ചെയ്യാം.

പ്രധാന റഫറൻസ് :

1) 103 ആം ഭരണ ഘടനാ ഭേദഗതി 

2) കേന്ദ്ര സാമൂഹ്യ നീതിയും ശാക്തീകരണവും മന്ത്രാലയത്തിന്റെ 17/01/2019 ലെ 20013/01/2018-BC-II നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം 

3) കേന്ദ്ര മാനവ വിഭവശേഷി (ഉന്നത വിദ്യാഭ്യാസവകുപ്പ്) മന്ത്രാലയത്തിന്റെ 17/01/2019 ലെ 12-4/2019-U1 നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം

4) കേന്ദ്ര ഉദ്യോഗസ്ഥ, പൊതുജന പരാതി, പെന്‍ഷന്‍ (ഉദ്യോഗസ്ഥ പരിശീലന വകുപ്പ്) മന്ത്രാലയത്തിന്റെ 19/01/2019 ലെ 36039/1/2019-Estt.(Res.) നമ്പര്‍ ഓഫീസ് മെമ്മോറാണ്ടം

5) സ.ഉ.(കൈ)നം.52/2019/ GAD തീയതി 14.03.2019

6) സ.ഉ.(പി)നം.1/2020/P&ARD തീയതി 03.01.2020

7) സ.ഉ.(കൈ)നം.2/2020/ഉഭപവ തീയതി 12.02.2010

8) സ.ഉ.(കൈ)നം.114/2021/പൊ.ഭ.വ. തീയതി: 03/06/2021

9) സ.ഉ.(കൈ)നം.129/2021/പൊ.ഭ.വ. തീയതി: 05/07/2021

Sunday, 23 April 2023

EWS - Criteria for Reservation to Economically Weaker Sections in General Category - EWS Central Government Norms - EWS State Government Norms

EWS - Criteria for Reservation to Economically Weaker Sections in General Category - EWS Central Government Norms - EWS State Government Norms - മുന്നോക്ക വിഭാഗങ്ങളിലെ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണ മാനദണ്ഡങ്ങൾ.

 https://youtu.be/erjwAFR8RJs 

Tuesday, 5 January 2021

Combination of Leave

ഒന്നിലധികം അവധികൾ ഒരുമിച്ച് എടുക്കുന്നതിനെ കുറിച്ചും ഒരു അവധിക്കു തുടർച്ചയായി ഏതൊക്കെ അവധികൾ എടുക്കാം എന്നതു സംബന്ധിച്ചും പലരും സംശയങ്ങൾ ചോദിക്കാറുണ്ട്. ഇതു സംബന്ധിച്ച നിബന്ധനകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏതൊരു അവധിയും മറ്റേതൊരവധിയോടും ചേർത്തെടുക്കാം. അതുപോലെ ഏതൊരു അവധിക്കും തുടർച്ചയായി മറ്റേതൊരാവധിയും എടുക്കുകയും ചെയ്യാം. എന്നാൽ ആർജ്ജിത അവധിയും കമ്മ്യൂട്ടഡ് ലീവും ഒരുമിച്ച് എടുക്കുകയാണെങ്കിൽ ആകെ അവധി കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല.

കെ.എസ്.ആർ. ഭാഗം ഒന്ന് അനുബന്ധം XIIA, XIIB, XIIC എന്നിവ പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയോടൊപ്പമോ അവക്ക് തുടർച്ചയായോ മറ്റ് അവധികൾ എടുക്കാൻ കഴിയില്ല. 

എന്നാൽ കെ.എസ്.ആർ. ഭാഗം ഒന്ന് അനുബന്ധം XIIA, പ്രകാരം എടുക്കുന്ന ശൂന്യവേതന അവധി, അനുബന്ധം XII C പ്രകാരമുള്ള ശൂന്യവേതന അവധിയോടൊപ്പം ചേർത്തോ തുടർച്ചയായോ എടുക്കാം. അതുപോലെ അനുബന്ധം XII C പ്രകാരം എടുക്കുന്ന ശൂന്യവേതന അവധി അനുബന്ധം XIIA, പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയോടൊപ്പം ചേർത്തോ തുടർച്ചയായോ എടുക്കുകയും ചെയ്യാം. എന്നാൽ ഇവ തമ്മിൽ ചേർത്തടുക്കാവുന്ന പരമാവധി കാലയളവ് 5 വർഷമായി 5.11.2020 പ്രാബല്യത്തിൽ നിജപ്പെടുത്തിയിട്ടുണ്ട്. 

രണ്ട് അവധികൾക്കിടയിൽ വെക്കേഷൻ അനുവദിക്കാം. അതുപോലെ വെക്കേഷന്‌ മുൻപോ പിൻപോ അവധികൾ ചേർത്തെടുക്കാം. പക്ഷെ വെക്കേഷനും ആർജ്ജിത അവധിയും ചേർത്തെടുക്കുകയാണെങ്കിൽ രണ്ടും കൂടിയുള്ള കാലയളവ്, അവധിക്കണക്കിൽ ബാക്കിയുള്ള ആർജ്ജിത അവധികളുടെ എണ്ണത്തിലോ അവധിക്കണക്കിൽ 180 ദിവസത്തിൽ കൂടുതൽ ആർജ്ജിത അവധി ബാക്കിയുണ്ടെങ്കിൽ 180 ദിവസത്തിലോ കൂടാൻപാടില്ല. എന്നാൽ വെക്കേഷനും ആർജ്ജിത അവധിയും കമ്യൂട്ടഡ് ലീവും ചേർത്തെടുക്കുകയാണെങ്കിൽ മൂന്നും കൂടിയുള്ള ആകെ കാലയളവ് 240 ദിവസത്തിൽ കൂടാൻ പാടില്ല. 

വെക്കേഷനും സ്പെഷ്യൽ കാഷ്വൽ ലീവും ചേർത്തെടുക്കാം. എന്നാൽ വെക്കേഷനും സ്പെഷ്യൽ കാഷ്വൽ ലീവും കാഷ്വൽ ലീവും കൂടി ചേർത്തെടുക്കാൻ കഴിയില്ല. അനുബന്ധം XIIA, XII C പ്രകാരം എടുക്കുന്ന ശൂന്യവേതന അവധിയുടെ മുന്നിലോ പിന്നിലോ വെക്കേഷൻ ചേർന്ന് വരുന്നത് അനുവദനീയമല്ല.

ആകസ്മിക അവധി, മറ്റു അവധികളോടോ പ്രവേശന കാലത്തോടോ വെക്കേഷനോടോ ചേർത്ത് സാധാരണയായി എടുക്കാൻ കഴിയുകയില്ല. എന്നാൽ വകുപ്പ് അധ്യക്ഷന് ബോധ്യപ്പെടുകയാണെങ്കിൽ പ്രത്യേക കേസുകളിൽ അത് അനുവദിക്കാം. ആകസ്മിക അവധി അംഗീകൃത അവധി ദിനങ്ങളോടൊപ്പം ചേർത്തെടുക്കുമ്പോൾ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുന്ന ദിവസങ്ങൾ പതിനഞ്ചിൽ കൂടാൻ പാടില്ല.

കോമ്പൻസേഷൻ ലീവ് അംഗീകൃത അവധി ദിനങ്ങളോടൊപ്പമോ ആകസ്മിക അവധിയോടോ ചേർത്തെടുക്കാം. പക്ഷെ ഇപ്രകാരം ചേർത്തെടുക്കുമ്പോൾ തുടർച്ചയായി ഓഫീസിൽ ഹാജരാകാതിരിക്കുന്ന ദിവസങ്ങൾ പതിനഞ്ചിൽ കൂടാൻ പാടില്ല. റഗുലർ അവധികളോട് ചേർത്ത് കോമ്പൻസേഷൻ ലീവ് അനുവദിക്കാൻ പാടില്ല. 

ആര്‍ജ്ജിത അവധി, ഹാഫ് പേ ലീവ്, ശബളമില്ലാത്ത അവധി, ലീവ് നോട്ട് ഡ്യൂ , എന്നിവ പ്രസവ അവധിയോട് ചേര്‍ത്തെടുക്കാം. 

ചൈല്‍ഡ് അഡോപ്ഷന്‍ ലീവ് (Child Adoption Leave) നോട് ചേര്‍ത്ത് അനുബന്ധം XIIA, XIIB, XIIC എന്നിവ ഒഴികെയുള്ള അവധികൾ എടുക്കാം.

സ്പെഷ്യൽ കാഷ്വൽ ലീവുകളോടൊപ്പം സാധാരണ അവധികളും ആകസ്മിക അവധികളും ചേർത്തെടുക്കാം.

ആർജ്ജിത അവധി, ഹാഫ് പേ ലീവ്, കമ്മ്യൂട്ടഡ് ലീവ്, ലീവ് നോട്ട് ഡ്യൂ, ശൂന്യ വേതന അവധി എന്നിവയാണ് സാധാരണ (Ordinary) അവധികൾ. ഡിസബിലിറ്റി ലീവ്, പ്രസവാവധി, പറ്റേണിറ്റി ലീവ്, ചൈൽഡ് അഡോപ്ഷൻ ലീവ്, ഹോസ്പിറ്റൽ ലീവ്, ജോലി സ്ഥലത്ത് ലൈംഗിക അതിക്രമങ്ങൾക്ക് ഇര ആകുന്ന സ്ത്രീകൾക്ക് അന്വേഷണ കാലയളവിൽ അനുവദിക്കുന്ന അവധി, എന്നിവ പ്രത്യേക (Special) അവധികളുമാണ്. Nandakumar C (www.lsgadministration.com)     

Thursday, 31 December 2020

Disqualification of Members of LSGI's

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതികൾ നിലവിൽ വന്ന് കഴിഞ്ഞിരിക്കുകയാണല്ലോ? തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ആദ്യ യോഗം കൂടാൻ തീരുമാനിച്ചിട്ടുള്ള തീയതി മുതൽ അഞ്ചു വർഷമാണ് അംഗങ്ങളുടെ ഉദ്യോഗ കാലാവധി. ഈ ഉദ്യോഗ കാലാവധിക്കുള്ളിലെ ചില കാര്യങ്ങൾ ഒരു അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടാൻ കരണമാകുന്നവയാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

  • തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരുന്നാൽ
  • താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി മൂന്നു തവണ വീഴ്ചവരുത്തിയാൽ
  • താൻ കൺവീനറായിരിക്കുന്ന വാർഡ് കമ്മിറ്റിയുടെ / വാർഡ് സഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി രണ്ട് തവണ വീഴ്ചവരുത്തിയാൽ
  • ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി പ്രദേശത്തിനുള്ളിലെ താമസം അവസാനിപ്പിച്ചാൽ
  • സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടാൽ 
  • ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സ്വന്തം ഇഷ്ടപ്പെട്ട പ്രകാരം ആർജ്ജിച്ചാൽ
  • ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിന് അപേക്ഷിച്ചിരിക്കുകയോ അഥവാ ഒരു നിർദ്ധനനായി വിധിക്കപ്പെട്ടിരിക്കുകയോ ചെയ്താൽ (ഇൻസോൾവൻസി നിയമത്തിൻ കീഴിലെ ഇൻസോൾവൻസി കോടതിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകാനുള്ള അധികാരം)
  • സർക്കാരിനുവേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനുവേണ്ടിയോ/ മുനിസിപ്പാലിറ്റിക്കു വേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടാൽ 
  • ബന്ധപ്പെട്ടപഞ്ചായത്തിനെതിരായി/മുനിസിപ്പാലിറ്റിക്കെതിരായി അഭിഭാഷകനായി ജോലിസ്വീകരിച്ചിച്ചാൽ  
  • ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടുണ്ടെങ്കിൽ
  • പഞ്ചായത്തിനുണ്ടായ/മുനിസിപ്പാലിറ്റിക്കുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തരവാദിയായാൽ  
  • മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കോ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് നൽകിയിട്ടുള്ള ബില്ലിലോ നോട്ടീസിലോ തുക അടയ്ക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ
  • പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ ധനമോ മറ്റുവസ്തുക്കളോ നഷ്ടപെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്‌തെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയാൽ
    സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് 3 മാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിച്ചാൽ. (സാന്മാർഗിക ദൂഷ്യം എന്നതിന് നിർവചനം നൽകിയിട്ടില്ല. സമൂഹത്തിനെതിരായിട്ടുള്ള കുറ്റങ്ങളെ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റമായി കാണും).
  • അഴിമതി കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചാൽ 
  • ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചാൽ 
  • സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടായാൽ.
  • 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒരംഗത്തിന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പ്രതിപാദിച്ചിട്ടുള്ളത് 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലാണ്. ഈ നിയമത്തിലെ വകുപ്പ് 3 പ്രകാരം:
  1. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം ആ രാഷ്ട്രീയ കക്ഷിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയാണെങ്കിലോ,
  2. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള  ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,
  3. ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ഒരംഗം അയാൾ ഉൾപ്പെടുന്ന രാഷ്ട്രീയ കക്ഷി അധികാരപ്പെടുത്തിയിട്ടുള്ള  ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ  വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,  
  4. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യത്തിൽ നിന്നും പിന്മാറുകയോ,
  5. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ മറ്റേതെങ്കിലും സഖ്യത്തിലോ ചേരുകയോ,
  6. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്റെയോ ഉപാധ്യക്ഷന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്തിന്റെയോ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയോ, വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,    
  7. ഏതെങ്കിലും സഖ്യത്തിൽപ്പെട്ട  ഒരു സ്വാതന്ത്രാംഗം അയാൾ ഉൾപ്പെടുന്ന സഖ്യം അധികാരപ്പെടുത്തിയിട്ടുള്ള ആൾ നൽകിയ നിർദേശത്തിനു വിരുദ്ധമായി  ആ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനോ , ഉപാധ്യക്ഷനോ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനോ എതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ  വോട്ടുചെയ്യുകയോ വോട്ട് ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുകയോ,     
  8. ഏതെങ്കിലും സഖ്യത്തിൽപ്പെടാത്ത ഒരു സ്വാതന്ത്രാംഗം ഏതെങ്കിലും രാഷ്ട്രീയ കക്ഷിയിലോ സഖ്യത്തിലോ ചേരുകയാണെങ്കിലോ, അയാൾ ആ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗമായി തുടരുന്നതിന് അയോഗ്യനായിരിക്കും)
  • നിശ്ചിത തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാതിരിക്കുകയോ ബോധിപ്പിച്ച കണക്കുകൾ കളവയിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവുചെയ്യുകയോ ചെയ്താൽ
  • മുപ്പത് മാസത്തിനകം തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന് നൽകാതിരുന്നാൽ
  • തന്റെ ആസ്തിയെ സംബന്ധിച്ചുള്ള സ്റ്റേറ്റ്മെൻറ് ഓരോ രണ്ടുവർഷത്തിലൊരിക്കലും ലോകായുക്ത രജിസ്ട്രാർക്ക് നൽകാതിരുന്നാൽ
  • 1860 ലെ I.P.C. - IX A അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • 1951 ലെ R.P.ആക്ട് വകുപ്പ് 8 ൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന് കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക).
  • പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും.
  • പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • അഴിമതി പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
അയോഗ്യത സംബന്ധിച്ചുള്ള പരാതികൾ പരിഗണിച്ച് തീർപ്പുകൽപ്പിക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ്. തദ്ദേശഭരണ സ്ഥാപനത്തിലെ അംഗങ്ങൾക്കും അംഗത്തെ തിരഞ്ഞടുക്കാൻ അർഹതയുള്ള വോട്ടർക്കും അംഗത്വം സംബന്ധിച്ച പരാതികൾ നല്കാൻ കഴിയും. (Nanda Kumar C, www.lsgadministration.com)

Sunday, 27 December 2020

Election to Standing Committees of Local Bodies - Selection of Standing Committee Members and Chairman

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള അംഗങ്ങളുടെയും ചെയർമാന്മാരുടെയും തിരഞ്ഞെടുപ്പ്. ജനപ്രതിനിധികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്. ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് കാണുക.

Slide Show - Malayalam 

Saturday, 14 November 2020

List of Contesting Candidates - Preparation

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ ഒരു പ്രധാന വിഷയമാണ് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കൽ. ഈ ലിസ്റ്റിൽ ചേർത്തിട്ടുള്ള അതേ ക്രമത്തിലാണ് ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥികളുടെ പേര് അച്ചടിക്കുന്നതെന്നതിനാൽ വളരെ സൂക്ഷമതയോടെ വേണം ഓരോ നിയോജക മണ്ഡലത്തിലെയും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കാൻ. നോമിനേഷൻ പിൻവലിക്കുന്നതിനുള്ള അവസാന ദിവസം ഉച്ചക്കുശേഷം മൂന്നുമണി കഴിഞ്ഞാലുടൻ ആറാം നമ്പർ ഫാറത്തിൽ വേണം മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ലിസ്റ്റ് തയ്യാറാക്കേണ്ടത്. 

ഈ ലിസ്റ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പേര് മലയാളം അക്ഷരമാലാക്രമത്തിൽവേണം കൊടുക്കേണ്ടത്. ശബ്ദതാരാവലിയിൽ നൽകിയിട്ടുള്ള മലയാളം അക്ഷരമാല ഇവിടെ ക്ലിക്ക് ചെയ്ത് കാണുക. പേരിലെ അക്ഷരമാലാക്രമം പരിഗണിക്കുമ്പോൾ പേരിനു മുമ്പേയുള്ള ഇനിഷ്യലുകൾ അവഗണിക്കണം. 

ഒരേ പേരിൽ രണ്ടോ അതിലധികമോ സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ അവരുടെ തൊഴിലോ വീട്ടുപേരോ കൂടുതലായി ചേർത്തോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിലോ, അവരെ വേർതിരിച്ചു കാണിക്കേണ്ടതാണ്. സ്ഥാനാർത്ഥികളെ കൂടി കേട്ട ശേഷം വേണം ഇത് സംബന്ധിച്ച തീരുമാനമെടുക്കാൻ. ഇത്തരം സന്ദർഭത്തിൽ പേരുകൾ ക്രമീകരിക്കേണ്ടത് വ്യത്യാസം വരുത്താൻ ചേർത്ത വാക്കിന്റെ ആദ്യ അക്ഷരമാലക്രമത്തിലായിരിക്കണം. 

സ്ഥാനാർത്ഥിയുടെ രേഖമൂലമുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ  ഡോക്ടർ, പ്രൊഫസർ,അഡ്വക്കേറ്റ്, എന്നിങ്ങനെയുള്ള മാന്യതസൂചകമായോ, അക്കാദമിക് സംബന്ധമായതോ,തൊഴിൽപരമായതോ ആയ പദമോ സ്ഥലപ്പേരോ അയാളുടെ പേരിനൊപ്പം ചേർക്കുന്നതിന് തടസമില്ല. പക്ഷെ ഇത്തരം കൂട്ടിച്ചേർക്കലുകൾ അക്ഷരമാലാക്രമം വിന്യസിക്കുന്നതിൽ പരിഗണിക്കപ്പെടുകയില്ല. 

ചില സ്ഥാനാർത്ഥികൾ പേരിനു പകരം തന്റെ നാട്ടിലെ അറിയപ്പെടുന്ന പേര് നൽകണമെന്ന് കാണിച്ച് അപേക്ഷ നൽകാറുണ്ട്. യഥാർത്ഥ പേരിരിൽ നിന്നും പൂർണമായും വ്യത്യസ്തമായ പേര് ലിസ്റ്റിൽ ഉൾപെടുത്താൻ കഴിയുകയില്ല. ഇത്തരം സംഗതികളിൽ ആവശ്യം യാഥാർഥ്യമുള്ളതാണെന്ന് വരണാധികാരിക്ക് ബോധ്യപെട്ടാൽ ആ പേര് ഒറിജിനൽ പേരിനു ശേഷം ബ്രാക്കറ്റിൽ ചേർത്തു നൽകാവുന്നതാണ്. നോമിനേഷനിലേതിൽ  നിന്നും പേര് വ്യത്യാസപ്പെടുത്തുന്ന എല്ലാ സംഗതികളിലും സ്ഥാനാർത്ഥിയുടെ അപേക്ഷ വാങ്ങിയിരിക്കണം.

ചിഹ്നങ്ങളുടെ ഹാൻഡ് ബുക്കിൽ കൊടുത്തിട്ടുള്ള രീതിയിൽ തന്നെ ചിഹ്നങ്ങളുടെ പേര് നാലാമത്തെ കോളത്തിൽ എഴുതാൻ ശ്രദ്ധിക്കണം. (ചിഹ്നങ്ങളുടെ ഹാൻഡ് ബുക്ക്)  (നന്ദ കുമാർ സി www.lsgadministration.com)

Saturday, 7 November 2020

ELECTION TO LSGIs - ALLOTMENT OF SYMBOLS

തിരഞ്ഞെടുപ്പ് നടത്തിപ്പു ചട്ടങ്ങളിലെ ചട്ടം 12 ലാണ് തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് അനുവദിക്കേണ്ട ചിഹ്നങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചട്ടം 12 ലെ ഒന്നാം ഉപചട്ടം അനുസരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഗസറ്റ് വിജ്ഞാപനംമൂലം ചിഹ്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തേണ്ടതും ആ ലിസ്‌റ്റിൽ നിന്നും വരണാധികാരി, മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പ്രഥമഗണനാർഹമായ ചിഹ്നങ്ങൾ നിശ്ചയിച്ചു നൽകേണ്ടതുമാണ്.

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ 2017 ൽ ചിഹ്നങ്ങൾ അനുവദിക്കുന്നതിനുള്ള നിബന്ധനകൾ ഉൾപ്പെടുത്തി സിംബൽസ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. (സിംബൽസ് ഓർഡർ വരണാധികാരികൾക്കുള്ള 2020 ലെ കൈപുസ്തകത്തിലെ 183 മത്തെ പേജിൽ കൊടുത്തിട്ടുണ്ട്). ആ ഉത്തരവിലെ ഖണ്ഡിക 7 നൽകുന്ന അധികാരം വിനിയോഗിച്ച് 06.11.2020 ൽ 278/2020/SEC (ഡൗൺ ലോഡ് ചെയ്തു കാണുക)  നമ്പർ ഗസറ്റു വിജ്ഞാപന പ്രകാരം നാല് പട്ടികകളായി, രാഷ്ട്രീയ പാർട്ടികളുടെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അനുവദിക്കാവുന്ന ചിഹ്നങ്ങളുടെയും, ഏറ്റവും പുതിയ ലിസ്റ്റ് കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ ചുവടെ  കൊടുക്കുന്നു. (ചിഹ്നങ്ങളുടെ ഹാൻഡ് ബുക്ക്)   

പട്ടിക ഒന്ന് - ദേശീയ പാർട്ടികളുടെ പേരും ഓരോ ദേശീയ പാർട്ടിക്കും മാത്രമായി റിസർവ് ചെയ്തിട്ടുള്ള ചിഹ്നങ്ങളും.

പട്ടിക രണ്ട് - കേരളത്തിലെ സ്റ്റേറ്റ് പാർട്ടികളുടെ പേരും കേരളത്തിലെ ഓരോ സ്റ്റേറ്റ് പാർട്ടിക്കും മാത്രമായി റിസർവ് ചെയ്തിട്ടുള്ള ചിഹ്നങ്ങളും.

പട്ടിക മൂന്ന് - മറ്റ് സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റേറ്റ് പാർട്ടികൾ, കേരള നിയമസഭയിലോ, കേരളത്തിലെ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ ഒരു അംഗമെങ്കിലുമുള്ള രജിസ്‌ട്രേഡ് അൺ റെക്കഗ്നൈസ്ഡ് പാർട്ടികൾ എന്നിവയുടെ പേരുകളും ആ ഓരോ പാർട്ടിക്കും മാത്രമായി അലോട്ട് ചെയ്തിട്ടുള്ള ചിഹ്നങ്ങളും.

പട്ടിക നാല് - സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും കേരള നിയമസഭയിലോ, കേരളത്തിലെ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ ഒരു അംഗമെങ്കിലുമില്ലാത്ത രജിസ്‌ട്രേഡ് അൺറെക്കഗ്നൈസ്ഡ് പാർട്ടികൾക്കും അനുവദിക്കേണ്ട സ്വതന്ത്ര ചിഹ്നങ്ങൾ. ഒരു മണ്ഡലത്തിൽ ഇത്തരത്തിലുള്ള രജിസ്‌ട്രേഡ് അൺറെക്കഗ്നൈസ്ഡ് പാർട്ടികൾക്ക് സ്ഥാനാർഥിയുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകിയിട്ടുള്ള സ്വതന്ത്ര ചിഹ്നം അവർക്കു തന്നെ നൽകണം.

സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തങ്ങളുടെ നോമിനേഷൻ പേപ്പറിൽ, പട്ടിക നാലിലെ സ്വതന്ത്ര ചിഹ്നങ്ങളിൽ നിന്ന്, മൂന്ന് ചിഹ്നങ്ങൾ മുൻഗണനാക്രമത്തിൽ രേഖപെടുത്താം. ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾ ഒരേ ചിഹ്നത്തിന് വേണ്ടി മുൻഗണന രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ വരണാധികാരി, ബന്ധപ്പെട്ട സ്ഥാനാർത്ഥികൾക്ക് നോട്ടീസ് നൽകിയശേഷം ഏതു സ്ഥാനാർത്ഥിക്കാണ് ആ ചിഹ്നം കൊടുക്കേണ്ടതെന്ന് കുറിയിട്ട് തീരുമാനിക്കേണ്ടതാണ്. 

ഒന്നിലധികം നോമിനേഷനുകൾ ഒരു സ്ഥാനാർഥിക്കു വേണ്ടി ലഭിച്ചിട്ടുണ്ടെങ്കിൽ ആദ്യത്തെ നോമിനേഷനിലെ ചിഹ്നങ്ങളായിരിക്കും അലോട്ട്മെന്റിന് പരിഗണിക്കുന്നത്. 

സ്ഥാനാർത്ഥിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുണ്ടെങ്കിൽ നോമിനേഷൻ പേപ്പറിൽ അതും ആ രാഷ്ട്രീയ പാർട്ടിക്ക് റിസർവ് ചെയ്തിട്ടുള്ളതോ അലോട്ട് ചെയ്തിട്ടുള്ളതോ ആയ ചിഹ്നവും രേഖപ്പെടുത്തേണ്ടതാണ്. 

സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാനത്തെ ദിവസം ഉച്ചക്കുശേഷം മൂന്ന് മണി കഴിയുന്നതിനു മുൻപ് അതാതു രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാൻ അധികാരപെട്ടയാൾ, ആ സ്ഥാനാർഥി തങ്ങളുടെ പാർട്ടിക്ക് അവകാശപ്പെട്ട ചിഹ്നം ലഭിക്കാൻ അർഹത പെട്ടയാളാണെന്ന, നോട്ടീസ് (പ്രത്യേക മാതൃക നിശ്ചയിച്ചിട്ടില്ല) വരണാധികാരി മുൻപാകെ സമർപ്പിക്കേണ്ടതാണ്. 

ഈ നോട്ടീസിൽ അധികാരപ്പെട്ട വ്യക്തി നേരിട്ട് ഒപ്പുവച്ചിരിക്കേണ്ടതാണ്. ഒപ്പിന്റെ സീലോ ഫോട്ടോകോപ്പിയോ പകർപ്പുകളോ പാടില്ല. 

നോമിനേഷൻ പേപ്പറിൽ രാഷ്ട്രീയ കക്ഷി ബന്ധമോ അവരുടെ ചിഹ്നമോ രേഖപ്പെടുത്താത്ത സ്വതന്ത്ര ചിഹ്നങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ കക്ഷികളുടെ അധികാരപ്പെട്ട വ്യക്തിയിൽ നിന്ന് മേൽ പറഞ്ഞ നോട്ടീസ് നിശ്ചിത സമയത്തിനകം ലഭിച്ചാൽ ആ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം നൽകാവുന്നതാണ്. സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുന്നതിന് ഒരിക്കൽ നൽകിയിട്ടുള്ള നോട്ടീസ്, സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാനത്തെ ദിവസം ഉച്ചക്കു ശേഷം മൂന്ന് മണി കഴിയുന്നതിനു മുൻപായി, പിൻവലിക്കാൻ വരണാധികാരി മുമ്പാകെ നോട്ടീസ് നൽകുവാനും അധികാരപ്പെട്ട വ്യക്തിക്ക്  കഴിയും. 

ഏതെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥി ചോദിച്ചിട്ടുള്ള ചിഹ്നം മറ്റാരും ചോദിച്ചിട്ടില്ലെങ്കിൽ ആ ചിഹ്നം തന്നെ അയാൾക്ക് നൽകണം.  

ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒന്നിലധികം സ്ഥാനാർഥികൾക്കായി ഒരേ ചിഹ്നത്തിനുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ ചിഹ്നം സംബന്ധിച്ച നോട്ടീസ് ആദ്യം ഹാജരാക്കിയ സ്ഥാനാർത്ഥിക്ക് ആ രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം അനുവദിക്കണം. 

ഒരു സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിച്ചു കൊടുത്ത ഓരോ സംഗതിയിലും വരണാധികാരി അങ്ങനെ നിശ്ചയിച്ചു കൊടുത്ത ചിഹ്നത്തെപ്പറ്റി ആ സ്ഥാനാർഥിയെ ഉടനടി അറിയിക്കേണ്ടതും അതിന്റെ ഒരു മാതൃക അയാൾക്ക് നൽകേണ്ടതുമാണ്.

ചിഹ്നം അനുവദിച്ചു നൽകിയ വരണാധികാരിയുടെ നടപടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുനഃ പരിശോധിക്കാം. നന്ദകുമാർ സി www.lsgadministration.com

Wednesday, 28 October 2020

Correction of Entries and Inclusion of Names in the Electoral Rolls - Procedure - Rule 25

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ, കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23,24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവും പേര് ചേർക്കുന്നതിനും, നിലവിലുള്ള ഉൾകുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്കിയിരിക്കുകയാണല്ലോ?

ഇത് സംബന്ധിച്ച സംബന്ധിച്ച നടപടിക്രമങ്ങൾ വിവരിച്ചിട്ടുള്ളത് ചട്ടം 25 ലാണ്. ഫാറം 4, 4A, 6, 7 എന്നിവ ഓൺലൈൻ ആയും ഫാറം 5, ഫാറം 8 എന്നിവ ഡ്യൂപ്ളിക്കേറ്റ് സഹിതം നേരിട്ടും ലഭിക്കും. ഓൺലൈനായി കിട്ടുന്ന അപേക്ഷയുടെ രണ്ട് പകർപ്പ് നമ്മൾ എടുക്കണം. അതിൽ ഒരു പകർപ്പും ഫാറം 5, ഫാറം 8 എന്നിവ യുടെ ഡ്യൂപ്ളിക്കേറ്റ് കോപ്പിയും നമ്മുടെ നോട്ടീസ് ബോർഡിൽ, അവയിന്മേൽ ആക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള 7 ദിവസത്തെ നോട്ടീസ് സഹിതം, പ്രദർശിപ്പിക്കണം (നോട്ടീസിന്റെ മാതൃക E.R.O. ഹാൻഡ് ബുക്കിന്റെ അനുബന്ധം 8 ൽ പറഞ്ഞിട്ടുണ്ട്). നോട്ടീസ് കാലാവധി കഴിഞ്ഞ ശേഷം അപേക്ഷകളും, ആക്ഷേപങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അവയും പരിഗണിക്കേണ്ടതും രജിസ്‌ട്രേഷൻ ഓഫീസർക്ക് ബോധ്യപ്പെടുന്നെങ്കിൽ അപേക്ഷ അനുവദിക്കേണ്ടതുമാണ്. അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം രേഖപെടുത്തണം. വകുപ്പ് 23, 24/ 79, 80 എന്നിവ അനുസരിച്ചുള്ള അപേക്ഷകളിൽ കക്ഷികൾക്ക് നോട്ടീസ് നൽകണമെന്ന് ചട്ടങ്ങളിൽ പറഞ്ഞിട്ടില്ല. പക്ഷെ ഫാറം 8 ൽ ലഭിക്കുന്ന അപേക്ഷകളിൽ ബന്ധപ്പെട്ട കക്ഷിക്ക്‌ നോട്ടീസ് നൽകി അയാൾക്ക്‌ പറയാനുള്ളത് പറയാൻ അവസരം നൽകണമെന്ന് കമ്മീഷൻ ഹാൻഡ് ‌ബുക്കിൽ പറഞ്ഞിട്ടുണ്ട്. അതനുസരിച്ചു നൽകേണ്ട നോടീസിന്റെ മാതൃകയും അതിൽ കൊടുത്തിട്ടുണ്ട്. (നന്ദകുമാർ സി www.lsgadministration.com)

Sunday, 25 October 2020

Revision of Voters List as per Sections 23, 24 /, 79, 80

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ, കേരള പഞ്ചായത്ത് രാജ് ആക്ടിലെ 23, 24 വകുപ്പുകൾ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 79, 80 വകുപ്പുകൾ പ്രകാരവും പേര് ചേർക്കുന്നതിനും, നിലവിലുള്ള ഉൾകുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും ഒഴിവാക്കുന്നതിനുള്ള അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം  നല്കിയിരിക്കുകയാണല്ലോ?. പ്രതിപാദിച്ചിരിക്കുന്ന നിയമങ്ങളുടെ സാരാംശം ഇപ്രകാരമാണ്.

നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു ശേഷവും തെരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും ഉള്ള സമയത്തല്ലാതെ, ഏതൊരു സമയത്തും  എപ്പോൾ വേണമെങ്കിലും, നിലവിലുള്ള  വോട്ടർ പട്ടികയിലെ ഏതെങ്കിലും  ഉൾകുറിപ്പ് സംബന്ധിച്ച പിശക് തിരുത്തന്നതിനോ, ഒരാൾ അയാളുടെ താമസ സ്ഥലം മാറി എന്നതിനാൽ അയാളുടെ പേര് ആ  വോട്ടർ പട്ടികയുടെ തന്നെ മറ്റൊരിടത്തെക്ക് മാറ്റുന്നതിനോആരെങ്കിലും മരിച്ചു പോകുകയോ ആ നിയോജക മണ്ഡലത്തിൽ നിന്നു താമസം മാറുകയോ ചെയ്താൽ അയാളുടെ പേര് ആ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനോ ആർക്കും അപേക്ഷിക്കാവുന്നതാണ്. (കെ.പി. ആർ.എ.വകുപ്പ് 23 / കെ.എം.എ. വകുപ്പ് 79 ). കൂടാതെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും, നാമനിർദേശ പത്രികകൾ സമർപ്പിക്കുന്നതിനുള്ള അവസാന ദിവസത്തിനു ശേഷവും തെരഞ്ഞെടുപ്പിന്റെ പൂർത്തീകരണത്തിനു മുൻപും ഉള്ള സമയത്തല്ലാതെ, ഏതൊരു സമയത്തും എപ്പോൾ വേണമെങ്കിലും നിലവിലുള്ള വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന്   കെ.പി.ആർ.എ. വകുപ്പ് 24 /   കെ.എം.എ. വകുപ്പ് 80  പ്രകാരം അപേക്ഷിക്കാവുന്നതുമാണ്.

തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 25 അനുസരിച്ച് വകുപ്പുകൾ 23, 24 / 79, 80 എന്നിവ പ്രകാരമുള്ള എല്ലാ അപേക്ഷകളും ആക്ഷേപങ്ങളും 4, 4A, 6, 7 എന്നീ ഫാറങ്ങളിൽ ഓൺലൈനായും ഫാറം 5 ലെ ആക്ഷേപവും ഫാറം 8 ലെ അപേക്ഷയും ഡ്യൂപ്ലിക്കേറ്റ് സഹിതം നേരിട്ടോ തപാൽ മാർഗ്ഗമോ സമർപ്പിക്കേണ്ടതാണ്. ഈ സാഹചര്യത്തിൽ ഫാറം 5,  ഫാറം എന്നിവയുടെ ഉപയോഗവും വ്യത്യാസവും സംബന്ധിച്ച് സംശയങ്ങൾ പലരും ഉന്നയിക്കുന്നുണ്ട്. 

നിലവിലെ വോട്ടർ പട്ടികയിൽ പേരുള്ള ആരെങ്കിലും മരിച്ചു പോകുകയോ ആ നിയോജകമണ്ഡലത്തിൽ നിന്നു താമസം മാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അയാളുടെ പേര് ആ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യുന്നതിനാണ്, ആ വോട്ടർ പട്ടികയിൽ പേരുള്ള ആൾ, ചട്ടം 25 പ്രകാരം, ഫാറം ൽ അപേക്ഷ നൽകേണ്ടത്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി ഫോറം നാലിലോ നാല് - എ യിലോ ലഭിക്കുന്ന അപേക്ഷകൾക്കെതിരെയുള്ള ആക്ഷേപങ്ങൾ ഫാറം 5 ലും വാങ്ങുക. 

ഇപ്പോൾ രജിസ്‌ട്രേഷൻ ആഫീസർ കൈക്കൊള്ളുന്ന തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ടത്, വകുപ്പ് 25 / 81 ഉം ചട്ടം 26 ഉം അനുസരിച്ച്, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ്. അപ്പീൽ ഫീസ് 10 രൂപയാണ്. രജിസ്‌ട്രേഷൻ ആഫീസറുടെ തീരുമാനത്തിനെതിരെ 15 ദിവസത്തിനകം അപ്പീൽ നൽകണം. (നന്ദകുമാർ സി www.lsgadministration.com)

Thursday, 22 October 2020

Medical Reimbursement - Treatment in Private Hospitals

  സർക്കാർ ജീവനക്കാരുടെ സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കുള്ള മെഡിക്കൽ റീ ഇമ്പേഴ്‌സ്‌മെന്റിനെ കുറിച്ച് വിവരിക്കുന്നത് ചട്ടം (8) ലാണ്. സർക്കാർ അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ തിരികെ നൽകുന്നതാണ്. പക്ഷെ സർക്കാർ ജീവനക്കാരുടെ സ്റ്റേഷന്റെ 5 കീ.മീ. ചുറ്റളവിൽ അതേ ചികിത്സ ലഭിക്കുന്ന സർക്കാർ ആശുപത്രിയുണ്ടെങ്കിൽ അവിടെ തന്നെ ചികിത്സ തേടണം. ചികത്സ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ ബില്ലുകൾ സമർപ്പിക്കണം. വകുപ്പ് അദ്ധ്യക്ഷൻ / ജില്ലാ കളക്ടർക്ക് ഒരു മാസം വരെയുള്ള  കാലതാമസം മാപ്പാക്കം.

    ചട്ടം (8) ലെ നിബന്ധനകളിൽ ഇളവു വരുത്തിക്കൊണ്ട് G.O.(P)No.45/97/H&FWD, Dated: 18.2.1997  പ്രകാരം സർക്കാർ ഉത്തരവു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച്  സർക്കാർ ആശുപത്രി മേധാവിയുടെയോ യൂണിറ്റ് ചീഫിന്റെയോ അനുബന്ധം II ലുള്ള അനുമതിയോടെ (റഫറൻസ്) രോഗിയെ  നിശ്ചിത രോഗങ്ങൾക്കുള്ള സംസ്ഥാനത്തിനകത്തെ ചികിത്സാ കേന്ദ്രങ്ങളായി സർക്കാർ അഗീകരിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്കായി റഫർ ചെയ്യാവുന്നതാണ്.  സംസ്ഥാനത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രികളിലെ (18.02.1997 ലെ ഉത്തരവിന്റെ അനുബന്ധം I കാണുക) ചികിത്സക്ക് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ അനുബന്ധംII ലുള്ള മുൻ‌കൂർ  അനുമതി  വാങ്ങിയിരിക്കേണ്ടതാണ്. ലിസ്റ്റു ചെയ്തിട്ടുള്ള രോഗങ്ങളുടെ  ചികത്സക്ക് പലിശ രഹിത വായ്പയും ജീവനക്കാരന് ലഭിക്കും.

    18.02.1997 ലെ ഉത്തരവിനു ശേഷം ധാരാളം സ്വകാര്യ ആശുപത്രികളെയും രോഗങ്ങളെയും  ഉൾപ്പെടുത്തി ഈ സൗകര്യം വിപുലീകരിച്ചിട്ടുണ്ട്. അങ്ങനെ എം പാനൽ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾ സംബന്ധിച്ച സർക്കാർ ഉത്തരുവുകൾ ചുവടെ കൊടുത്തിട്ടുള്ളത് കാണുക. കൂടാതെ ചില അസുഖങ്ങൾക്ക് മുകളിൽ പറഞ്ഞ റഫറൻസ് ഇല്ലാതെയും അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സ തേടുന്നതിന് G.O.(Ms)No.184/2017/H&FWD, Dated:15.12.2017 പ്രകാരം സർക്കാർ അനുവാദം നൽകിയിട്ടുമുണ്ട്.

 സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലല്ലാതെ ചികിത്സ തേടുന്ന സംഗതികളിൽ അടിയന്തിര സാഹചര്യം പരിഗണിച്ച് മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ് നൽകിയിരുന്നത് ചുവടെ പറഞ്ഞിട്ടുള്ള 12.06.2020 ലെ സർക്കുലർ പ്രകാരം നിറുത്തലാക്കിയുട്ടുണ്ട്. കൂടാതെ എല്ലാ വിഭാഗം മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റുകളും  (I.V.F. ചികിത്സ ഒഴികെ) അനുവദനീയമായ തുകയുടെ 80 % ആയി നിജപ്പെടുത്തി 23.11.2020 ൽ ഉത്തരവുകയും ചെയ്തിട്ടുമു ണ്ട്.  (നന്ദകുമാർ സി,www.lsgadminisration.com)

Circular No.24623 /G 2/12/ H&FWD, Dated:11.07.2012

G.O.(P)No.144/2013/H&FWD, Dated:22.04.2013 

G.O.(P)No.10/2016/H&FWD, Dated:21.01.2016

G.O.(Ms)No.184/2017/H&FWD, Dated:15.12.2017

Circular No.34/2020/Fin , Dated:12.06.2020

G.O.(Ms)No.122/2020/Fin  Dated:23.11.2020

Sunday, 18 October 2020

Employed Elected Members of LSGLs - Duty Leave

വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് അവയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ചുവടെ പറയും പ്രകാരം അവധികൾ അനുവദിച്ചിട്ടുണ്ട്. 

  1. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ  - വിദ്യാഭ്യാസ വർഷം 20 ദിവസത്തെ ഡ്യൂട്ടി ലീവ്. ഇവർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
  2. എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകർ/ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മറ്റ് അംഗങ്ങൾ - വിദ്യാഭ്യാസ വർഷം 15  ദിവസത്തെ ഡ്യൂട്ടി ലീവ്. (K.E.R. Chapter XIV A Rule 56(5),(6),(7) and Chapter XXIV A Rule 8A))
  3. സ്വകാര്യ കോളേജിലെ അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ  - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD  Dated: 20.04.1989) 
  4. സ്വകാര്യ കോളേജിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ  അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989)
  5. സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 10 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89 /LAD Dated: 20.04.1989)
  6. സ്വകാര്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അനദ്ധ്യാപകരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989) 
  7. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ അംഗനവാടി ഹെൽപ്പർ/വർക്കർ - 15 ദിവസത്തെ സ്പെഷ്യൽ കാഷ്വൽ ലീവ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ അംഗനവാടി ഹെൽപ്പർ/വർക്കർമാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (G.O.(Ms.)No.81 /2015/SJD  Dated: 30.12.2015) 
  8. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ - 12 ദിവസത്തെ ഡ്യൂട്ടി ലീവ്. (G.O.(Rt.)No.1501/89/ LAD Dated: 20.04.1989). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാരായ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണമെങ്കിൽ അദ്ധ്യക്ഷനായി തുടരുന്ന കാലത്തേക്ക് ശമ്പളമില്ലാത്ത സ്പെഷ്യൽ ലീവ് എടുക്കാം. (ജി.ഒ.(എം.എസ്.)നം.142 /1999 /സഹ തീയതി : 28.09.1999)
  9. തദേശ ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ എയ്ഡഡ് സ്കൂൾ/ കോളേജ് അദ്ധ്യാപകർ, അദ്ധ്യാപകേതര ജീവനക്കാർ, സഹകരണ ജീവനക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ  എന്നിവർക്ക് പതിനാലാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ കൂടാതെ വിവിധ ആവശ്യങ്ങൾക്കായുള്ള ഗ്രാമസഭ, വാർഡ് വികസനസമിതി, കുടുംബശ്രീ, അയൽസഭ, വാർഡുതല സാനിറ്റേഷൻ കമ്മറ്റി, തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ ട്രെയിനിങ്ങുകൾ, സെമിനാറുകൾ എന്നിവയ്ക്ക് കൂടി  ഒരു വർഷം പരമാവധി 15 ദിവസത്തെ ഡ്യൂട്ടി ലീവ്. (സ.ഉ.(സാധാ) നം.1118/2024/തസ്വഭവ തീയതി :24.06.2024) - (നന്ദ കുമാർ സി, www.lsgadministration.com )

Wednesday, 14 October 2020

Election to LSGIs - Points to be Noted While Submitting Nominations

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികളെ നാമനിർദ്ദേശം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ.

(1)  നാമനിർദ്ദേശം ചെയ്യപ്പെടുന്ന സ്ഥാനാർത്ഥി ഭരണഘടനയിലേയും 1994 ലെ കേരളാ പഞ്ചായത്ത് രാജ്/ മുനിസിപ്പാലിറ്റി ആക്റ്റിലെയും വ്യവസ്ഥകൾ പ്രകാരം അംഗമായി തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യതയുള്ള ആളായിരിക്കണം.

(2) ഫാറം 2 ലാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടത്. (വരണാധികാരിക്ക് അപേക്ഷ നൽകിയാൽ ഫാറം സൗജന്യമായി ലഭിക്കും.)

(3)   നിശ്ചിത ഫാറത്തിലുള്ള സത്യപ്രതിജ്ഞ യഥാവിധി ചെയ്തിരിക്കണം.

(4) നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാവുന്ന ദിവസങ്ങളിൽ ഉച്ചക്ക് മുൻപ്  പതിനൊന്ന് മണിക്കും ഉച്ച തിരിഞ്ഞു മൂന്നു മണിക്കും ഇടക്കുള്ള സമയത്ത് സ്ഥാനാർത്ഥിയോ നാമനിർദ്ദേശകനോ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ ഓഫീസിൽ നേരിട്ടെത്തി വരണാധികാരിക്കോ ഉപവരണാധികാരിക്കോ നാമനിർദ്ദേശ പത്രിക നേരിട്ടു നൽകണം.

(5) ഒരു പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയായി നാമനിർദ്ദേശിക്കപ്പെടരുത്. എന്നാൽ പഞ്ചായത്തുകളുടെ കാര്യത്തിൽ ഒരാൾക്ക് ഒരേ സമയം ഗ്രാമപഞ്ചായത്തിലേക്കും ബ്ളോക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കാം. അങ്ങനെ ഒരു പൊതുതിരഞ്ഞെടുപ്പിൽ ഒന്നിലധികം തലങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ അങ്ങനെ തിരഞ്ഞെടുക്കപ്പെട്ട തീയതി മുതൽ 15 ദിവസത്തിനകം താൻ അംഗമായിരിക്കുവാൻ ആഗ്രഹിക്കുന്ന പഞ്ചായത്തിന്റെ വിവരവും അംഗത്വം ഒഴിയുന്ന പഞ്ചായത്തിന്റെ/പഞ്ചായത്തുകളുടെ വിവരവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിരിക്കണം. അല്ലെങ്കിൽ എല്ലാ പഞ്ചായത്തുകളിലെ അംഗത്വവും നഷ്ടപ്പെടും. 

(6) മത്സരിക്കുന്ന നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകനായിരിക്കണം നാമനിർദ്ദേശകൻ.

(7)    നാമനിർദ്ദേശ പത്രികയിൽ സ്ഥാനാർത്ഥിയും നാമനിർദ്ദേശകനും ഒപ്പിട്ടിരിക്കണം.

(8) പട്ടികജാതിയിലോ പട്ടികവർഗ്ഗത്തിലോപെട്ടവർക്ക്‌ വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ നാമനിർദ്ദേശ പത്രികയിലെ ജാതി സംബന്ധിച്ച സത്യപ്രസ്താവന ഒപ്പിട്ടിരിക്കണം.

(9)   സ്ഥാനാർത്ഥിയുടെയും നാമനിർദ്ദേശകന്റെയും ഒപ്പുകൾ യഥാസ്ഥലങ്ങളിൽ തന്നെ ഇടണം.

(10) നാമനിർദ്ദേശ പത്രികയോടൊപ്പം ഫാറം 2 A യിലെ വിശദാംശങ്ങൾ (സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ, അയാളുടെയും ആശ്രിതരുടെയും ജംഗമ സ്വത്തുക്കൾ, സ്ഥാവര സ്വത്തുക്കൾ, ബാധ്യത/ കുടിശ്ശിക, എന്നിവയും അയാളുടെ വിദ്യാഭ്യാസ യോഗ്യത, 1999 ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്ട് പ്രകാരം കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ) പൂരിപ്പിച്ചു നൽകണം.

(11)  നാമനിർദ്ദേശ പത്രികയിലേയും ഫാറം 2A യിലേയും എല്ലാ വിവരങ്ങളും നിർബന്ധമായും പൂരിപ്പിച്ചിരിക്കണം. കോളങ്ങൾ ഒഴിച്ചിടാനോ വരച്ചിടാനോ പാടില്ല. കൃത്യമായും പൂരിപ്പിക്കാതെയാണ് ഫാറങ്ങൾ നൽകുന്നതെങ്കിൽ അവ  നൽകപ്പെട്ടിട്ടില്ലെന്നു കരുതും.

(12) പട്ടിക ജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ടവർക്ക്‌ വേണ്ടി സംവരണം ചെയ്തിട്ടുള്ള മണ്ഡലത്തിൽ മത്സരിക്കുന്നവർ അത് സംബന്ധിച്ച ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം. മൂന്നുവർഷം സാധുതാ കാലയളവുള്ള ജാതി സർട്ടിഫിക്കറ്റുകളും പരിഗണിക്കും.

(13) സർവീസിൽ നിന്നും പിരിച്ചു വിട്ടിട്ട് അഞ്ചു വർഷം കഴിയാത്ത ആളാണെങ്കിൽ  അയാളെ പിരിച്ചുവിട്ടിട്ടുള്ളത് അഴിമതിക്കോ കൂറില്ലായ്മക്കോ അല്ല എന്ന സാക്ഷ്യപത്രം സംസ്ഥാന തിരഞ്ഞെടുപ്പ്  കമ്മീഷനിൽ നിന്നും വാങ്ങി നാമനിർദ്ദേശ പത്രികയോടൊപ്പം ഹാജരാക്കണം.

(14) സ്ഥാനാർത്ഥി ആ പഞ്ചായത്തിലെ വേറെ ഏതെങ്കിലും മണ്ഡലത്തിലെ വോട്ടറാണെങ്കിൽ ആ മണ്ഡലത്തിലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിച്ചിട്ടില്ലെങ്കിൽ, സൂക്ഷ്മ പരിശോധന സമയത്ത് അത് നിർബന്ധമായും നൽകണം.

(15)   ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നിലധികം നാമനിർദ്ദേശങ്ങൾ  വരണാധികാരി വാങ്ങുകയില്ല.

(16)   അധിക നാമനിർദ്ദേശങ്ങൾ വെവ്വേറെ  സമ്മതിദായകരിൽ നിന്നായിരിക്കണം.

(17)  ഒന്നിലധികം നാമനിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെങ്കിലും ചിഹ്നങ്ങൾ അനുവദിക്കുന്നത് ആദ്യം സമർപ്പിച്ച നാമനിർദ്ദേശത്തിലെ ചിഹ്നങ്ങളുടെ മുൻഗണന അനുസരിച്ചായിരിക്കും. അതിനാൽ ആദ്യ നാമനിർദ്ദേശത്തിൽ തന്നെ ചിഹ്നങ്ങൾ മുൻഗണന ക്രമത്തിൽ രേഖപ്പെടുത്താൻ മറക്കരുത്. ചിഹ്നം അനുവദിച്ചതിൽ പരാതിയുണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാവുന്നതാണ്.

(18) തിരഞ്ഞെടുപ്പിന്റെ കാര്യത്തിലേക്കായി കെട്ടിവയ്‌ക്കേണ്ട തുക പണമായി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ അല്ലെങ്കിൽ അത് ട്രെഷറിയിൽ ഒടുക്കിയതിന്റെ ചെല്ലാൻ നമനിർദ്ദേശ പത്രികയോടൊപ്പം നൽകുകയോ ചെയ്യണം. (നിക്ഷേപത്തുക ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ 2000 രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും കാര്യത്തിൽ 4000 രൂപയും ജില്ല പഞ്ചായത്തിന്റെയും മുനിസിപ്പൽ കോർപറേഷന്റെയും കാര്യത്തിൽ 5000 രൂപയുമാണ്).

(19) പട്ടികജാതി പട്ടികവർഗക്കാർക്ക് നിക്ഷേപത്തുകയുടെ പകുതി കെട്ടിവച്ചാൽ മതി. പക്ഷേ ജനറൽ സീറ്റിൽ മത്സരിക്കുന്ന പട്ടികജാതി/പട്ടിക വർഗ്ഗക്കാർ ഈ ഇളവ് ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, അത് നല്കാൻ അധികാരപെട്ട ഉദ്യോഗസ്ഥനിൽ നിന്നും വാങ്ങി, നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം.

(20)ഒന്നിലധികം നാമനിർദ്ദേശം നൽകുന്നവർ ഒന്നിൽ കൂടുതൽ നിക്ഷേപം കെട്ടിവയ്‌ക്കേണ്ടതില്ല. 

നോട്ട്: സ്ഥാനാർത്ഥികളാവാൻ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നിരുന്നാലും ഉദ്യോഗസ്ഥർക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു.  സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.

Nanda Kumar C, www.lsgadministration.com.


Monday, 12 October 2020

Medical Reimbursement - Eligibility

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട് ലഭിച്ച ചില ചോദ്യങ്ങൾക്കുള്ള മറുപടി ചുവടെ കൊടുക്കുന്നു. കമന്റ് ബോക്സിൽ മെഡിക്കൽ റീഇമ്പേഴ്സ്മെന്റുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നല്കാൻ ശ്രമിക്കുന്നതാണ്. 
1) ചോദ്യം: ഏതൊക്കെജീവനക്കാർക്കാണ് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന് അർഹതയുള്ളത്? പാർട്ട് ടൈം ജീവനക്കാർക്ക് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന് അർഹതയുണ്ടോ?
    ഉത്തരം: 1960 ലെ കേരള സർക്കാർ ജീവനക്കാരുടെ മെഡിക്കൽ അറ്റൻഡൻസ് ചട്ടങ്ങളിലെ ചട്ടം മുന്നിലാണ് ഈ ചട്ടം ബാധകമായിട്ടുള്ള ജീവനക്കാർ ആരൊക്കെയാണെന്ന് പറയുന്നത്. സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബത്തിനുമാണ് സൗജന്യ ചികിത്സക്ക് /ചികിത്സക്ക് ചെലവായ തുക തിരികെ ലഭിക്കുന്നതിന് അർഹതയുള്ളത്. സർക്കാർ ജീവനക്കാർ എന്നതിൽ സസ്പൻഷനിൽ നിൽക്കുന്ന ജീവനക്കാരൻ, റൂൾ 9 (a) (1) അനുസരിച്ച് നിയമനം ലഭിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരൻ, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചിട്ടുള്ള താൽക്കാലിക ജീവനക്കാരൻ, എയ്ഡഡ്  കോളേജുകളിലെ ജീവനക്കാർ, നിയമനത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിന് നിയോഗിക്കപെട്ടവർ, എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക/അനദ്ധ്യാപക  ജീവനക്കാർ, എന്നിവർ ഉൾപ്പെടും. കുടുംബം എന്നതിൽ ഭാര്യ അല്ലെങ്കിൽ  ഭർത്താവ്, മക്കൾ (including adopted children and step children), സർക്കാർ ജീവനക്കാരനെ പൂർണമായും ആശ്രയിച്ചു കഴിയുന്ന രക്ഷിതാക്കൾ എന്നിവരാണ് ഉൾപ്പെടുന്നത്. ഒരു സർക്കാർ ജീവനക്കാരിയുടെ/ജീവനക്കാരന്റെ ഇണ വിരമിച്ച ജീവനക്കാരി/ജീവനക്കാരൻ ആണെങ്കിലും ഇണക്ക് സൗജന്യ ചികിത്സക്ക് അർഹതയുണ്ട്. എന്നാൽ വിരമിച്ച രക്ഷിതാക്കളുടെ കാര്യത്തിൽ ഈ ആനുകൂല്യം ലഭിക്കുകയില്ല. മേൽ ചട്ടങ്ങളിലെ സർക്കാർ ജീവനക്കാർ എന്ന നിർവ്വചനത്തിൽ  നിന്നും പാർട്ട് ടൈം ജീവനക്കാർ, ഹോണറേറിയം കൈപറ്റുന്നവർ, പെൻഷന് അർഹതയില്ലാത്തവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. ആയതിനാൽ പാർട്ട് ടൈം ജീവനക്കാർക്ക് സൗജന്യ ചികിത്സക്ക്/ചികിത്സക്ക് ചെലവായ തുക തിരികെ ലഭിക്കുന്നതിന് അർഹതയില്ല.
2) ചോദ്യം: വാങ്ങിയ മരുന്നുകളുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ബില്ലുകൾ നൽകുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ?
    ഉത്തരം: വാങ്ങിയ മരുന്നുകളുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് ബില്ലുകൾ നൽകുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്. റൂൾ 9 (3) പ്രകാരം പ്രസ്തുത ക്ലെയിമുകൾ ചികിത്സ അവസാനിച്ച് മൂന്നു മാസം കഴിയുന്നതിനു മുൻപ് നൽകണം. ഒഴിവാക്കാൻ കഴിയാത്ത കാരണങ്ങളാൽ നിശ്ചിത സമയത്തിനകം ബില്ലുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ജില്ലാ ആഫിസർമാർക്ക് ഒരു മാസവും വകുപ്പ് മേധാവിക്ക് മൂന്നു മാസവും അതിൽ കൂടിയാൽ സർക്കാരിനും കാലതാമസം മാപ്പാക്കാം.  ചികിത്സയുടെ അവസാന ദിവസം കണക്കാക്കുന്നത് Authorised Medical Attendant എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൽ ഒപ്പിടുന്ന ദിവസം മുതലാണ്. (നന്ദകുമാർ സി,lsgadministration.com)  

Saturday, 10 October 2020

Election to LSGIs- Subsisting Contract- Eligibility

സ്ഥാനാർത്ഥികളുടെ അയോഗ്യത സംബന്ധിച്ച കാര്യങ്ങൾ പ്രതിപാദിക്കുന്ന വകുപ്പ് 34(ജി)/90(ജി) യും അയോഗ്യതകളിൽനിന്നും ഒഴിവാക്കൽ ചട്ടങ്ങളും അനുസരിച്ച് സർക്കാരുമായോ ഏതെങ്കിലും തദ്ദേശഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അല്ലെങ്കിൽ അവർക്ക് വേണ്ടി ചെയ്യുന്ന  ഏതെങ്കിലും പണിയിലോ അവകാശ ബന്ധമുണ്ടെങ്കിൽ ചില കാര്യങ്ങളിലൊഴിച്ച് സ്ഥാനാർത്ഥികൾക്ക് അയോഗ്യത ഉണ്ടാകാം. പ്രസ്തുത നിയമങ്ങളും  ഇതു സംബന്ധിച്ച കോടതി വിധികളും അനുസരിച്ച് ഇപ്രകാരമുള്ള അവകാശബന്ധത്തിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളവർ ആരൊക്കെയെന്ന് നോക്കാം. 
  1. കമ്പനിയുടെ ഡയറക്ടർ അല്ലാത്ത ഓഹരിക്കാരൻ.
  2. സർക്കാരിന്റെയോ ഏതെങ്കിലും തദ്ദേശഭരണസ്ഥാപനത്തിന്റെയോ വല്ല പരസ്യവും കൊടുക്കുന്ന വർത്തമാനപത്രത്തിൽ  പങ്കോ അവകാശബന്ധമോ കടപത്രമോ ഉള്ളവർ. 
  3. സർക്കാരോ തദ്ദേശ ഭരണ സ്ഥാപനമോ എടുത്തിട്ടുള്ള വായ്പയുമായി ബന്ധപ്പെട്ടിരിക്കുന്നവർ. 
  4. ഒരു സ്ഥാവര വസ്തുവിന്റെ വില്പന, വാങ്ങൽ, പാട്ട കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർ. 
  5. ഇടപാട് കാലാവധിക്കുള്ളിൽ ഒരു വർഷം മൊത്തം ഗ്രാമപഞ്ചായത്തിന്റെ കാര്യത്തിൽ 5000 രൂപവരെയും ബ്ലോക് പഞ്ചായത്തിന്റെ കാര്യത്തിൽ 7000 രൂപവരെയും ജില്ലാ പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ 10000 രൂപവരെയും  സാധാരണ വാങ്ങാലോ വിൽപ്പനയോ നടത്തുന്നവർ. 
  6. പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ ഏതെങ്കിലും കെട്ടിടമോ കടമുറിയോ വാടകക്കോ പാട്ടത്തിനോ എടുത്തിട്ടുള്ളവർ. 
  7. സമൂഹത്തിന്റെ നന്മക്കുവേണ്ടി സമൂഹത്തിന്റെയോ  സ്പോൺസറിന്റെയോ പ്രതിനിധി എന്ന നിലയിൽ  പഞ്ചായത്തിന്റെ/ മുനിസിപ്പാലിറ്റിയുടെ പണി ഏറ്റെടുത്തു നടത്തുന്നവർ. (ഗുണഭോക്‌തൃ സമിതി, പാടശേഖര സമിതി തുടങ്ങിയവ ). 
  8. റേഷൻ കടയുടെ ലൈസൻസി. (നന്ദകുമാർ സി, www.lsgadministration.com) 
 

Wednesday, 7 October 2020

Election to LSGIs - Qualifications and Disqualifications of Candidates

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ മൽത്സരിക്കുന്ന സ്ഥാനാർഥികളുടെ യോഗ്യതകളും അയോഗ്യതകളും പഞ്ചായത്ത് രാജ് ആക്ടിലെ വകുപ്പ് 29,30,31,32,33,34 എന്നിവയിലും മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 85,86,87,88,89 എന്നിവയിലുമാണ് പ്രതിപാദിക്കുന്നത്. രണ്ടു നിയമങ്ങളിലും ചെറിയ വ്യത്യാസങ്ങളോടെ സമാനമായ വ്യവസ്ഥകളാണ് യോഗ്യതകൾക്കും അയോഗ്യതകൾക്കും പറഞ്ഞിട്ടുള്ളത്. അവയിലെ പ്രധാനപ്പെട്ട വ്യവസ്ഥകൾ ചുവടെ ചേർക്കുന്നു.

യോഗ്യതകൾ 

  • മത്സരിക്കാൻ ഉദ്ദേശിക്കുന്ന പഞ്ചായത്തിലെ/ മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉണ്ടായിരിക്കണം. 
  • നോമിനേഷൻ സമർപ്പിക്കുന്ന തീയതിയിൽ തന്റെ ഇരുപത്തിയൊന്നാം വയസ് പൂർത്തിയാക്കിയിരിക്കണം. 
  • ഏതെങ്കിലും സംവരണ മണ്ഡലത്തിൽ മത്സരിക്കാനാണെങ്കിൽ ആ വിഭാഗത്തിൽപെട്ട ആളായിരിക്കണം. 
  • പഞ്ചായത്തിന്റെ കാര്യത്തിൽ പട്ടിക ഒന്നിലുള്ള (മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ പട്ടിക രണ്ടിലുള്ള) സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ വരണാധികാരിയുടെയോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയ മറ്റാരുടേയെങ്കിലുമോ മുൻപാകെ നടത്തി ഒപ്പിട്ടു നൽകിയിരിക്കണം.
  • പഞ്ചായത്ത് ആക്ടിലെയോ മുനിസിപ്പാലിറ്റി ആക്ടിലെയോ മറ്റേതെങ്കിലും വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെടാത്ത ആളായിരിക്കണം
അയോഗ്യതകൾ 
  • സംസ്ഥാന സർക്കാരിലെയോ കേന്ദ്ര സർക്കാരിലെയോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയോ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. 
  • സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിയന്ത്രിക്കുന്ന കോർപറേഷനിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. 
  • സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള ഏതെങ്കിലും കമ്പനിയിലെ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. കമ്പനി എന്നതിൽ കേരള സഹകരണ സംഘങ്ങൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളും ഉൾപെടും.
  • സംസ്ഥാനത്തെ ഏതെങ്കിലും നിയമാധിഷ്ഠിത ബോർഡിലേയോ ഏതെങ്കിലും സർവകലാശാലയിലേയോ ഉദ്യോഗസ്ഥാനോ ജീവനക്കാരനോ ആയിരിക്കാൻ പാടില്ല. (വകുപ്പ് 30). [മുനിസിപ്പൽ നിയമത്തിൽ ഈ പ്രയോഗം സംസ്ഥാന നിയമ പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള ബോർഡുകളിലെയോ ഏതെങ്കിലും സർവ്വകലാശാലയിലേയോ എന്നാണ്.(വകുപ്പ് 86)]
  • ജീവനക്കാരൻ എന്നതിൽ പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം കൈപ്പറ്റുന്ന ജീവനക്കാരും ഉൾപെടും. അങ്കണവാടി ജീവനക്കാർ, ബലവാടി ജീവനക്കാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്കുമാർ എന്നിവർ ഉൾപ്പെടുകയില്ല. അങ്കണവാടി ജീവനക്കാർ, ബലവാടി ജീവനക്കാർ, ആശാ വർക്കർമാർ, സാക്ഷരതാ പ്രേരക്കുമാർ എന്നിവർക്ക് മത്സരിക്കാം. മുനിസിപ്പാലിറ്റി നിയമത്തിൽ സാക്ഷരതാ പ്രേരക്കുമാരുടെ കാര്യം പറയുന്നില്ല. സാക്ഷരതാ പ്രേരക്ക്‌മാർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യതയുള്ളൂ. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സി.ഡി.എസ്. അക്കൗണ്ടന്റുമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും.
  • അഴിമതിക്കോ കൂറില്ലായ്മക്കോ ഉദ്യോഗത്തിൽനിന്നും പിരിച്ചുവിടപ്പെട്ട മുകളിൽ പറഞ്ഞ ജീവനക്കാർക്ക് പിരിച്ചുവിട്ട് അഞ്ചുകൊല്ലം കഴിയാതെ മത്സരിക്കാൻ കഴിയുകയില്ല. 
  • BNS IX- അദ്ധ്യായത്തിൻ കീഴിലുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. 
  • 1951 ലെ R.P.ആക്ട് വകുപ്പ് 8 ൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും. (RP Act Section 8)
  • ഒരു തെരഞ്ഞെടുപ്പിന്റെ രഹസ്യത്തിന്റെ ലംഘനത്തോട് ബന്ധപ്പെട്ട ഏതെങ്കിലും നിയമത്തിന്റെയോ ചട്ടത്തിന്റെയോ കീഴിലുള്ള കുറ്റത്തിന് കുറ്റസ്ഥാപനം ചെയ്യപ്പെട്ടാൽ ആ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • തിരഞ്ഞെടുപ്പ് സംബന്ധിച്ച ഏതെങ്കിലും അഴിമതി പ്രവർത്തിക്ക് കുറ്റക്കാരനാണെന്ന് കാണപ്പെട്ടിട്ടുണ്ടെങ്കിൽ ആ തീയതി മുതൽ ആറു വർഷത്തിനുളളിൽ വകുപ്പ് 32/ 88 പ്രകാരം അയോഗ്യനാക്കപെടുന്ന കാലയളവ് വരെ അയോഗ്യത ഉണ്ടാകും. (വകുപ്പ് 101/177 എന്നിവകൂടി കാണുക).
  • നിശ്ചിത തീയതിക്കുള്ളിൽ തിരഞ്ഞെടുപ്പ് കണക്ക് ബോധിപ്പിക്കാത്തതിനോ ബോധിപ്പിച്ച കണക്കുകൾ കളവായതുകൊണ്ടോ പരിധിയിൽ കൂടുതൽ ചെലവുചെയ്തതിനോ   സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കിയ തീയതി മുതൽ 5 വർഷം വരെ അയോഗ്യത ഉണ്ടാകും.
  • പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമപ്രകാരം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിക്കാൻ കഴിയുകയില്ല.
  • പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗകാർക്കോ ആയി സംവരണം ചെയ്തിട്ടുള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ വ്യാജ ജാതി സർട്ടിഫിക്കറ്റോ സത്യപ്രസ്താവനയോ നൽകിയതായി തെളിഞ്ഞാൽ 6 വർഷം വരെ അയോഗ്യത ഉണ്ടാകും.
  • സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റത്തിന് 3 മാസത്തിൽ കുറയാതെയുള്ള കാലത്തേക്ക് തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.സാന്മാർഗിക ദൂഷ്യം എന്നതിന് നിർവചനം നൽകിയിട്ടില്ല. സമൂഹത്തിനെതിരായിട്ടുള്ള കുറ്റങ്ങളെ സാന്മാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റമായി കാണും.
  • അഴിമതി കുറ്റത്തിന് കുറ്റക്കാരനായി വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • ദുർഭരണത്തിന് വ്യക്തിപരമായി കുറ്റക്കാരനാണെന്നു ഓംബുഡ്സ്മാൻ വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • ഒരു വിദേശ രാജ്യത്തിലെ പൗരത്വം സ്വേച്ഛയാ ആർജിച്ചിരിക്കുന്നുവെങ്കിൽ അയോഗ്യത ഉണ്ടാകും.
  • പോളിങ് സ്റ്റേഷനുകളിൽ ബാലറ്റ് നശിപ്പിക്കുക, ബൂത്ത് പിടിച്ചെടുക്കൽ എന്ന കുറ്റം ചെയ്യുക എന്നിങ്ങനെ തുടങ്ങിയ ഒരു തെരഞ്ഞെടുപ്പ് കുറ്റത്തിന് ശിക്ഷിച്ചിട്ടുണ്ടെങ്കിൽ ശിക്ഷയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • അഴിമതി പ്രവർത്തികളുടെ കാരണത്താൽ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്നും അയോഗ്യനാക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആ അയോഗ്യതയുടെ തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • നിർദ്ധനനായി വിധിക്കപെടുന്നതിനുള്ള അപേക്ഷകനായിരിക്കുകയോ ഒരു അവിമുക്ത(കട ബാധ്യതകളിൽനിന്നും മുക്തനല്ലാത്ത) നിർദ്ധനനായിരിക്കുകയോ ചെയ്താൽ അയോഗ്യത ഉണ്ടാകും. ഇൻസോൾവൻസി നിയമത്തിൻ കീഴിലെ ഇൻസോൾവൻസി കോടതിക്കാണ് ഇതുസംബന്ധിച്ച ഉത്തരവ് നൽകാനുള്ള അധികാരം.
  • സർക്കാരുമായോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ ഉണ്ടാക്കിയ നിലവിലുള്ള കരാറിലോ അല്ലെങ്കിൽ അവർക്കുവേണ്ടി ചെയ്യുന്ന ഏതെങ്കിലും പണിയിലോ അവകാശമുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • സർക്കാരിന് വേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിന് വേണ്ടിയോ പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിൽ ഏർപ്പെട്ടിരിക്കുന്നുവെങ്കിൽ അയോഗ്യത ഉണ്ടാകും.
  • മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലെക്കോ തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കോ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ പറഞ്ഞിരിക്കുന്ന സമയം കഴിയുകയും ചെയ്തിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • വകുപ്പ് 30 (1) / 86(1) ൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സർവ്വീസിൽ നിന്ന് പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടില്ലെങ്കിൽ അയോഗ്യത ഉണ്ടാകും.
  • 1999 ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറു വർഷം വരെ അയോഗ്യത ഉണ്ടാകും.
  • വക്കീലായി പ്രാക്റ്റീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • ഒരു ബധിര മൂകൻ (ബധിരനും മൂകനും) ആണെങ്കിൽ അയോഗ്യത ഉണ്ടാകും.
  • സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിലോ വീഴ്ചവരുത്തിയതിന് ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയുട്ടുണ്ടെങ്കിൽ അയോഗ്യത ഉണ്ടാകും.
  • പഞ്ചായത്തിന്റെ ധനമോ മറ്റുവസ്തുക്കളോ നഷ്ടപെടുത്തുകയോ പാഴാക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ചെയ്‌തെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ടെകിൽ അയോഗ്യത ഉണ്ടാകും.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വരണാധികാരികൾക്കായി പ്രസിദ്ധീകരിച്ചിട്ടുള്ള പുതിയ കൈപുസ്തകത്തിന്റെ അധ്യായം മൂന്നിൽ കോടതി വിധികൾ സഹിതം ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിച്ചിട്ടുള്ളത് വായിക്കക.   

ഒരു സ്ഥാനാർത്ഥി ഏതെങ്കിലും അയോഗ്യതകൾക്ക് വിധേയനായിട്ടുണ്ടോ എന്ന പ്രശ്‍നം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീർപ്പിന് വിടേണ്ടതാണ്. 

ഈ പോസ്റ്റ് സംബന്ധിച്ച നിങ്ങളുടെ അഭിപ്രായങ്ങൾ ചുവടെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. നന്ദ കുമാർ സി (www.lsgadministration.com)

Sunday, 4 October 2020

JOINING TIME - Rules

കെ.എസ്‌,ആർ.ഭാഗം ഒന്ന് അദ്ധ്യായം പത്തിലാണ് പ്രവേശന കാലത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. പ്രവേശന കാലം അനുവദിക്കുന്നത് ചുവടെ പറയുന്ന മൂന്ന് സാഹചര്യങ്ങളിലാണ്.

  1. ഒരു തസ്തികയിൽ ജോലി നോക്കി വരവെ പുതിയൊരു തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ; 
  2. ആർജിത അവധിയിൽ നിന്നും തിരികെ വരുമ്പോൾ പുതിയ പോസ്റ്റിൽ പ്രവേശിക്കേണ്ടി വന്നാൽ;
  3. ആർജിത അവധി ഒഴികെയുള്ള അവധിയിൽ നിന്നും തിരികെ വരുമ്പോൾ മുൻകൂട്ടിയുള്ള അറിയിപ്പില്ലാതെ  പുതിയ പോസ്റ്റിൽ പ്രവേശിക്കേണ്ടി വന്നാൽ;

പ്രവേശന കാലം സംബന്ധിച്ച പ്രധാന നിബന്ധനകൾ ചുവടെ ചേർക്കുന്നു.

  • ദൂരം എട്ട് കിലോമീറ്ററിൽ കുറവുള്ള സ്ഥലത്തേക്കാണ് സ്ഥലം മാറ്റമെങ്കിൽ പുതിയ ജോലിയിൽ പ്രവേശിക്കാൻ  ഒരു ദിവസം എടുക്കാം. ഈ ഒരു ദിവസത്തിൽ ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളും ഉൾപ്പെടും.  സ്ഥലം മാറ്റം അതേ ഓഫീസിലാണെങ്കിൽ പ്രവേശനകാലം ലഭിക്കുകയില്ല;
  • പ്രവേശന കാലത്തെ തുടർന്ന് പൊതു അവധികൾ വരികയാണെങ്കിൽ ആ അവധികളും കൂടി പ്രവേശന കാലമായി കരുതും;
  • ലീവിൽ നിൽക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവേശനകാലം, ലീവ് അനുവദിച്ച അധികാരിയുടെ അനുവാദമുണ്ടെങ്കിൽ, ലീവിനോട് സഫിക്സ് ചെയ്തിട്ടുള്ള അവധി കഴിഞ്ഞതിനു ശേഷം മുതൽ കണക്കാക്കിയാൽ മതി;
  • പ്രവേശനകാലം 30 ദിവസത്തിൽ കവിയാൻ പാടില്ല;
  • പ്രവേശനകാലം 6 ദിവസത്തെ തയ്യാറെടുപ്പു കാലവും യാത്രയ്ക്ക് അനുവദിച്ചിട്ടുള്ള സമയവും ഉൾപ്പെട്ടതാണ്;
  • തയ്യാറെടുപ്പ് കാലം കണക്കാക്കുമ്പോൾ ഞായറാഴ്ച ഒഴിവാക്കണം.മറ്റെല്ലാ അവധി/ പ്രവർത്തി ദിവസങ്ങളും ഉൾപ്പെടുത്തും;
  • സാധാരണ യാത്ര സമയം ഇനി പറയുന്ന രീതിയിലാണ് കണക്കാക്കുന്നത്;       എ) ട്രെയിൻ യാത്ര - 500 കിലോമീറ്ററിന് ഒരു ദിവസം (അതിൽ കൂടുതലുള്ള  യാത്രയ്ക്ക് യഥാർത്ഥ യാത്രാ സമയം). ബി) ബസ്സ് യാത്ര -150 കിലോമീറ്ററിന് ഒരു ദിവസം (അതിൽ കൂടുതലുള്ള യാത്രയ്ക്ക് യഥാർത്ഥ യാത്രാ സമയം) (റയിൽവേ   സ്റ്റേഷനിലേക്കും റയിൽവേ സ്റ്റേഷനിൽ നിന്നും ഉള്ള എട്ട് കിലോമീറ്ററിൽ കുറവുള്ള റോഡ് യാത്രകൾ യാത്രാ സമയത്തിൽ ഉൾപെടുത്തുകയില്ല.) സി) വിമാന യാത്ര - യഥാർത്ഥ യാത്രാ സമയം (മേൽ പറഞ്ഞ എല്ലാ യാത്രകളിലും ഒരു ദിവസത്തിൽ കുറഞ്ഞ യാത്രാ സമയം ഒരു ദിവസമായി കണക്കാക്കും);
  • യാത്രാ സമയം കണക്കാക്കുമ്പോൾ ഞായറാഴ്ച ഒഴിവാക്കണം. മറ്റെല്ലാ അവധി/പ്രവർത്തി ദിവസങ്ങളും ഉൾപ്പെടുത്തും;
  • സ്ഥലം മാറ്റം അനുവദിക്കുന്ന അധികാരിക്ക് പ്രത്യേക സാഹചര്യങ്ങളിൽ പ്രവേശനകാലം കുറയ്ക്കാൻ അധികാരമുണ്ട്;
  • വിമാന യാത്രയുടെ സംഗതിയിൽ ഒഴികെ പഴയ സ്ഥലത്തും പുതിയ സ്ഥലത്തും റെയിൽ ബന്ധം ഉണ്ടെങ്കിൽ ട്രെയിൻ യാത്രയെ അനുവദിക്കൂ.  മുറ്റു യാത്രകളിൽ സാധാരണ യാത്ര മാർഗ്‌ഗം അവലംബിക്കണം;
  • ട്രാൻസിറ്റിൽ നിൽക്കുന്ന ഒരാളെ മറ്റൊരു പുതിയ സ്ഥലത്തേക്ക് മാറ്റിയാൽ പുതിയ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ച തീയതി മുതൽ അധിക യാത്ര സമയം ലഭിക്കും. ഇതേ വ്യവസ്ഥതന്നെയാണ്  ട്രാൻസിറ്റിൽ നിൽക്കുന്ന ആളുടെ സ്ഥലംമാറ്റം ക്യാൻസൽ ചെയ്താലും. തിരികെ പഴയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള സമയം പ്രവേശന കാലമായി പരിഗണിക്കും;            
  • ട്രാൻസിറ്റിൽ നിൽക്കുമ്പോൾ ലീവെടുത്താൽ ലീവ് കണക്കാക്കുന്നത് സ്ഥലം മാറ്റത്തെ തുടർന്ന് റിലീവ് ചെയ്ത ദിവസം മുതലാണ്. ലീവ് കഴിയുമ്പോൾ പ്രവേശന കാലം കണക്കാക്കി തുടങ്ങും;
  • ആർജിത അവധിയിൽ തുടരുന്ന ഒരാളെ സ്ഥലംമാറ്റിയാൽ അയാൾ ആർജിത അവധി കഴിഞ്ഞ ശേഷം പ്രവേശനകാലവും എടുത്തിട്ട് പുതിയ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. ഉദാഹരണമായി 30 ദിവസത്തെ ആർജിത അവധിയിൽ നിൽക്കുന്ന ആളെ സ്ഥലംമാറ്റിയെന്നു വിചാരിക്കുക. അയാൾക്ക് അർഹതപ്പെട്ട പ്രവേശനകാലം 8 ദിവസവുമാണെന്ന് കരുതുക. അയാൾ 38 ദിവസം കഴിഞ്ഞ് പുതിയ സ്റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചാൽ മതി. ഇയാൾ മുപ്പത്തിരണ്ടാം ദിവസം പുതിയസ്റ്റേഷനിൽ പ്രവേശിച്ചാൽ ബാക്കിയുള്ള 6 ദിവസം, പുതിയ ഓഫീസ് മേധാവിത്തന്നെ, പഴയ ഓഫീസിലായിരുന്നപ്പോൾ എടുത്ത ആർജിത അവധിയിൽ കുറവ് വരുത്തി ഉത്തരവ് നൽകണം;
  • സർക്കാരിന് ഏതു സംഗതിയിലും പ്രവേശന കാലം നീട്ടിനൽകാം;
  • പ്രവേശന കാലം ഡ്യൂട്ടി ആയിട്ടാണ് പരിഗണിക്കുന്നത്. പ്രവേശന കാലത്തെ ശമ്പളവും (ജോയിനിംഗ് ടൈം പേ) അലവൻസുകളും പഴയ  ഓഫീസിലേതു പോലെ  ലഭിക്കും. പക്ഷെ പ്രവേശനകാലത്ത് കൺവേയൻസ് അലവൻസോ സ്ഥിര യാത്ര ബത്തകളോ ലഭിക്കുകയില്ല. നഷ്‍ടപരിഹാര ബത്തകൾ  അതുപോലെ കിട്ടും;
  • സ്ഥലം മാറ്റം അപേക്ഷയെ തുടർന്നാണെങ്കിൽ യാത്രാ സമയം മാത്രമേ പ്രവേശന കാലത്തിൽ ലഭിക്കുകയുള്ളൂ;
  • പ്രവേശന കാലം കഴിഞ്ഞുള്ള ഓവർ സ്റ്റേയൽ അർഹതപ്പെട്ട അവധി അനുവദിച്ച് ക്രമവൽക്കരിക്കാം;
  • പ്രവേശന കാലം കഴിഞ്ഞിട്ടും മനപ്പൂർവം ജോലിയിൽ പ്രവേശിക്കാതിരിക്കുന്നത് പെരുമാറ്റദൂഷ്യമായി കണക്കാക്കും;
  • ട്രെയിനിങ് സ്ഥലത്തേക്കും തിരികെയും ഉള്ള യാത്രാ സമയങ്ങൾ കൂടി ട്രെയിനിങ് കാലമായി കണക്കാക്കും;
  • അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലം മാറ്റം ലഭിക്കുന്നവർക്ക് അർഹതപ്പെട്ട യാത്ര സമയം മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ പൊതു സ്ഥലംമാറ്റത്തിന്റെ മാനദണ്ഡങ്ങൾ പ്രകാരം ജീവനക്കാരൻ സമർപ്പിക്കുന്ന ഓപ്ഷന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന സ്ഥലം മാറ്റത്തിന് പ്രവേശന കാലം ലഭിക്കും.(നന്ദകുമാർ സി,www.lsgadministration.com).

Friday, 2 October 2020

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്തിനായിരിക്കുമെന്നാണ്. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം  153(3)(എ) മുതൽ (4 എ) വരെയുള്ള വകുപ്പുകളിലെ നിബന്ധനകൾക്കനുസരിച്ചാണ് അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം നിശ്ചയിക്കുന്നത്. അവ എപ്രകാരമാണെന്നു നോക്കാം. 

    ആദ്യമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ എത്രയെണ്ണത്തിലാണ് പട്ടിക ജാതിക്കാർക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടി അദ്ധ്യക്ഷ സ്ഥാനം സംവരണം ചെയ്യേണ്ടതെന്ന് സർക്കാർ നിശ്ചയിച്ചു ഉത്തരവ് പുറപ്പെടുവിക്കും. പട്ടികജാതി പട്ടിക വർഗ്ഗക്കാരുടെ കാര്യത്തിൽ സംസ്ഥാനത്തെ  ജനസംഖ്യയിലെ ആ വിഭാഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായിട്ടായിരിക്കും ആ വിഭാഗങ്ങളുടെ അദ്ധ്യക്ഷ  സ്ഥാനങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത്. ആകെയുള്ള പ്രസിഡൻറ് സ്ഥാനങ്ങളുടെ 50 % സ്ത്രീകൾക്കായി നീക്കിവെക്കുകായും ചെയ്യും (ഭിന്ന സംഖ്യ വരുന്ന സംഗതിയിൽ തൊട്ടടുത്ത പൂർണ സംഖ്യ).

    ഇതിനുശേഷം സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷൻ ഓരോ ജില്ലയിലും  എത്രയെണ്ണം ഗ്രാമ പഞ്ചായത്തുകളിലാണ് പട്ടിക ജാതിക്കാർക്കും പട്ടികവർഗക്കാർക്കും സ്ത്രീകൾക്കും വേണ്ടി അദ്ധ്യക്ഷ സ്ഥാനം സംവരണം ചെയ്യുന്നതെന്ന് നിശ്ചയിച്ചു വിജ്ഞാപനം ഇറക്കും. ഗ്രാമ പഞ്ചായത്തുകളുടെ കാര്യത്തിൽ ഓരോ ജില്ലയിലേയും സംവരണ സ്ഥാനങ്ങൾ ജില്ലയിയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിലെ ഗ്രാമ പഞ്ചായത്തുകളിലേക്ക് വീതിച്ചു നൽകേണ്ടതാണെന്ന് വകുപ്പ് 153-4(എ) യിൽ പറയുന്നുണ്ട്. (ബഹുമാനപെട്ട കേരള ഹൈ കോടതിയുടെ 25.09.2010 ലെ WP (സി) 27624/ 2010 (G) നമ്പർ വിധിന്യായം കൂടികാണുക). 

    ഇപ്രകാരം സംവരണ സ്ഥാനങ്ങളുടെ എണ്ണം തീരുമാനിച്ചു കഴിഞ്ഞാൽ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷൻ പട്ടിക ജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ സ്ത്രീകളുടെയോ ജനസംഖ്യ ശതമാനം ഏറ്റവും കൂടിയ പഞ്ചായത്തിൽ നിന്നു തുടങ്ങി ആവർത്തനക്രമത്തിൽ സംവരണ പഞ്ചായത്തുകൾ തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും. സ്ത്രീകൾക്കായി സംവരണം ചെയ്യാൻ അർഹതയുള്ള പഞ്ചായത്തും പട്ടികജാതിയിലോ പട്ടിക വർഗ്ഗത്തിലോ സംവരണം ചെയ്യേണ്ട പഞ്ചായത്തും ഒന്നുതന്നെയാണെങ്കിൽ ആ പഞ്ചായത്തിന്റെ സംവരണം അതാതു സംഗതി പോലെ  പട്ടിക ജാതിക്കോ പട്ടിക വർഗത്തിനോ നൽകും. പകരം സ്ത്രീ സംവരണത്തിനായി ജനസംഖ്യ ശതമാനത്തിൽ തൊട്ടടുത്ത പഞ്ചായത്ത് എടുക്കും. നന്ദകുമാർ സി. www.lsgadministration.com 

PRESIDENTIAL SHIP OF GRAMA PANCHAYATS - RESERVATION PROCEDURE

ത്രിതല പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണല്ലോ? ഇനിയുള്ള ആകാംക്ഷ പഞ്ചായത്തുകളുടെ അദ്ധ്യക്ഷ സ്ഥാനം ഏതു വിഭാഗത്...